Sorry, you need to enable JavaScript to visit this website.

കാവൽക്കാരനും മോഷ്ടാക്കളും

പ്രതിപക്ഷത്തെ തകർത്ത് വീണ്ടും അധികാരത്തിൽ തിരിച്ചുവരാൻ പ്രധാനമന്ത്രി മോഡി കരുതിവെച്ച രണ്ടു രാഷ്ട്രീയായുധങ്ങളും കൈവിട്ടുപോകുന്നു. പാക് അതിർത്തി കടന്ന് ഭീകരതാവളത്തിനെതിരെ ബാലാക്കോട്ട് നടത്തിയ മിന്നലാക്രമണം പ്രധാനമന്ത്രിക്കും ബി.ജെ.പിക്കുമെതിരായ തിരിച്ചടിയാകുന്നു. റഫാൽ ഇടപാടിൽ പ്രതിരോധ മന്ത്രാലയത്തിലെ  ഔദ്യോഗിക രേഖകൾ 'മോഷണം'പോയെന്ന വെളിപ്പെടുത്തൽ  പ്രധാന മന്ത്രിയുടെയും ഗവണ്മെന്റിന്റെയും വിശ്വാസ്യതയെ ചോദ്യംചെയ്യുന്നു.   തെരഞ്ഞെടുപ്പിൽ മോഡിക്കെതിരായ രാഷ്ട്രീയ ആയുധവുമാകുന്നു. 
2014ൽ ലോകസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മാർച്ച് 5ന് ആയിരുന്നു. ഇത്തവണ തെരഞ്ഞെടുപ്പു പ്രഖ്യാപനം നീണ്ടുപോകുന്നു.  പതിനൊന്നാം മണിക്കൂറിലും പുതിയ പദ്ധതികളുടെ തറക്കല്ലിടലും ഉദ്ഘാടനങ്ങളുമായി മോഡി  തെരഞ്ഞെടുപ്പു പ്രചാരണത്തിലും. ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ ദേശാഭിമാനവും രാജ്യത്തോടുള്ള കൂറും ബാലാക്കോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി തെരഞ്ഞെടുപ്പുനേട്ടം കൊയ്യാനുള്ള ധൃതിയിൽ. അഞ്ചുവർഷക്കാല ഭരണത്തിന്റെ അവസാന മന്ത്രിസഭായോഗം വ്യാഴാഴ്ചയാണ് ചേർന്നത്.  
അയോധ്യ തർക്കഭൂമിപ്രശ്‌നം വെള്ളിയാഴ്ച സുപ്രിംകോടതി മൂന്നംഗ മാധ്യസ്ഥ സമിതിക്ക് വിട്ടു. ഇത് മോഡിയുടെയും ബി.ജെ.പിയുടെയും തെരഞ്ഞെടുപ്പിലെ തീവ്രഹിന്ദുത്വ അജണ്ടയ്ക്ക് അപ്രതീക്ഷിത പ്രഹരമായി. ഏഴ് പതിറ്റാണ്ടായി ഹിന്ദുക്കളും മുസ്ലിംങ്ങളും തമ്മിൽ നിലനിൽക്കുന്ന അയോധ്യയിലെ തർക്കഭൂമി പ്രശ്‌നത്തിൽ ഒത്തുതീർപ്പു ദൗത്യത്തിന് എട്ടാഴ്ച സമയപരിധിയാണ് സുപ്രിംകോടതി നിശ്ചയിച്ചിരിക്കുന്നത്. ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയിൽ സംഘ് പരിവാർ സഹയാത്രികനായ ശ്രീശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് അംഗങ്ങൾ.  
ദീർഘകാലമായി തുടരുന്ന, രണ്ടു സമുദായങ്ങളെയും വൈകാരികമായി സ്വാധീനിക്കുന്ന ഈ കേസിലെ കക്ഷികൾ യോജിച്ചാലേ മാധ്യസ്ഥ്യം വിജയിക്കൂ. അത് എളുപ്പമല്ലെന്ന് കോടതി തീരുമാനത്തിനു പിറകെ ഹിന്ദുത്വ വക്താക്കളിൽനിന്നുള്ള പ്രതികരണം വ്യക്തമാക്കുന്നു. 
തൽക്കാലം ലോകസഭാ തെരഞ്ഞെടുപ്പിൽ തീവ്രഹിന്ദുത്വ അജണ്ടയായി അയോധ്യയിലെ ശ്രീരാമക്ഷേത്ര നിർമ്മാണം ആയുധമാക്കാനുള്ള മോഡിയുടെയും ആർ.എസ്.എസിന്റെയും രാഷ്ട്രീയ അജണ്ട അപ്രതീക്ഷിതമായി സുപ്രിംകോടതി തീരുമാനം വഴി കാറ്റെടുത്തിരിക്കുകയാണ്.
പുൽവാമയിലെ ഭീകരാക്രമണം,  ഇന്ത്യൻ വ്യോമസേന ബാലാക്കോട്ട് നടത്തിയ പ്രത്യാക്രമണം,  പാക്കിസ്ഥാൻ നടത്താൻ ശ്രമിച്ച വ്യോമാക്രമണം തിരിച്ചടിച്ച് ഇന്ത്യ നടത്തിയ പ്രതിരോധം - ഇതെല്ലാം സമീപദിവസങ്ങളിൽ രാജ്യം ഒറ്റക്കെട്ടായി നേരിട്ട സംഭവങ്ങളാണ്. എന്നാൽ മോദിയും ബി.ജെ.പിയുടെ നേതാക്കളും ചരിത്രത്തിലാദ്യമായി ഇത് തെരഞ്ഞെടുപ്പ് അജണ്ടയാക്കാനും രാഷ്ട്രീയമായി മുതലെടുക്കാനുമാണ് ശ്രമിച്ചത്.  റഫാൽ വിമാന ഇടപാടു സംബന്ധിച്ച കേസിൽ പുനർവിചാരണ സംബന്ധിച്ച നടപടികൾ പ്രധാനമന്ത്രി മോഡിക്ക് തിരിച്ചടിയാകുന്നതും സുപ്രിംകോടതിയിൽ ബുധനാഴ്ച കണ്ടു.  മുമ്പ് ബൊഫോഴ്‌സ് ഇടപാടിലെന്നപോലെ പ്രശസ്ത പത്രപ്രവർത്തകൻ എൻ റാം 'ഹിന്ദു' പത്രത്തിലൂടെ റഫാൽ ഇടപാട് സംബന്ധിച്ച് തുടരുന്ന വെളിപ്പെടുത്തലുകളും രാജ്യ താല്പര്യത്തിനെതിരാണെന്ന് സുപ്രിംകോടതിയിൽ അറ്റോർണി ജനറൽ പറഞ്ഞു. 
അതിർത്തി സംഘർഷത്തെ തുടർന്ന് വർദ്ധിച്ചുവെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രിയുടെ പ്രതിച്ഛായയെ കാര്യമായി ബാധിക്കുന്ന സംഭവങ്ങളാണിവ. സുപ്രിംകോടതിക്കു മുമ്പിലെ പുനർവിചാരണാ ഹർജികളിൽ സമർപ്പിച്ച രേഖകൾ രാജ്യരക്ഷാ മന്ത്രാലയത്തിൽനിന്ന് മോഷ്ടിച്ചതാണെന്നും ഹർജി തള്ളണമെന്നുമാണ് കോടതിയോട് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ ആവശ്യപ്പെട്ടത്.  ഈ രേഖകൾ പ്രസിദ്ധീകരിച്ച എൻ റാമിനും 'ഹിന്ദു' പത്രത്തിനുമെതിരെ ഔദ്യോഗിക രഹസ്യനിയമപ്രകാരം അന്വേഷണ നടപടികൾ ആരംഭിച്ചതായും. 
കോടതിയിൽ സ്വീകരിച്ച ഈ നിലപാടിലൂടെ മോഡി സർക്കാർ അംഗീകരിക്കുന്നത് റഫാൽ ഇടപാടിലെ യഥാർത്ഥ രേഖകളാണ് പുറത്തായതെന്നാണ്.  ഇടപാടിൽ മോഡി സർക്കാറിന് ക്ലീൻചിറ്റ് നൽകിയ സുപ്രിംകോടതിയിലും പുനർവിചാരണയ്ക്ക് സമർപ്പിച്ചത് അതേ രേഖകളാണെന്നാണ്. ഈ രേഖകളെ ആശ്രയിച്ചുള്ള   റാമിന്റെ  'ഹിന്ദു'വിലെ അന്വേഷണാത്മക റിപ്പോർട്ടിലെ വസ്തുതകൾ യഥാർത്ഥമാണെന്നാണ് അറ്റോർണി ജനറൽ പറയാതെ പറയുന്നത്.
ഇതോടെ പ്രധാനമന്ത്രിയും സുപ്രിംകോടതിയുടെ റഫാൽ വിധിയും പാർലമെന്റ് പിരിയുന്ന ദിവസം ലോകസഭയുടെ മേശപ്പുറത്തുവെച്ച റഫാൽ ഇടപാടു സംബ്ധിച്ച സി.എ.ജി റിപ്പോർട്ടും ഒരുപോലെ ചോദ്യംചെയ്യപ്പെടുന്നു.  റഫാൽ ഇടപാട് ലാഭകരവും തൃപ്തികരവുമാണെന്ന് അവർ പറഞ്ഞതിനെ.  
തിടുക്കപ്പെട്ട് ഫ്രാൻസിൽനിന്ന് 36 റഫാൽ വിമാനങ്ങൾ മോഡി നേരിട്ട് കരാറാക്കിയതിൽ കോടികളുടെ  അധികച്ചെലവുണ്ടായെന്നാണ് രേഖ വെളിപ്പെടുത്തുന്നത്. നിയമമന്ത്രാലയവും ഇന്ത്യൻ കൂടിയാലോചനാ സംഘവും ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ബാങ്ക് ഗ്യാരണ്ടി നൽകാൻ ഫ്രാൻസ് തയാറാകാത്തത് വിലകൂട്ടി. കൂടിയാലോചനാ സമിതിക്ക് സമാന്തരമായി പ്രധാനമന്ത്രിയുടെ ഓഫീസിൽനിന്ന് നടത്തിയ കൂടിയാലോചനകളാണ് ഇതിന് കാരണമായതെന്ന് പ്രസ്തുത രേഖ വിശദീകരിക്കുന്നു.  പ്രധാനമന്ത്രി മോഡിയും  ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ആണ് യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് മുന്നോട്ടുവെച്ച നിർദ്ദേശങ്ങളെ അട്ടിമറിച്ച് ദസൊ വിമാനനിർമ്മാണ കമ്പനിയ്ക്ക് വൻ ലാഭമുണ്ടാക്കിയതെന്ന് ഇതോടെ വെളിപ്പെടുന്നു.
ബൊഫോഴ്‌സ് ആയുധ ഇടപാടിൽ ഔദ്യോഗിക രഹസ്യനിയമം ബാധകമല്ലേ എന്ന് സുപ്രിംകോടതി അറ്റോർണി ജനറലിനോട് ചോദിച്ചു. ഔദ്യോഗിക രേഖകൾ എന്തുകൊണ്ട്  കോടതിക്കു പരിശോധിച്ചുകൂടാ?  അഴിമതി പ്രശ്‌നത്തിൽ സർക്കാറിന് ഔദ്യോഗിക രഹസ്യനിയമത്തിന്റെ മറയിൽ രക്ഷപെടാനാകുമോ?
മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ, വാജ്‌പേയി മന്ത്രിസഭയിലെ അംഗങ്ങളായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിംഗ് എന്നിവർ നൽകിയ 
പുനഃപരിശോധനാ ഹർജി മാർച്ച് 14ന് വീണ്ടും സുപ്രിംകോടതി മുമ്പാകെവരും.
റഫാൽ വിമാനം വാങ്ങിയതിനെയല്ല പ്രതിപക്ഷം ചോദ്യംചെയ്യുന്നത്.  ആ ഇടപാടിൽ നടന്ന അഴിമതിയാണ് എന്നാണ് ഹർജിക്കാരും കേസ് ഭീഷണി നേരിടുന്ന എൻ റാമും വ്യക്തമാക്കുന്നത്.  
ബാലാക്കോട്ട് വിഷയത്തിലും വ്യോമസേനയെ ആരും സംശയിക്കുന്നില്ല.   വ്യോമാക്രമണം കഴിഞ്ഞ് സ്ഥലത്തെത്തിയ റോയ്‌ട്ടേഴ്‌സ് ലേഖകരും പ്ലാനറ്റ് ലാബ്‌സ് എടുത്ത ഉപഗ്രഹ ചിത്രങ്ങളും വ്യക്തമാക്കുന്നത് ഇന്ത്യ അവകാശപ്പെട്ടതുപോലെ ഭീകരുടെ പരിശീലനകേന്ദ്രത്തിലെ കെട്ടിടങ്ങൾ തകർന്നിട്ടില്ലെന്നാണ്. വിദേശകാര്യ മന്ത്രാലയത്തിനും പ്രതിരോധ മന്ത്രാലയത്തിനും ഉപഗ്രഹചിത്രങ്ങൾ ചൂണ്ടിക്കാട്ടി റോയ്‌ട്ടേഴ്‌സ് സന്ദേശം അയച്ചിട്ടും പ്രതികരിച്ചിട്ടുമില്ല. 
വ്യോമസേനാ മേധാവികളുടെ നിലപാട് വ്യക്തവും നൂറുശതമാനം വിശ്വസനീയവുമാണ്. തങ്ങളെ ഏൽപ്പിച്ച ലക്ഷ്യം നൂറുശതമാനവും ആക്രമിച്ചു നശിപ്പിച്ചെന്നതാണ് അവരുടെ നിലപാട്.  അവിടെ ആളുകളുണ്ടായിരുന്നോ, എത്രപേർ മരണപ്പെട്ടു എന്നതൊന്നും വ്യോമസേനയുടെ ദൗത്യത്തിൽപെട്ടതല്ല.  രഹസ്യ ഏജൻസികളുടെ നിരീക്ഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഭീകരകേന്ദ്രങ്ങൾ എന്ന നിലയിൽ അടയാളപ്പെടുത്തിയ കേന്ദ്രങ്ങൾ പിഴച്ചുപോയെങ്കിൽ അത് വ്യോമസേനയുടെ തെറ്റോ പരാജയമോ അല്ല.
കൊല്ലപ്പെട്ട ഭീകരരുടെ കണക്ക് രാജ്യരക്ഷാ മന്ത്രാലയത്തിന്റേതുമല്ല. ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ മുതലുള്ളവരാണ് കൊല്ലപ്പെട്ടവരുടെ എണ്ണം 250ഉം 300ഉം മറ്റുമായി അവതരിപ്പിച്ചത്. 
ഇതേക്കുറിച്ചുയരുന്ന  സംശയങ്ങൾ ചൂണ്ടിക്കാട്ടുകയാണ് സ്വാഭാവികമായും പ്രതിപക്ഷം ചെയ്യുന്നത്.  വിശേഷിച്ചും പ്രധാനമന്ത്രിയും ഭരണകക്ഷിയും അത് തെരഞ്ഞെടുപ്പു വിഷയമായി ഉയർത്തുമ്പോൾ.  അതിനു മറുപടി പറയുന്നതിനുപകരം അതിർത്തി കാക്കുന്ന സൈന്യത്തെ പ്രതിപക്ഷം മോഡിയെപ്പോലെ അവിശ്വസിക്കുകയും വെറുക്കുകയുമാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. 
പ്രധാനമന്ത്രിക്കു നേരെയുള്ള ചോദ്യങ്ങൾ  കൂടുതൽ വ്യാപകമാകാൻ പോകുന്നു. ഔദ്യോഗിക രഹസ്യനിയമം അനുസരിച്ച് കേസ് എടുത്തതുകൊണ്ടോ ദേശസ്‌നേഹം സ്വന്തം കുത്തകയായി ഉയർത്തിക്കാണിച്ചതുകൊണ്ടോ ചോദ്യങ്ങളെ തടയാനാവില്ല. റഫാൽ കേസിലെ പുനഃപരിശോധനാ ഹർജി അടുത്തയാഴ്ച വീണ്ടും സുപ്രിംകോടതിയിൽ വാദം തുടരും. ബൊഫോഴ്‌സ് ഇടപാടിൽനിന്നു വ്യത്യസ്തമായി റഫാൽ വാങ്ങുന്നതു സംബന്ധിച്ച് തീരുമാനം രൂപപ്പെടുത്തുന്ന ഘട്ടത്തിൽതന്നെ അഴിമതി നടന്നു എന്ന് എൻ റാം പറയുന്നു. ഇനിയും വെളിപ്പെടുത്തലുകൾ ഉണ്ടാകുമെന്നും. രഹസ്യസ്രോതസിൽനിന്നു ലഭിച്ച രേഖകൾ  പണം കൊടുത്തു വാങ്ങിയതല്ല.  അതിന്റെ സ്രോതസ് വെളിപ്പെടുത്തേണ്ടതുമില്ല. പൊതു താല്പര്യത്തിന്റെ ഭാഗമായി റഫാൽ അഴിമതി പുറത്തുകൊണ്ടുവരേണ്ടത് ചുമതലയാണ്.
പ്രധാനമന്ത്രി മോഡിതന്നെ ഇപ്പോൾ ആശയകുഴപ്പത്തിലാണ്. കഴിഞ്ഞദിവസം അദ്ദേഹം പറഞ്ഞു: അവരെല്ലാം ചേർന്ന് ഇപ്പോഴെന്നെ അപമാനിക്കുകയാണ്. പക്ഷെ, ഞാൻ ഉറപ്പുനൽകുന്നു നിങ്ങളുടെ ഈ ചൗക്കീദാർ (കാവൽക്കാരൻ) മുമ്പെന്നപോലെ ഇപ്പോഴും ജാഗ്രതയിലാണ്. 
തൊട്ടുപിന്നാലെയാണ് അറ്റോർണി ജനറൽ സർക്കാറിനുവേണ്ടി സുപ്രിംകോടതിയിലെത്തി പറഞ്ഞത്: 'രക്ഷാ മന്ത്രാലയത്തിലെ അതിരഹസ്യരേഖകൾ മോഷണം പോയിരിക്കുന്നു.'
'ഒരാളുടെ വാക്ക് ഒരാളുടെയും ഉറപ്പല്ല. നാം നിശബ്ദമായി ഇരുപക്ഷത്തേയും കേൾക്കേണ്ടതുണ്ട്.'-ഗെയ്‌ഥേ
 

Latest News