നെടുമ്പാശ്ശേരി- കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ഇന്ത്യ എക്‌സ്പ്രസ് ഗള്‍ഫിലേയ്ക്ക് കൂടുതല്‍ സര്‍വീസുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ സി.ഇ.ഒ ശ്യാംസുന്ദര്‍. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസ് നോണ്‍ സ്റ്റോപ്പ് സര്‍വീസ് നടത്തുന്നത് പരിഗണനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് നിലവില്‍ അബുദാബിയിലേക്ക് ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണുള്ളത്. ഇത് അഞ്ചായി ഉയര്‍ത്തും. കൂടാതെ മസ്‌ക്കത്ത്, ബഹ്‌റൈന്‍, കുവൈത്ത് എന്നിവിടങ്ങളിലേയ്ക്ക് ഉടന്‍ സര്‍വീസുകള്‍ ആരംഭിക്കും. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടര്‍ച്ചയായി എയര്‍ഇന്ത്യ എക്‌സ്പ്രസ് ലാഭത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജനങ്ങള്‍ക്ക് എയര്‍ഇന്ത്യ എക്‌സ്പ്രസിനോടുള്ള താല്‍പര്യമാണ് ഇത് പ്രകടിപ്പിക്കുന്നത്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 300 കോടി രൂപ ലാഭമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
നിലവില്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് 25 വിമാനങ്ങളാണുള്ളത്. ആറ് വര്‍ഷത്തിനുള്ളില്‍ വിമാനങ്ങളുടെ എണ്ണം 65 ആക്കി ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. 12 വര്‍ഷം പഴക്കമുള്ള എല്ലാ വിമാനങ്ങളും ആധുനിക രീതിയിലേയ്ക്ക് സീറ്റ് സംവിധാനം ഉള്‍പ്പെടെ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും നടന്നുവരുന്നുണ്ട്. സൂറത്തില്‍ നിന്നും ഷാര്‍ജയിലേക്ക് പുതിയ സര്‍വീസ് ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.