കൊച്ചി നഗരം പൂര്‍ണമായും സി.സി.ടി.വി നിരീക്ഷണത്തിലാക്കുമെന്ന് പുതിയ കമ്മീഷണര്‍

കൊച്ചി- സുരക്ഷയുടെ ഭാഗമായി കൊച്ചി നഗരം മുഴുവന്‍ സി.സി.ടി.വി കാമറയുടെ നിരീക്ഷണ പരിധിയിലാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് പുതിയ സിറ്റി പോലീസ് കമ്മീഷണര്‍ എസ്.സുരേന്ദ്രന്‍. കൊച്ചിയില്‍ ചാര്‍ജെടുത്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയില്‍ വന്നുപോകുന്ന വിദേശീയര്‍, സ്ത്രീകള്‍, കുട്ടികള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളുടെയും സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊതുജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള പ്രവൃത്തികളാകും പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക. പൊതുജനങ്ങളുടെ അഭിപ്രായം തേടാന്‍ പ്രത്യേക നടപടികള്‍ കൈക്കൊള്ളുന്നത് ആലോചനയിലാണ്. സമൂഹത്തില്‍ നടക്കുന്ന ഏതൊരു കാര്യവും ഉടന്‍ തന്നെ പോലീസിന് ലഭിക്കുന്നതിനുള്ള പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിക്കും. മുക്കിലും മൂലയിലും പോലീസ് സാന്നിധ്യം ഉറപ്പാക്കും.
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ സുരക്ഷ ഒരുക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പിന് മുന്നോടിയായി പോലീസ് സേനയില്‍ പല ഉദ്യോഗസ്ഥര്‍ക്കും സ്ഥലംമാറ്റം ലഭിക്കുകയും പുതിയവര്‍ ചാര്‍ജ് എടുക്കുകയും ചെയ്തുകഴിഞ്ഞു. നിലവില്‍ തുടര്‍ന്നു വന്നിരുന്ന പ്രവര്‍ത്തനങ്ങളെ ഈ മാറ്റങ്ങള്‍ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള ശ്രമം ഉണ്ടാകും. ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ്പ് കേസ് ഉള്‍പ്പെടെയുള്ള പ്രധാന സംഭവങ്ങള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷണര്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ നിലവില്‍ കമ്മീഷണറുടെ താത്കാലിക ചുമതല വഹിച്ചിരുന്ന കോസ്റ്റല്‍ പോലീസ് ഡിഐജി കെ.പി. ഫിലിപ്പില്‍ നിന്നാണ് അദ്ദേഹം ചാര്‍ജ് ഏറ്റെടുത്തത്. കൊച്ചി സിറ്റി പോലീസിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ ഭാര്യ ബിന്ദുലേഖയും മകള്‍ നൂപുരയും എത്തിയിരുന്നു. ചടങ്ങുകള്‍ക്കു ശേഷം അദ്ദേഹം ഐ.ജി ഓഫീസിലെത്തി കൊച്ചി റേഞ്ച് ഐ.ജി വിജയ് സാഖറെയുമായും കൂടിക്കാഴ്ച നടത്തി. 2005 ബാച്ചില്‍പെട്ട ഐ.പി.എസ് ഉദ്യോഗസ്ഥനായ സുരേന്ദ്രന്‍ തിരുവനന്തപുരം സ്വദേശിയാണ്.

 

Latest News