ഇസ്രായില്‍ പ്രതികാരം ഇങ്ങനേയും; ഫലസ്തീനികള്‍ അയക്കുന്ന പണം നല്‍കുന്നില്ല

ഗാസയില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഇസ്രായില്‍ നടത്തിയ വെടിവെപ്പില്‍ പരിക്കേറ്റ ബാലനെ ആശുപത്രിയിലേക്ക് മാറ്റുന്നു.

യുനൈറ്റഡ് നേഷന്‍സ്- ഇസ്രായില്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റവര്‍ക്കും തടങ്കലില്‍ കഴിയുന്നവരുടെ ആശ്രിതര്‍ക്കും ഫലസ്തീനികള്‍ അയക്കുന്ന പണം മുഴുവന്‍ ഇസ്രായില്‍ നല്‍കുന്നില്ല. ഫലസ്തീന്‍ അതോറിറ്റി നല്‍കാനുള്ള പ്രതിമാസ നികുതിയെന്ന പേരിലാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ഫലസ്തീനികള്‍ അയക്കുന്ന പണം പിടിച്ചുവെക്കുന്നത്.
ഇസ്രായില്‍ അന്യായത്തെ യു.എന്‍ രക്ഷാ സമതിയിലെ മിക്ക രാജ്യങ്ങളും എതിര്‍ത്തുവെന്ന് യു.എന്നിലെ കുവൈത്ത് അംബാസഡര്‍ മന്‍സൂര്‍ അല്‍ ഉതൈബി വാര്‍ത്താ ലേഖകരോട് പറഞ്ഞു. നിലവിലുള്ള ഉഭയകക്ഷി കരാറുകളുടെ നഗ്നമായ ലംഘനമാണ് ഇസ്രായില്‍ നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇസ്രായിലിന്റെ ഭാഗം ന്യായീകരിക്കുന്നതിന് അമേരിക്കയുടെ മിഡീസ്റ്റ് പ്രതിനിധി ജേസണ്‍ ഗ്രീന്‍ബാള്‍ട്ട് ന്യൂയോര്‍ക്കില്‍ എത്തിയിരുന്നു.
95 ശതമാനം നികുതിയും നല്‍കാന്‍  ഫലസ്തീന്‍ അതോറിറ്റി വിസമ്മതിക്കുകയാണെന്നും അത്രയും ശതമാനം തുക ഇസ്രായില്‍ പിടിക്കുന്നില്ലെന്നുമാണ് അദ്ദേഹം വിശദീകരിച്ചത്. പ്രതിമാസ നികുതിക്കായി ഇസ്രായില്‍ അഞ്ച് മുതല്‍ ഏഴു ശതമാനം വരെ മാത്രമാണ് പിടിക്കുന്നതെന്നും ഫലസ്തീന്‍ അതോറിറ്റിയെയാണ് കുറ്റപ്പെടുത്തേണ്ടതെന്നും ഗ്രീന്‍ബാള്‍ട്ട് പറഞ്ഞു.
സ്വന്തം പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള ഫലസ്തീനികളുടെ അവകാശം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് കുവൈത്തും ഇന്തോനേഷ്യയും പ്രശ്‌നം രക്ഷാസമതി മുമ്പാകെ എത്തിച്ചത്.

 

Latest News