തബൂക്കിൽ പുതിയ മേൽപാലം തുറന്നു

തബൂക്ക് പ്രിൻസ് നായിഫ് റോഡും കിംഗ് ഖാലിദ് റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിൽ വാഹന ഗതാഗതത്തിന് തുറന്നുകൊടുത്ത മേൽപാലം.

തബൂക്ക് - പ്രിൻസ് നായിഫ് റോഡും കിംഗ് ഖാലിദ് റോഡും സന്ധിക്കുന്ന ഇന്റർസെക്ഷനിൽ പുതുതായി നിർമിച്ച മേൽപാലം ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് തബൂക്ക് നഗരസഭ വാഹന ഗതാഗതത്തിന് തുറന്നുകൊടുത്തു. 
സമീപ കാലത്ത് തബൂക്ക് നഗരസഭ പൂർത്തിയാക്കിയ ഏറ്റവും പ്രധാന പദ്ധതിയാണിതെന്ന് തബൂക്ക് നഗരസഭയിലെ ബ്രിഡ്ജ്‌സ് ആന്റ് ടണൽസ് പ്രൊജക്ട്‌സ് ഡിപ്പാർട്ട്‌മെന്റ് മേധാവി എൻജിനീയർ അബ്ദുൽഹമീദ് അൽസറാഹ് പറഞ്ഞു. പ്രിൻസ് നായിഫ് റോഡിലും കിംഗ് ഖാലിദ് റോഡിലും ഗതാഗതം എളുപ്പമാക്കുന്ന പുതിയ മേൽപാലം തബൂക്കിലെ പത്തിലേറെ ഡിസ്ട്രിക്ടുകളെ പരസ്പരം ബന്ധിപ്പിക്കുന്നു. 295.5 മീറ്റർ നീളവും 18.4 മീറ്റർ വീതിയുമുള്ള പാലത്തിൽ ഇരു ദിശയിലേക്കുമുള്ള റോഡുകളിൽ മൂന്നു വീതം ട്രാക്കുകളുണ്ട്. 
സൗദി അറേബ്യയുടെ എംബ്ലമായ ഈത്തപ്പനയും രണ്ടു വാളുകളും ഉപയോഗിച്ച് അലങ്കരിച്ച ഇരുപതു തെരുവു വിളക്കു കാലുകൾ പാലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. പതിനഞ്ചു മീറ്റർ ഉയരുമുള്ള തെരുവു വിളക്കു കാലുകളിൽ നാലു വീതം ലൈറ്റുകളുണ്ട്. കൂടാതെ 25 മീറ്റർ ഉയരമുള്ള ആറു ഹൈമാസ്റ്റ് തെരുവു വിളക്കു കാലുകളും പാലത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതീകരണം അടക്കം പാലത്തിലെ മുഴുവൻ നിർമാണ ജോലികളും പൂർത്തിയാക്കിയിട്ടുണ്ട്. 
പാലത്തിനു ചുറ്റുമുള്ള റോഡുകളുടെ നവീകരണ ജോലികളാണ് ഇപ്പോൾ നടക്കുന്നതെന്നും എൻജിനീയർ അബ്ദുൽഹമീദ് അൽസറാഹ് പറഞ്ഞു. 

 

Latest News