Sorry, you need to enable JavaScript to visit this website.

ഏഴ് വിമാനങ്ങള്‍ പൂര്‍ണമായി നിയന്ത്രിച്ച് വനിതകള്‍; വനിതാ ദിനം ആഘോഷമാക്കി എയര്‍ഇന്ത്യ എക്‌സ്പ്രസ്

കൊച്ചിയില്‍നിന്ന് വനിതാ ക്രൂവിന്റെ നിയന്ത്രണത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ദുബായിലേക്ക് പുറപ്പെടുംമുമ്പ് വിമാനത്താവളത്തില്‍ ജീവനക്കാര്‍ കേക്ക് മുറിക്കുന്നു.

കൊണ്ടോട്ടി/നെടുമ്പാശ്ശേരി- വിമാനത്താവളത്തിലെ കൗണ്ടറുകള്‍ മുതല്‍ വിമാന പൈലറ്റ് വരെ സ്ത്രീകള്‍. മധുരവും പൂവും നല്‍കി യാത്രക്കാര്‍ക്ക് സ്വീകരണം... ലോക വനിതാ ദിനത്തില്‍ കരിപ്പൂര്‍, നെടുമ്പാശ്ശേരി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ റാസല്‍ഖൈമ, ദുബായ്, മസ്‌കത്ത് വിമാനങ്ങളില്‍ പോകാനെത്തിയവര്‍ക്ക് ഈ സ്ത്രീ കൂട്ടായ്മ കൗതുകവും ആവേശവുമായി.

ലോക വനിതാ ദിനത്തിലാണ് കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലും മുംബൈ, ചെന്നൈ, മംഗലാപുരം, ദല്‍ഹി എന്നിവടങ്ങളില്‍ നിന്നടക്കം ഏഴ് വിമാനങ്ങള്‍ സ്ത്രീ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് പറത്തിയത്.
വിമാനങ്ങള്‍ പുറപ്പെടുന്നതിന് മുമ്പ് മൂന്ന് വിമാനത്താവളങ്ങളിലും വിമാനങ്ങളുടെ നമ്പര്‍ രേഖപ്പെടുത്തിയ കേക്ക് മുറിച്ച് വനിതാ ദിനവും ആഘോഷിച്ചു. വിമാനത്താവളത്തിലെ കൗണ്ടറുകളും, ഗ്രൗണ്ട് ഹാന്റ്‌ലിംഗും ഏറ്റെടുത്തത് മുഴുവന്‍ സ്ത്രീകളായിരുന്നു. ഈ വിമാനങ്ങളില്‍ പോകാനെത്തിയ യാത്രക്കാരികള്‍ക്കും, കുഞ്ഞുങ്ങള്‍ക്കും പൂവും മധുരവും നല്‍കിയാണ് സ്വീകരിച്ചത്. മുംബൈ, മംഗലാപുരം, ദല്‍ഹി വിമാനത്താവളങ്ങളില്‍ നിന്ന് ദുബായിലേക്കും ചെന്നൈയില്‍ നിന്ന് സിംഗപ്പൂരിലേക്കുമാണ് വനിതാ വിമാനങ്ങള്‍ പുറപ്പെട്ടത്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ഉച്ചക്ക് 1.15 ഓടെ 186 യാത്രക്കാരുമായിട്ടാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം ദുബായിലേയ്ക്ക് വിമാനം പറന്നത്. ഈരാറ്റുപേട്ട സ്വദേശിനി ക്യാപ്റ്റന്‍ ബിന്ദു സെബാസ്റ്റ്യനായിരുന്നു വനിതാ ക്രൂവിന്റെ  നേതൃത്വം. പള്ളുരുത്തി സ്വദേശിനി മാര്‍ട്ടിന സെലീനയായിരുന്നു പ്രധാന ഓഫീസര്‍. എന്‍.നിഷ, നജ്മി നാസിര്‍, സൂര്യാ വിശ്വനാഥന്‍, ആര്യ രാജേന്ദ്രന്‍ എന്നിവരായുന്നു എയര്‍ ഹോസ്റ്റസുമാര്‍. ബിനു സജ്ഞയ് എന്‍ജിനീയറുമായിരുന്നു. വിമാനം രാത്രി ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് തിരികെ സര്‍വീസ് നടത്തിയതും ഈ വനിതകളുടെ നേതൃത്വത്തിലായിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വനിതാ ജീവനക്കാരുള്ള വിമാന കമ്പനിയാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ്. കമ്പനിയുടെ 65 ശതമാനം ജീവനക്കാരും വനിതകളാണ്. രാജ്യത്ത് ലാഭകരമായി സര്‍വീസ് നടത്തുന്ന ബജറ്റ് എയര്‍ലൈന്‍ കൂടിയാണിത്.


 

 

 

Latest News