Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വൃദ്ധയെ തലക്കടിച്ചു വീഴ്ത്തി കവര്‍ച്ച; പ്രവാസി യുവാവും യുവതിയും അറസ്റ്റില്‍

കൊച്ചി- തൃപ്പൂണിത്തുറ എരൂരില്‍ റിട്ട. അധ്യാപികയായ വയോധികയെ വീട്ടില്‍ക്കയറി തലക്കടിച്ച് വീഴ്ത്തി ആറര പവന്‍ കവര്‍ച്ച ചെയ്ത സംഭവത്തില്‍ യുവാവും യുവതിയും പോലീസ് പിടിയില്‍. കാഞ്ഞിരമറ്റം ചാലക്കപ്പാറ സ്വദേശി അബിന്‍സ് (36), തമ്മനം സ്വദേശിനി മഞ്ജുഷ (30) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമായ അബിന്‍സും രണ്ടു കുട്ടികളുള്ള മഞ്ജുഷയും കമിതാക്കളാണെന്ന് പോലീസ് പറഞ്ഞു. സ്വന്തം കുടുംബത്തെ ഉപേക്ഷിച്ച് ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നു.
കഴിഞ്ഞ മാസം 22 ന് ഉച്ചക്ക് 12.30ന് എരൂര്‍ ലേബര്‍ കോര്‍ണര്‍-വടക്കേ വൈമീതി റോഡില്‍ കൊച്ചുപുരക്കല്‍ പരേതനായ രാമന്റെ ഭാര്യ രഘുപതിയെ (78)യായണ് ഇവര്‍ തലക്കടിച്ച് വീഴിത്തി സ്വര്‍ണം കവര്‍ന്നത്. കേബിള്‍ ടി.വിയുടെ സെറ്റപ് ബോക്സ് ശരിയാക്കാന്‍ കേബിള്‍ കമ്പനിയില്‍ നിന്നും അയച്ചതെന്ന് പറഞ്ഞാണ് അബിന്‍സ് വീട്ടില്‍ കയറിയത്. മഞ്ജുഷ വീടിനു വെളിയില്‍ കാത്തുനിന്നു. രഘുപതിയല്ലാതെ മറ്റാരും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. പേപ്പറില്‍ പൊതിഞ്ഞ് കയ്യില്‍ കരുതിയിരുന്ന കമ്പിവടി ഉപയോഗിച്ചാണ് അബിന്‍സ് രഘുപതിയുടെ തലക്കടിച്ച് വീഴ്ത്തിയത്. തുടര്‍ന്ന് കഴുത്തിലെ നാലര പവന്റെ മാലയും രണ്ടു കയ്യിലും ഉണ്ടായിരുന്ന ഓരോ പവന്‍ വീതമുള്ള വളകളും ഊരിയെടുത്തു ശേഷം ഇരുവരും രക്ഷപ്പെട്ടു. പിന്നീട് എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ ആഭരണങ്ങള്‍ പണയം വെച്ച് പണവുമായി ഇരുവരും ഗുരുവായൂരിലേക്ക് പോയി. അവിടെ നാലു ദിവസം ലോഡ്ജില്‍ ഒളിച്ചു താമസിച്ചു. അന്വേഷണം മന്ദഗതിയിലായെന്ന് തോന്നിയപ്പോള്‍ എറണാകുളത്ത് തിരിച്ചെത്തി പഴയ പോലെ ഒരുമിച്ച് താമസം തുടങ്ങി.
കവര്‍ച്ച നടന്ന വീടിനു സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ സഹായകമായത്. ദൃശ്യങ്ങള്‍ പോലീസ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഗള്‍ഫില്‍ സ്വകാര്യ സ്ഥാപനത്തില്‍ ഓഫീസ് ബോയ് ആയ അബിന്‍സ് രണ്ടു മാസം മുമ്പാണ് നാട്ടിലെത്തിയത്. സുഹൃത്തിന്റെ ഭാര്യയായ മഞ്ജുഷയുമായി ഇയാള്‍ ഏറെ നാളായി അടുപ്പത്തിലായിരുന്നു. അബിന്‍സ് നാട്ടിലെത്തിയ ശേഷം ഇരുവരും മക്കളെയും കുടുംബത്തെയും വിട്ട് ഒരുമിച്ചു താമസിക്കുകയായിരുന്നു. സാമ്പത്തിക ബാധ്യത തീര്‍ക്കാനാണ് കവര്‍ച്ച ആസൂത്രണം ചെയ്തതെന്ന് ഇരുവരും പോലീസിനോട് പറഞ്ഞു.
കവര്‍ച്ച നടക്കുന്നതിന് കുറച്ചു ദിവസം മുമ്പ് അബിന്‍സ് ബൈക്കില്‍ രഘുപതിയുടെ വീടിനു മുന്നിലൂടെ വരുമ്പോള്‍ ബൈക്കിന്റെ ചെയിന്‍ തെറ്റിയെന്നും കൈ തുടക്കാന്‍ തുണിയുണ്ടോയെന്നും ചോദിച്ച് ഈ വീട്ടില്‍ കയറി. രഘുപതി തുണി നല്‍കി. കുടിക്കാന്‍ വെള്ളവും നല്‍കി. വീട്ടിലെ കാര്യങ്ങളെല്ലാം ഇയാള്‍ ആ സമയത്ത് രഘുപതിയോട് ചോദിച്ച് മനസ്സിലാക്കി. പകല്‍ സമയത്ത് വൃദ്ധ വീട്ടില്‍ തനിച്ചാണെന്ന് മനസ്സിലാക്കി, കവര്‍ച്ചക്ക് പദ്ധതി തയാറാക്കുകയായിരുന്നു. കവര്‍ച്ച നടത്തുന്നതിന് രണ്ടു ദിവസം മുമ്പും ഇരുവരും ഇതേ വീട്ടില്‍ വന്നിരുന്നുവെങ്കിലും അന്ന് സമീപത്ത് ആളുകള്‍ ഉണ്ടായിരുന്നതിനാല്‍ കേബിള്‍ നന്നാക്കാന്‍ വന്നതാണെന്ന് രഘുപതിയോട് പറഞ്ഞിട്ട് പോകുകയായിരുന്നു. 22ന് രാവിലെ പതിനൊന്നു മണിക്ക് എത്തിയെങ്കിലും കവര്‍ച്ച നടത്താനുള്ള മാനസികാവസ്ഥയിലല്ലെന്ന് അബിന്‍സ് പറഞ്ഞ് ഇരുവരും മടങ്ങിപ്പോയി. എരൂര്‍ ആനപ്പറമ്പിന് സമീപം വരെ എത്തിയപ്പോള്‍ മഞ്ജുഷ ധൈര്യം നല്‍കി. സമീപത്തെ കടയില്‍ നിന്നും ഇരുവരും നാരങ്ങാവെള്ളം വാങ്ങി കുടിച്ച ശേഷം വീണ്ടും വന്നാണ് കവര്‍ച്ച നടത്തിയത്. പ്രതികളെ എരൂരില്‍ കൊച്ചുപുരക്കല്‍ വീട്ടില്‍ കൊണ്ട്‌വന്നു തെളിവെടുപ്പ് നടത്തി. രഘുപതി അബിന്‍സിനെ തിരിച്ചറിഞ്ഞു. കവര്‍ച്ച നടത്തുന്ന സമയത്ത് വീടിനു പുറത്ത് മൊബൈല്‍ ഫോണില്‍ സംസാരിച്ചു കാവല്‍ നിന്ന മഞ്ജുഷയെ അയല്‍വാസികളും തിരിച്ചറിഞ്ഞു. ഇരുവരെയും കോടതിയില്‍ ഹാജരാക്കും.

 

Latest News