റിയാസ് മൗലവി വധം; യു.എ.പി.എ ചുമത്തുന്നത് കോടതി പരിഗണിക്കും

കാസര്‍കോട്- പഴയ ചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിചാരണ പൂര്‍ത്തിയാകുന്നതോടെ ഈ കേസില്‍ യു.എ.പി.എ ചുമത്തുന്നതു സംബന്ധിച്ച ഹരജി കോടതി പരിഗണനക്ക് എടുത്തേക്കും. കേസില്‍ പ്രതികള്‍ക്കെതിരെ യു.എ.പി.എ ചുമത്തണമെന്നാവശ്യപ്പെട്ട് റിയാസ് മൗലവിയുടെ ബന്ധുക്കള്‍ നല്‍കിയ ഹരജിയാണ് കോടതി പരിഗണിക്കുക. ഇതു സംബന്ധിച്ച് ഹൈക്കോടതിയില്‍ നേരത്തെ ഹരജി നല്‍കിയിരുന്നെങ്കിലും തീരുമാനം ജില്ലാ കോടതിക്ക് വിടുകയായിരുന്നു. ഹരജിയില്‍ വാദം കേള്‍ക്കുന്നതിനായി ഈ കേസിന്റെ വിചാരണ ഹൈക്കോടതി ഇടപെട്ട് താല്‍കാലികമായി നിര്‍ത്തിവെച്ചെങ്കിലും പിന്നീട് പുനരാരംഭിച്ചു. മുന്‍ കാസര്‍കോട് ജില്ലാ കലക്ടറും ഇപ്പോള്‍ ഇടുക്കി കലക്ടറുമായ ജീവന്‍ബാബു, അഡീഷണല്‍ ഹോം സെക്രട്ടറി ഷിംസി ജോസഫ്, തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ ഫോറന്‍സിക് വിദഗ്ധന്‍ എസ്.ആര്‍. സുരേഷ് തുടങ്ങി 88 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയായി. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെ അയ്യപ്പ നഗര്‍ ഭജന മന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), ഗംഗൈ നഗറിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരാണ് കേസിലെ പ്രതികള്‍.
2017 മാര്‍ച്ച് 21 ന് അര്‍ധരാത്രിയാണ് റിയാസ് മൗലവിയെ പള്ളിമുറിയില്‍ അതിക്രമിച്ചു കയറിയ സംഘം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. സാമുദായിക കലാപം സൃഷ്ടിക്കുകയെന്ന ഗൂഢ ലക്ഷ്യത്തോടെയാണ് കൊല നടത്തിയതെന്നാണ് കേസ്. കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ആണ് പ്രതികളെ അറസ്റ്റ് ചെയ്ത് അന്വേഷണം പൂര്‍ത്തിയാക്കിയത്.

 

Latest News