Sorry, you need to enable JavaScript to visit this website.

സീറ്റ് കിട്ടിയില്ല; കൃഷ്ണന്‍കുട്ടിക്കെതിരെ രോഷം, ജനതാദള്‍ ഇനിയെന്തു ചെയ്യും


തിരുവനന്തപുരം- ലോക്‌സഭാ സീറ്റ് ലഭിക്കാതെ വന്നതോടെ ജനതാദള്‍ എസില്‍ പൊട്ടിത്തെറി. എല്‍.ഡി.എഫ് യോഗത്തിനുശേഷം ജനതാദള്‍ എസിന്റെ നേതൃയോഗം ചേര്‍ന്നു. നേതൃയോഗത്തില്‍ പാലക്കാട് ജില്ലാ പ്രസിഡന്റ് ഒഴികെ എല്ലാവരും കെ. കൃഷ്ണന്‍കുട്ടിയെ വിമര്‍ശിച്ചു. മുന്‍മന്ത്രി ജോസ് തെറ്റയിലാവട്ടെ യോഗത്തില്‍നിന്നു ഇറങ്ങിപ്പോയി.
ദേശീയ നേതൃത്വത്തിന്റെ ആശീര്‍വാദത്തോടെ അഞ്ച് സീറ്റുകളില്‍ ഒറ്റക്ക് മത്സരിക്കണമെന്നു ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു. ആറ്റിങ്ങല്‍, കോട്ടയം, തൃശൂര്‍, വടകര, പത്തനംതിട്ട എന്നീ സീറ്റുകളിലാണ് മത്സരിക്കണമെന്ന ആവശ്യമുയര്‍ന്നത്. നീലലോഹിതദാസന്‍ നാടാരെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നും അങ്ങനെയെങ്കില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ കഴിയുമെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി. കര്‍ണാടകയിലെ കോണ്‍ഗ്രസ് സഖ്യവും ഇതിനുദാഹരണമായി ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
അതേസമയം എല്‍.ഡി.എഫ് യോഗത്തില്‍ സീറ്റാവശ്യപ്പെട്ടെന്നും സീറ്റു നല്‍കാത്തതിലെ പ്രതിഷേധം അറിയിച്ചെന്നും മന്ത്രി കെ. കൃഷ്ണന്‍കുട്ടി യോഗത്തില്‍ വ്യക്തമാക്കി. ഫാസിസ്റ്റു ശക്തികള്‍ അധികാരത്തില്‍ വരാതിരിക്കുന്നതിനാണ് മുന്നണിയില്‍ തുടരുന്നതെന്നും കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കിയെങ്കിലും വിശദീകരണത്തില്‍ തൃപ്തനാകാതെ ജോസ് തെറ്റയില്‍ യോഗത്തില്‍നിന്നു ഇറങ്ങിപ്പോവുകയായിരുന്നു.
2014 ല്‍ മത്സരിച്ച കോട്ടയം സീറ്റെങ്കിലും ലഭിക്കണമെന്നു പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും അതുപോലും ലഭിക്കാതെ മുന്നണിയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്നാണ് ഭൂരിഭാഗം അംഗങ്ങളും അഭിപ്രായപ്പെട്ടത്. 2009 ല്‍ കോഴിക്കോട് സീറ്റ് വയനാടിനോട് വെച്ചുമാറിയപ്പോള്‍ മാത്യു ടി. തോമസിനോട് മന്ത്രി സ്ഥാനം രാജിവെക്കാന്‍ ആവശ്യപ്പെട്ട കൃഷ്ണന്‍കുട്ടിയാണ് ഇപ്പോള്‍ ആ സ്ഥാനത്ത് തുടരുന്നതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. പ്രതിഷേധ സൂചകമായി കൃഷ്ണന്‍കുട്ടി മന്ത്രിസ്ഥാനത്തുനിന്നു മാറിനില്‍ക്കണമെന്നും കൃഷ്ണന്‍കുട്ടി മാറിനിന്നില്ലെങ്കില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍നിന്നു പിന്‍വലിക്കാന്‍ ദേശീയ നേതൃത്വം തയാറാവണമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. വിരേന്ദ്രകുമാര്‍ മുന്നണിയില്‍നിന്നു പുറത്തു പോയപ്പോള്‍ ഇടതു മുന്നണിയില്‍ ഉറച്ചു നിന്നവരാണ് തങ്ങളെന്നും ചില അംഗങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ തങ്ങളോട് ചിറ്റമ്മ നയമാണ് സി.പി.എമ്മും സി.പി.ഐയും സ്വീകരിക്കുന്നതെന്നും യോഗത്തില്‍ അഭിപ്രായമുണ്ടായി.

 

 

Latest News