Sorry, you need to enable JavaScript to visit this website.

ത്രികോണച്ചൂടിലുരുകാന്‍ തലസ്ഥാനം


തിരുവനന്തപുരം- മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കുമ്മനം രാജേഖരന്‍ എത്തുന്നതോടെ തലസ്ഥാനത്ത് രാഷ്ട്രീയ പോരാട്ടം കടുക്കും.
തിരുവനന്തപുരം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍  ഇതോടെ ത്രികോണ മത്സരം ഉറപ്പായി. ഒന്നിനൊന്ന് മികച്ച സ്ഥാനാര്‍ഥികളെയാണ് മൂന്ന് മുന്നണികളും രംഗത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയത്തിന് അപ്പുറത്ത് ജനങ്ങളെ സ്വാധീനിക്കാന്‍ കഴിവുള്ളവരുമാണ്.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി സി.പി.ഐയുടെ മുന്‍മന്ത്രി സി. ദിവാകരനും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മുന്‍ കേന്ദ്രമന്ത്രി  കോണ്‍ഗ്രസിലെ ശശിതരൂര്‍ എം.പി.യും ബി.ജെ.പി സ്ഥാനാര്‍ഥിയായി മുന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനും മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരനും മത്സരരംഗത്തുണ്ടാകും. എന്നാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ നാളെയും യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം പിന്നീടുമേ വരുകയുള്ളു.  സി.പി.ഐ സി. ദിവാകരനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ അദ്ദേഹം തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിച്ചു. ശശി തരൂരും മണ്ഡലത്തില്‍ സജീവമാണ്. കുമ്മനം രാജശേഖരന്‍ കൂടിയെത്തുന്നതോടെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ പൊടിപൊടിക്കും.
ലോക്‌സഭാ സ്ഥാനാര്‍ഥി പട്ടികയുടെ അവസാനവട്ട മിനുക്കുപണികള്‍ മുന്നണികള്‍ നടത്തിവരുന്നതിനിടയില്‍ കുമ്മനത്തിന്റെ സ്ഥാനാര്‍ഥിയായുള്ള വരവ് അപ്രതീക്ഷിതമാണെന്ന് പറയാം. കുമ്മനം രാജശേഖരന്റെ പേരും തിരുവനന്തപുരത്ത് പറഞ്ഞ് കേട്ടിരുന്നെങ്കിലും അദ്ദേഹം ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് മടങ്ങിയെത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. സ്ഥാനാര്‍ഥിക്കാര്യത്തില്‍ ബി.ജെ.പിക്കുള്ളിലുണ്ടായ പൊട്ടിത്തെറിയാണ് കുമ്മനത്തെ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജിവെപ്പിച്ച് സ്ഥാനാര്‍ഥിയായി കൊണ്ടുവരാന്‍ പ്രേരിപ്പിച്ചത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ളയും കെ. സുരേന്ദ്രനുമായിരുന്നു തിരുവനന്തപുരം മണ്ഡലത്തിനുവേണ്ടി ഏറ്റുമുട്ടിയിരുന്നത്. ആരും വിട്ടുവീഴ്ചക്ക് തയാറാകാതിരുന്നതോടെയാണ് കുമ്മനത്തിന് നറുക്ക് വീണത്. ഇതോടെ സംസ്ഥാനത്ത് ആദ്യമായി തിരുവനന്തപുരം മണ്ഡലത്തില്‍ പാനലായെന്നത് പ്രവര്‍ത്തകര്‍ക്കും ആവേശം പകരുന്നു.
അന്തര്‍ദേശീയ തലത്തില്‍തന്നെ അറിയപ്പെടുന്ന ശശി തരൂര്‍ എം.പി എഴുത്തുകാരന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. ബി.ജെ.പിക്ക് സംസ്ഥാനത്ത് ആദ്യമായി നിയമസഭയിലേക്ക് താമര വിരിഞ്ഞത് തലസ്ഥാനത്തെ നേമം മണ്ഡലത്തിലൂടെയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിലും തിരുവനന്തപുരത്ത് താമര വിരിയിക്കാമെന്നാണ് കണക്ക് കൂട്ടല്‍. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഒ. രാജഗോപാലുമായിട്ടായിരുന്നു ശശി തരൂര്‍ മത്സരിച്ച് വിജയിച്ചത്. ചെറിയ ഭൂരിപക്ഷത്തിനാണ് ശശി തരൂരിന്റെ വിജയം.
ശശി തരൂരാണ് വിജയം വരിച്ചതെങ്കിലും ആകെയുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നാലിടത്ത് രാജഗോപാല്‍ ഭൂരിപക്ഷം നേടിയിരുന്നു. കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, തിരുവനന്തപുരം, നേമം നിയമസഭാ മണ്ഡലങ്ങളിലാണ് രാജഗോപാല്‍ ഭൂരിപക്ഷം നേടിയത്. പാറശാല, കോവളം,നെയ്യാറ്റിന്‍കര മണ്ഡലങ്ങളാണ് ശശി തരൂരിനെ പിന്തുണച്ചത്. എല്‍.ഡി.എഫിലെ ബന്നറ്റ് എബ്രഹാമിന് ഒരു മണ്ഡലത്തില്‍പോലും ഭൂരിപക്ഷം നേടാനായില്ല. എന്നാല്‍ സി. ദിവാകരന്‍ എം.എല്‍.എ മത്സരരംഗത്ത് എത്തിയതോടെ സ്ഥിതി മാറിയിട്ടുണ്ട്. മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ളയാളാണ് ദിവാകരന്‍.
ബി.ജെ.പിക്ക് 2014ല്‍ 32.32 ശതമാനം വോട്ടിവിടെ ലഭിച്ചിരുന്നു. 2014 ല്‍ കോണ്‍ഗ്രസിലെ ശശി തരൂര്‍ 297806 വോട്ടുനേടിയപ്പോള്‍ ബി.ജെ.പി.യിലെ ഒ. രാജഗോപാല്‍ 282336 വോട്ട് കരസ്ഥമാക്കി. സി.പി.ഐയിലെ ബെന്നറ്റ് എബ്രഹാമിന് 248941 വോട്ട്മാത്രമെ നേടാനായുള്ളു. ശശിതരൂരിന് 15470 വോട്ടിന്റെ ഭൂരിപക്ഷം മാത്രം. ഇതാണ്  ആഞ്ഞുപിടിച്ചാല്‍ ഇവിടെ താമര വിരിയിക്കാനാകുമെന്ന് ബി.ജെ.പിക്ക് ആത്മവിശ്വാസം നല്‍കുന്നത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ നേട്ടമാണ് എല്‍.ഡി.എഫിന് പ്രതീക്ഷ നല്‍കുന്നത്. എല്‍.ഡി.എഫ്  കഴക്കൂട്ടം, പാറശാല, നെയ്യാറ്റിന്‍കര മണ്ഡലങ്ങളില്‍ വിജയിച്ചു. നേമം മണ്ഡലം മാത്രമെ ബി.ജെ.പിക്കൊപ്പം നിന്നുള്ളു. കോവളം, തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസും വിജയിച്ചു. രാഷ്ട്രീയ വിശ്വാസത്തിന് ഉപരിയായി വ്യക്തിത്വം നോക്കി വോട്ട് ചെയ്യുന്ന സ്വഭാവമുള്ള ജനതയാണ് തിരുവനന്തപുരം മണ്ഡലത്തിലുള്ളതെന്നതാണ് ശക്തരായ സ്ഥാനാര്‍ഥികളെ രംഗത്തിറക്കാന്‍ മൂന്ന് മുന്നണികളെയും പ്രേരിപ്പിച്ചിരിക്കുന്നത്.

 

Latest News