മാവോയിസ്റ്റ് ജലീലിന്റെ മൃതദേഹം വീടിനോട് ചേര്‍ന്ന് സംസ്കരിച്ചു


പാണ്ടിക്കാട് (മലപ്പുറം)-വയനാട് ലക്കിടിയില്‍ പോലീസിന്റെ വെടിയേറ്റ് മരണപ്പെട്ട മാവോയിസ്റ്റ് നേതാവ് സി.പി ജലീലിന്റെ മൃതദേഹം പാണ്ടിക്കാടുള്ള വീടിനോട് ചേര്‍ന്ന് സംസ്കരിച്ചു. പാണ്ടിക്കാട് മഹല്ല് കമ്മിറ്റി മൃതദേഹം പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് പാണ്ടിക്കാട് വളരാടുള്ള കുടുംബ വക സ്ഥലത്ത് സംസ്കരിച്ചത്. കനത്ത പോലീസ് കാവലിലായിരുന്നു സംസ്കാരം.  
ജലീല്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ് പാണ്ടിക്കാട് മഹല്ല് പ്രസിഡന്റ് അബ്ദുല്‍ റഷീദുമായി ബന്ധപ്പെട്ടിരുന്നു. ജലീലിന്റെ മാതാവ് ഹലീമ, ഒരു മകന്‍ അന്‍സാര്‍, അന്‍സാറിന്റെ ഭാര്യ, മക്കള്‍ എന്നിവര്‍ മാത്രമാണ് മഹല്ലില്‍ അംഗങ്ങളായിട്ടുള്ളതെന്നും മറ്റു മക്കളായ ജലീല്‍, മൊയ്തീന്‍, ഇസ്മായില്‍, റഷീദ്, ജിഷാദ് എന്നിവര്‍ നിരീശ്വര വാദികളായതിനാലാണ് മഹല്ലില്‍ ചേര്‍ക്കാതിരുന്നതെന്നും പ്രസിഡന്റ് പറയുകയായിരുന്നു. ഇവരുടെ പിതാവ് ഹംസ മരണപ്പെട്ടപ്പോള്‍ മയ്യിത്ത് നമസ്കാരത്തിന് പള്ളിയില്‍ കൊണ്ടു വന്നെങ്കിലും അന്‍സാര്‍ ഒഴികെയുള്ള മക്കളാരും പള്ളിയില്‍ പ്രവേശിക്കാന്‍പോലും തയ്യാറായില്ലെന്നും മഹല്ല് സെക്രട്ടറി അലവി ചൂണ്ടിക്കാട്ടി.  
പോലീസ് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് മഹല്ല് കമ്മറ്റി യോഗം ചേരുകയും ജലീലിന്റെ മൃതദേഹം ഏറ്റെടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.  
തുടര്‍ന്നാണ് ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ പാണ്ടിക്കാട് എത്തിച്ച മൃതദേഹം കുടുംബത്തിന്റെ വക സ്ഥലത്ത് സംസ്്കരിച്ചത്. ഇരുപതോളം വാഹനങ്ങളിലായി പോലീസ് കനത്ത സുരക്ഷയൊരുക്കിയാണ് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ആംബുലന്‍സില്‍പാണ്ടിക്കാട് എത്തിച്ചത്. യാത്രാമധ്യേ ആംബുലന്‍സ് എവിടെയും നിര്‍ത്തരുതെന്ന് പോലീസ് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
രക്തപതാക പുതപ്പിച്ച മൃതദേഹം സംസ്കരിക്കുമ്പോള്‍ സി.പി.ഐ(എം.എല്‍.) പ്രവര്‍ത്തകര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കി. നാട്ടുകാര്‍, ബന്ധുക്കള്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍ എന്നിവര്‍ സംസ്കാര ചടങ്ങില്‍ പങ്കെടുത്തു. രണ്ടു മണിക്കൂറോളം വീട്ടില്‍ പൊതുദര്‍ശനത്തിന് വച്ചശേഷമാണ് സംസ്കാരം നടത്തിയത്. ജലീലിന്റെ വീട്ടിലും കനത്ത പോലീസ് കാവലുണ്ടായിരുന്നു.   

 

 

Latest News