Sorry, you need to enable JavaScript to visit this website.

വഴി മാറുന്ന നിയമങ്ങൾ

മണിപ്പൂരിലെ ജയിലിൽ കിഷോർ ചന്ദ്ര വാങ്‌ഖെം ഏകാന്തതയുടെ നൂറ് ദിനങ്ങൾ പിന്നിട്ടുകഴിഞ്ഞു. ഈ കാലത്തിനിടെ വാങ്‌ഖെമിന്റെ പേര് മുഖ്യധാര മാധ്യമങ്ങളുടെ ഉൾപേജുകളിൽനിന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻമാരെയോ മാധ്യമ സ്വാതന്ത്ര്യത്തിന്റെ വക്താക്കളെയോ എങ്ങും കാണാനില്ല. ധർണകളും മാർച്ചുകളുമില്ല. വാങ്‌ഖെമിന്റെ പ്രിയപത്‌നിയും അടുത്ത ഏതാനും സുഹൃത്തുക്കളും മാത്രമാണ് ആ മാധ്യമ പ്രവർത്തകന്റെ മോചനത്തിനായി പോരാടുന്നത്. 
വാങ്‌ഖെ ചെയ്ത കുറ്റം: മുഖ്യമന്ത്രി എൻ. ബിരേൻ സിംഗിനേയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും വിമർശിച്ചു. ചുമത്തപ്പെട്ടത് ദേശീയ സുരക്ഷാ നിയമം(എൻ.എസ്.എ).
പലപ്പോഴും നാം ഉയർത്തിയിട്ടുള്ളതും ചിലപ്പോഴൊക്കെ വിജയിച്ചിട്ടുള്ളതുമായ ഒരു ചർച്ചക്ക് വാങ്‌ഖെം അറസ്റ്റിന്റെ പശ്ചാത്തലത്തിൽ വീണ്ടും തിരികൊളുത്തിയിട്ടുണ്ട്. നിയമങ്ങൾ വിവേചന രഹിതമായി ദുരുപയോഗം ചെയ്യുന്നതിനെക്കുറിച്ചുള്ള ചർച്ചയാണത്. പ്രധാനമന്ത്രിയെ വിമർശിക്കുന്നത് ദേശീയ സുരക്ഷയെ അപകടപ്പെടുത്തുന്ന ഒന്നാണോ? മുഖ്യമന്ത്രിയെ വിമർശിക്കുന്ന ഒരു ഫെയ്‌സ്ബുക്ക് വീഡിയോ ആണ് കിഷോർ ചന്ദ്രവാങ്‌ഖെമിനെ 2018 നവംബർ 21 ന് അറസ്റ്റ് ചെയ്യാനിടയാക്കിയത്. രാജ്യദ്രോഹക്കുറ്റമാണ് അന്ന് ചുമത്തിയത്. മണിപ്പൂരിലെ ഒരു കീഴ്‌ക്കോടതി രാജ്യദ്രോഹക്കുറ്റം ദൂരെ വലിച്ചെറിഞ്ഞതോടെ അദ്ദേഹം മോചിതനായി. എന്നാൽ പ്രതികാര മനസ്സോടെ സർക്കാർ അദ്ദേഹത്തെ നവംബർ 27 ന് വീണ്ടും അറസ്റ്റ് ചെയ്തു. ഇത്തവണ ചുമത്തിയത് എൻ.എസ്.എ വിമത ശബ്ദങ്ങളെ, എതിർപ്പുയർത്തുന്നവരെ നിശ്ശബ്ദരാക്കുക എന്ന ലക്ഷ്യത്തോടെ ഉപയോഗിക്കാനായാണ് സർക്കാരുകൾ ഇത്തരം കരാള നിയമങ്ങൾ ഉണ്ടാക്കുന്നത് എന്ന് തന്നെ തോന്നും വാങ്‌ഖെമിന്റെ അറസ്റ്റ് കാണുമ്പോൾ.
റഫാൽ രേഖകൾ പ്രസിദ്ധീകരിച്ച ദ ഹിന്ദു ദിനപത്രത്തിനും അതിന്റെ മേധാവി എൻ. റാമിനുമെതിരെ കേന്ദ്രസർക്കാർ ആയുധങ്ങൾക്ക് മൂർച്ച കൂട്ടിക്കഴിഞ്ഞു. ഔദ്യോഗിക രഹസ്യ നിയമം ഉപയോഗിച്ച് വായ മൂടിക്കെട്ടാനാണ് ശ്രമം. ഇന്നലെ എഡിറ്റേഴ്‌സ് ഗിൽഡ് പുറത്തിറക്കിയ പ്രസ്താവനയിൽ നിയമങ്ങളെ ജുഗുപ്‌സാവഹമായി ഉപയോഗപ്പെടുത്തുന്ന പ്രവണതയെ വിമർശിക്കുന്നു. എതിർശബ്ദങ്ങളെ അടിച്ചമർത്താൻ നിയമങ്ങളെ കൂട്ടുപിടിക്കുന്ന സമ്പ്രദായത്തേയും ഗിൽഡ് വിമർശിച്ചു. എൻ. റാമിന്റെ കാര്യത്തിൽ കണ്ട താൽപര്യം മണിപ്പൂരിലെ താരതമ്യേന പ്രസിദ്ധി കുറഞ്ഞ ഒരു ജേണലിസ്റ്റിന്റെ കാര്യത്തിലുണ്ടായില്ലെങ്കിലും എഡിറ്റേഴ്‌സ് ഗിൽഡ് ഉയർത്തിയ വിമർശനം ശ്രദ്ധേയവും സ്വാഗതാർഹവുമാണ്.
മുൻപും നിയമങ്ങളുടെ ദുരുപയോഗത്തെക്കുറിച്ചുള്ള വിമർശങ്ങൾ കാര്യമായി സമൂഹത്തിലുയർന്നുവരികയും ചില തിരുത്തലുകൾ വരുത്താൻ സർക്കാരുകൾ നിർബന്ധിതമാകുകയും ചെയ്തിട്ടുണ്ട്. ടാഡ പോലുള്ള കരിനിയമങ്ങൾ ഇല്ലാതാക്കുന്നതിൽ ഇത്തരം പോരാട്ടങ്ങൾ വിജയിച്ചു. യു.എ.പി.എ പോലെ എപ്പോഴും എടുത്തുവീശാവുന്ന നിയമങ്ങൾ നിലനിൽക്കുന്നുമുണ്ട്. വിവിധ സർക്കാരുകൾ അവരുടെ ഇംഗിത പ്രകാരം ഇതെല്ലാമെടുത്ത് പ്രയോഗിക്കുന്നു. 
കോടതിയലക്ഷ്യക്കേസാണ് വിമർശനങ്ങളെ അടിച്ചമർത്താൻ കോടതി ഉപയോഗിക്കുന്ന മാർഗം. സി.ബി.ഐയുടെ ഇടക്കാല ഡയറക്ടറായി നാഗേശ്വര റാവു നിയമിക്കപ്പെട്ടത് സംബന്ധിച്ച ചില ട്വീറ്റുകൾ കണക്കിലെടുത്ത് പ്രശസ്ത അഭിഭാഷകനായ പ്രശാന്ത് ഭൂഷനെതിരെ സുപ്രീം കോടതിയിൽ ഇപ്പോൾ നടന്നുവരുന്ന കോടതിയലക്ഷ്യ കേസ് ഏറ്റവും പുതിയ ഉദാഹരണം. അറ്റോർണി ജനറൽ കെ.കെ വേണുഗോപാലാണ് ഭൂഷനെതിരെ രംഗത്തു വന്നത്. സർക്കാരിന്റെ കരങ്ങൾ ഇതിന് പിന്നിലുണ്ടെന്ന് വ്യക്തം. നിരുപാധികം മാപ്പു പറയണമെന്ന ആവശ്യം പ്രശാന്ത് ഭൂഷൺ തള്ളിയിരിക്കുകയാണ്. അരുണ റോയിയും അരുന്ധതി റോയിയും ശൈലേഷ് ഗാന്ധിയുമടക്കമുള്ള സോഷ്യൽ ആക്ടിവിസ്റ്റുകൾ ഭൂഷണ് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. അരുൺ ഷൂരിയടക്കമുള്ള അഞ്ച് പ്രമുഖ മാധ്യമ പ്രവർത്തകരും സുപ്രീം കോടതിയുടെ ഇടപെടൽ തേടി രംഗത്തെത്തിയിരിക്കുകയാണ്.
സമൂഹത്തിന്റെ പ്രയാണത്തിൽ പൗരന്മാർക്ക് നീതിയും അവകാശവും സംരക്ഷിച്ചു നിർത്തുകയാണ് എല്ലാ നിയമ നിർമാണങ്ങളുടേയും അടിസ്ഥാന കർത്തവ്യം. രാജ്യത്തിന്റെ പൊതുസുരക്ഷ ഉറപ്പാക്കുക എന്നതും നിയമവ്യവസ്ഥയുടെ ലക്ഷ്യമാണ്. എന്നാൽ കാലാകാലങ്ങളായി സർക്കാരിന്റെ ഉരുക്കുമുഷ്ടി നടപ്പാക്കാനും എതിരാളികളെ നിശ്ശബ്ദരാക്കാനും നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ട്. ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു പാർട്ടിയേയോ മുന്നണിയേയോ സർക്കാരിനേയോ മാത്രമായി കുറ്റപ്പെടുത്താനാവില്ലെന്നതാണ് സത്യം.  
ദേശസുരക്ഷ, രാജ്യദ്രോഹം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങളാണ് പ്രധാനമായും ഇപ്രകാരം ദുരുപയോഗപ്പെടുത്തുന്നത് എന്നതാണ് ഖേദകരം. ഇത്തരം നിയമങ്ങൾ കർക്കശ സ്വഭാവമുള്ളവയാണ്. ജാമ്യം പോലും നൽകാതെ അനന്തകാലം പ്രതിയെ ജയിലിലടക്കാൻ അത് അധികൃതർക്ക് അനുവാദം നൽകുന്നു. സുതാര്യ ജനാധിപത്യത്തിന്റെ അടിസ്ഥാന ദർശനങ്ങൾക്ക് കടകവിരുദ്ധമാണ്  ഇത്തരം നിയമങ്ങൾ എങ്കിലും ദേശസുരക്ഷയെന്ന തുറുപ്പു ശീട്ടിൽ സർക്കാർ ഇത്തരം നിയമങ്ങളെ കാലാകാലങ്ങളായി സംരക്ഷിച്ചുപോരുന്നു.
സാമൂഹിക പ്രവർത്തകരാണ് പലപ്പോഴും ഇത്തരം നിയമങ്ങൾക്ക് ഇരയാകുന്നത്. അവരെ സാമൂഹിക ശല്യങ്ങളായാണ് സർക്കാരുകൾ പലപ്പോഴും കാണുന്നത്. ജനാഭിപ്രായത്തെ സ്വാധീനിക്കാൻ കഴിയുന്ന സാമൂഹിക, മാധ്യമ പ്രവർത്തകർ, അഭിഭാഷകർ, വിവരാവകാശ പ്രവർത്തകർ എല്ലാം ഇത്തരം ലീഗൽ ടെററിസത്തിന്റെ ഇരകളാണ്. 
എൻ.എസ്.എയുടെ ദുരുപയോഗം സമീപകാലത്ത് പല സംസ്ഥാനങ്ങളിലും ഉണ്ടായി. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ബുലന്ദ്ഷഹറിൽ പശുവിനെ കശാപ്പു ചെയ്ത മൂന്നുപേർക്കെതിരെ എൻ.എസ്.എ ചുമത്തിയ സംഭവം. ഗോഹത്യയുടെ പേരിൽ കൊലപാതകവും കലാപവും അഴിച്ചുവിട്ടവർക്കെതിരെ കേസ് പോലും എടുക്കാതെയാണ് പശുവിനെ അറുത്തവർക്കെതിരെ ദേശീയ സുരക്ഷാ നിയമം പ്രയോഗിച്ചത്. ഈ നിയമത്തിലെ വകുപ്പുകൾ ഉപയോഗിച്ച് ആളുകളെ കരുതൽ തടങ്കലിലിടുന്നതിനെതിരെ ഇടക്കാലത്ത് വലിയ പ്രക്ഷോഭങ്ങൾ ഉയർന്നുവരികയുണ്ടായി. 
39 വർഷം പഴക്കമുള്ളതാണ് ദേശീയ സുരക്ഷാ നിയമം. ഇന്ത്യൻ ക്രിമിനൽ ജസ്റ്റിസ് സംവിധാനത്തിൽ ഈ നിയമത്തിലെ പഴുതുകൾ ഉപയോഗിക്കാൻ സർക്കാരുകൾക്ക് എളുപ്പം കഴിയുന്നു എന്നതാണ് വലിയൊരു പോരായ്മ. പ്രത്യേകിച്ച് കുറ്റമൊന്നും ചുമത്താതെ തന്നെ പൗരന്മാരെ ഒരു വർഷം വരെ തടങ്കലിലിടാമെന്നതാണ് ഇതിലൂടെ സംഭവിക്കുന്നത്. നിയമപരവും ഭരണഘടനാപരവുമായി പൗരന്മാർക്ക് ലഭിക്കേണ്ട അവകാശങ്ങൾ ഇത് ഇല്ലാതാക്കുന്നു. അവകാശസംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട നിയമം അവകാശ ലംഘനത്തിന് ഉപയോഗിക്കപ്പെടുന്ന വിചിത്രമായ കാഴ്ചയാണിത്.
നിയമം മാർഗദർശനത്തിനുള്ള ഉപകരണമാണെന്നും മനുഷ്യന്റെ സ്വാതന്ത്ര്യത്തേയോ അവകാശത്തെ ഹനിക്കാനുള്ളതല്ലെന്നുമുള്ള തിരിച്ചറിവാണ് ഇത്തരം ദുരുപയോഗങ്ങളിലൂടെ വ്യക്തമാകുന്നത്. നിയമം നിർമിക്കുക മാത്രമല്ല അത് കൃത്യമായും ശരിയായും ഉപയോഗിക്കപ്പെടുന്നു എന്നും ഉറപ്പു വരുത്താനുള്ള ബാധ്യത ജനാധിപത്യ സർക്കാരുകൾക്കുണ്ട്. എന്നാൽ കോടതികളുടെ ഇടപെടൽ പോലും അസാധ്യമാക്കി പലപ്പോഴും പൗരാവകാശങ്ങൾ ഉന്മൂലനം ചെയ്യാൻ ഇതേ നിയമങ്ങൾ തന്നെ പ്രയോഗിക്കുമ്പോൾ, നിയമ നിർമാണത്തിന്റെ പാവനതയാണ് നഷ്ടമാകുന്നത്. 
1980 ൽ ഇന്ദിരാഗാന്ധിയാണ് ദേശീയ സുരക്ഷാ നിയമം കൊണ്ടുവന്നത്. അതിന് മുമ്പ് നിലവിലുണ്ടായിരുന്ന ദേശീയ സുരക്ഷാ ഓർഡിനൻസിന്റെ ചുവട് പിടിച്ചായിരുന്നു പുതിയ നിയമം വന്നത്. 1984, 1985, 1988 വർഷങ്ങളിൽ നിയമത്തിൽ സർക്കാരിന്റെ പിടി കടുപ്പിക്കുന്ന തരത്തിലുള്ള ഭേദഗതികൾ കൂട്ടിച്ചേർക്കപ്പെട്ടു. പഞ്ചാബിലും ചണ്ഡീഗഢിലുമാണ് നിയമം അക്കാലത്ത് കൂടുതൽ പ്രയോഗിക്കപ്പെട്ടത്. ജമ്മു കശ്മീർ ഒഴികെയുള്ള രാജ്യത്തിന്റെ ഇതര ഭാഗങ്ങളിലായിരുന്നു നിയമത്തിന് സാധുതയുള്ളത്. കശ്മീരിലാകട്ടെ, കൂടുതൽ കർക്കശമായ മറ്റൊരു നിയമം നിലവിലുണ്ടായിരുന്നു. 
കിഷൻ ചന്ദ്ര വങ്‌ഖെയിലേക്ക് തന്നെ വരാം. സർക്കാരിനെ വിമർശിച്ചതിന് ദേശീയ സുരക്ഷാ നിയമത്തിന്റെ ഇരയായി മാറിയ വങ്‌ഖെക്ക് പിന്തുണയുമായി അദ്ദേഹം ഉൾപ്പെടുന്ന മാധ്യമ സമൂഹം പോലും കാര്യമായി രംഗത്തെത്തിയില്ല എന്നതാണ് സങ്കടകരമായ വസ്തുത. നിയമ പോരാട്ടവുമായി രംഗത്തുള്ള അദ്ദേഹത്തിന്റെ ഭാര്യക്കും സുഹൃത്തുക്കൾക്കും ഏറ്റവും വിഷമമുണ്ടാക്കുന്നതും അതു തന്നെ. ദേശീയ തലത്തിൽ ഈ വിഷയം ഉയർത്തിക്കൊണ്ടുവരുന്നതിൽ മാധ്യമങ്ങൾ പരാജയപ്പെട്ടു എന്ന് അവർ കരുതുന്നു. എല്ലാ കാര്യത്തിലും അവഗണിക്കപ്പെടുകയും ദേശീയ മുഖ്യധാരയിൽനിന്ന് ഒഴിവാക്കപ്പെടുകയും ചെയ്യുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ദൈന്യമാണ് വാങ്‌ഖെയുടെ ഭാര്യ രഞ്ജിതയുടെ വാക്കുകളിൽ. പ്രസ് കൗൺസിലും ഇന്ത്യൻ യൂനിയൻ ഓഫ് ജേണലിസ്റ്റും ഒക്കെ ആദ്യം ചില പ്രസ്താവനകൾ നടത്തിയെങ്കിലും പിന്നീട് മുന്നോട്ട് വരാതിരുന്നത് എന്തുകൊണ്ടാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല. എങ്കിലും രഞ്ജിത പോരാടുകയാണ് -ഇന്ത്യയുടെ ജനാധിപത്യ മനസ്സും നിയമത്തിലുള്ള വിശ്വാസവും തന്റെ പോരാട്ടത്തിന് കരുത്തു പകരുമെന്ന ഉറച്ച വിശ്വാസത്തോടെ. വൈകിയെങ്കിലും മണിപ്പൂരിലെ ഈ ധീരനായ മാധ്യമ പ്രവർത്തകനായി ദേശീയ മാധ്യമങ്ങളുടെ ശബ്ദമുയരുമെന്ന് തന്നെ കരുതാം.

Latest News