ബാലാകോട്ട് ആക്രമണത്തിൽ മരണം എത്രയാണെന്ന വാഗ്വാദം അവസാനിക്കണമെങ്കിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിയണം. ബയോ കെമിസ്ട്രിയിൽ ബിരുദമുള്ളയാൾക്ക് സംഖ്യകൾ എണ്ണുന്നതിൽ മിടുക്കുണ്ടാകണമെന്നില്ല. നോട്ടു പിൻവലിക്കൽ കാലത്ത് എണ്ണിത്തീർക്കാൻ പറ്റാത്ത കറൻസികളുടെ കാര്യം പോലെ തന്നെ. ബയോ കെമിസ്ട്രി വേറെ, ഗണിതം വേറെ. 250 പേർ മരിച്ചെന്ന് ഷാജി പറയുമ്പോൾ അതൊരു ഏകദേശ കണക്കാണെന്ന് നിർമലാ സീതാരാമൻജി. വകുപ്പ് മന്ത്രി പറയുന്നതല്ലേ കണക്ക്? വി.കെ. സിംഗ് പറയുന്നതും 'ഏകദേശ'മെന്നാണ്. എണ്ണിയാൽ തീരാത്തത്ര സംഖ്യയെയാണ് നമ്മൾ പണ്ട് കാക്കത്തൊള്ളായിരം എന്നും മണ്ണുത്തൊള്ളായിരം' എന്നുമൊക്കെ വിളിച്ച് സമാധാനിച്ചിരുന്നത്. അതിൽ ആദ്യത്തേതിനെ ഒരു മലയാള സംവിധായകൻ തന്റെ ചിത്രത്തിനു പേരിട്ടു മാനം കെടുത്തി. തൊള്ളായിരം പോയിട്ട്, തൊണ്ണൂറു ഷോ'കൾ പോലും നടത്താതെ 'കാക്കത്തൊള്ളായിരം' പെട്ടിക്കുള്ളിലേക്ക് മടങ്ങി യാത്രയായി.
'പൂഴി'യെത്ര എന്ന് എണ്ണാൻ കഴിയാത്തതു പോലുള്ള സംഖ്യയാണ് 'മണ്ണുത്തൊള്ളായിരം' വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നു വിളിച്ചുകൂവി നടക്കുന്നതു കാണാം. ശരിയല്ലേ? കൃത്യമായ ഭൂരിപക്ഷം എങ്ങനെ നേരത്തെ അറിയാൻ കഴിയും? പക്ഷേ, അതു പോലെയല്ല ഇന്ത്യ - പാക് സംഘർഷം. മിണ്ടാപ്രാണിയായി ഒതുങ്ങിക്കഴിയാൻ തീരുമാനിച്ചിരുന്ന ആന്റണി മാഷ് പോലും ബാലാകോട്ടിലെ സംഖ്യയിൽ കയറിപ്പിടിച്ചാണ് പ്രത്യാക്രമണം അഴിച്ചുവിട്ടിരിക്കുന്നത്. മോഡി കിഴക്കും ഷാജി പടിഞ്ഞാറുമായി ഓട്ടം തന്നെ. മറുപടി പറയാൻ നാവു പൊങ്ങുന്നില്ല. അതാണ് പ്രശ്‌നം നിർമലാജിക്ക് വിട്ടുകൊടുത്തത്. അവർ പ്രതിപക്ഷത്തെ മറുപടിക്കാര്യത്തിൽ കൊമ്പുകുത്തിക്കുകയാണെങ്കിൽ, ഒരു 'ഷുവർ സീറ്റ്' സമ്മാനമായി ലഭിക്കുമെന്നാണറിവ്. ഇതിനിടയിൽ മോഡി സത്യം പറയണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടിരിക്കുന്നു. കുഞ്ഞൂഞ്ഞച്ചായാൻ ശുദ്ധാത്മാവു തന്നെ. അതിന് വെളുത്ത കാക്ക മലർന്നു പറക്കണം. സത്യം പറയണം പോലും!
**** ****
സി.പി.ഐ രണ്ട് എമ്മെല്ലേമാരെ കൂടി എം.പി സ്ഥാനത്തേക്ക് മത്സരിക്കാൻ കൂടുതുറന്നുവിട്ടിരിക്കുന്നു! നഷ്ടപ്പെടാൻ ഒന്നുമില്ലാത്തവർക്ക് കിട്ടാനുള്ളത് എന്തായാലും മെച്ചമായിരിക്കും എന്നാണ് പ്രതീക്ഷ. പണ്ട് കമ്യൂണിസ്റ്റുകാരെല്ലാം ഒന്നായിരുന്ന കഴിഞ്ഞ നൂറ്റാണ്ടിൽ, കാൽച്ചങ്ങലകൾ വെട്ടിയെറിഞ്ഞും, 'നഷ്ടപ്പെടുവാൻ വിലങ്ങുകൾ കിട്ടാനുളളതു പുതിയൊരു ലോകം' എന്നു പാടിയും നടന്ന കാലമല്ല ഇന്നത്തേത്. ഇന്നു നേതാക്കൾക്കു നഷ്ടപ്പെടാൻ പലതുമുണ്ട്. പാർട്ടിക്കാകട്ടെ ഒന്നുമില്ല. കഴിഞ്ഞ ലോക്‌സഭയിൽ ഇന്ത്യൻ (വലതു) കമ്യൂണിസ്റ്റ് പാർട്ടിക്ക് നീലക്കൊടുവേലി പോലെ അത്യപൂർവമായ ഒരു എം.പിയുണ്ടായിരുന്നതു തൃശൂരിൽനിന്നുള്ള സി.എൻ. ജയദേവനാണ്. അന്ന് ജയിച്ചു പോയ കുറ്റത്തിനാകണം, ഇത്തവണ സീറ്റു കൊടുത്തില്ല. ഒരു പക്ഷേ ഇത്തവണയും ജയിച്ചാലോ? അങ്ങനെയുള്ള ബൂർഷ്വാ പ്രവണതയ്ക്ക് പാർട്ടി ഒരുക്കമല്ല. അതുകൊണ്ടു തന്നെയാണ് സംസ്ഥാന മേജർ ജനറൽ കാനം രാജേന്ദ്രൻ മത്സരിക്കണ്ട എന്നു നിലപാടെടുത്തതും. കാനത്തിന്റെ പേര് വീണതു തന്നെ 'വറ ചട്ടി'യിലാണ്. തിരുവനന്തപുരം ഡോ. ശശി തരൂർ എന്നു കേൾക്കുമ്പോഴേ വിറയലാണ്. കഴിഞ്ഞ തവണ ഒരു ബെനഡിക്ട് ഇരുപതു ലക്ഷവും പിന്നെ ബ്ലാക്മണിയായി 'അല്ലറ ചില്ലറ'യും കൊടുത്തപ്പോൾ പാർട്ടി ആ സീറ്റുണ്ടു വിട്ടുകൊടുത്തു. ഒരു തലവേദന ഒഴിവാക്കാനായിരുന്നു. ജയിക്കുമെന്ന് സ്വപ്‌നവും കണ്ടു. അതിഗംഭീരമായി തോറ്റു മൂന്നാം സ്ഥാനത്തെത്തി. അന്ന് ഒന്നു രണ്ടു നേതാക്കൾ ആശ്വസിച്ചത് ഇങ്ങനെയാണ്- പോട്ടെ, ആശ്വാസമായി നമ്മളെങ്ങാനും കേറി മത്സരിച്ചിരുന്നെങ്കിലോ? അഞ്ചാം സ്ഥാനത്താകുമായിരുന്നില്ലേ?
അങ്ങനെ ആശ്വസിച്ച് എ.സി മുറിക്കുള്ളിൽ ഒതുങ്ങിയ ഒരാളെ പിടിച്ച് ഇത്തവണ 'ധർമയുദ്ധ'ത്തിനു മുന്നിൽ നിർത്തിയിരിക്കുന്നു. സഖാവ് സി. ദിവാകരൻ. സഖാവ് ഒരു 'ജയന്റ് കില്ലറാ'ണെന്നാണ് സ്വയം വിലയിരുത്തിയിട്ടുള്ളത്. ഇലക്ഷൻ ഫണ്ട് ശേഖരണത്തിൽ അദ്വിതീയൻ! 'നാക്കു പിഴയിൽ അഗ്രഗണ്യൻ! പണ്ട് അരി കിട്ടാതായപ്പോൾ, കോഴിമുട്ടയും ഇറച്ചിയും കഴിക്കണമെന്ന് റേഷൻ കാർഡുടമകളെ നോക്കി ആഹ്വാനം ചെയ്ത മുൻ മന്ത്രി! 'റൊട്ടി' കിട്ടാനില്ലെന്നു പറഞ്ഞു വിലപിച്ച ജനം 'കേക്കു' കഴിക്കട്ടെ എന്നു പറഞ്ഞ ഫ്രഞ്ചു രാഞ്ജിയെ ഓർമിപ്പിക്കുന്ന പ്രതിഭ! തരൂരും ദിവാകരനും ഉറപ്പായി. ഇനി ഒരാൾ കൂടി വന്നെത്തിയാൽ തിരുവനന്തോരത്തെ കളി ഗംഭീരമാകും! സദ്യ കുശാലാകും! അത് ശ്രീധരൻപിള്ളയോ കുമ്മനോ? കാത്തിരിക്കാം!
**** **** ****
തമിഴ്‌നാട്ടിൽ ശിങ്കവും പുലിയും ഒരേ കൂട്ടിൽ ഇറങ്ങി മുന്നണിയുണ്ടാക്കുമോ? നടുക്ക് റിംഗ് മാസ്റ്ററെ പോലെയാണെങ്കിലും മുട്ടുവിറച്ചു നിൽക്കുന്നതു കോൺഗ്രസാണ്. ഡി.എം.കെയും അണ്ണാ ഡി.എം.കെ.യും തമ്മിൽ സീറ്റ് ചർച്ച എന്നു പറഞ്ഞ് വിദേശ ചാനലിന്റെ ഇന്ത്യൻ പതിപ്പ് ദിവസേന വെടിപൊട്ടിക്കുകയാണ്. അവസാനം റിംഗിൾ നടക്കുന്ന സീറ്റ് വിഭജനം പൂർത്തിയാകുമ്പോൾ കോൺഗ്രസിന്റെ പല്ലും നഖവും ലേശം തലമുടിയുമെങ്കിലും നിലത്തു കിടക്കുന്നതു കാണാനുണ്ടാകുമോ ആവോ! സ്ഥലം തമിഴ്‌നാടാണ്. മാനം മര്യാദയായി പാലക്കാടു വഴി കേരളത്തിലേക്കു പോരുന്നതാണ് കോൺഗ്രസിനു നന്ന്. യാത്ര രാത്രിയിലാകം. പകൽ സൂര്യാഘാതമേൽക്കാൻ സാധ്യതയുണ്ട്. കേരളാ കോൺഗ്രസ് ആകപ്പാടെ ജ്വലിച്ചു നിൽക്കുകയാണ്.
**** **** ****
സിനിമാ നടൻ ഇന്നസെന്റ് ഏഴാം ക്ലാസു പരീക്ഷയെഴുതിയ ശേഷം ഇന്നു വരെയും രാഷ്ട്രീയക്കാരനാണ്. സോഷ്യലിസ്റ്റ് പാർട്ടിയിലായിരുന്നു കമ്പം. അത് കമ്യൂണിസ്റ്റുപാർട്ടിയിലേക്ക് അടക്കുന്നതിന്റെ ആദ്യ ചുവടാണ്. പണ്ട് പണ്ട് കോൺഗ്രസിൽനിന്നും സോഷ്യലിസ്റ്റു കോൺഗ്രസുണ്ടായതും അതിൽ നിന്നു ക്രമേണ കമ്യൂണിസ്റ്റുകാരുണ്ടായതുമൊക്കെ ചരിത്രം പഠിച്ചവർക്കു മാത്രമേ അറിയൂ. ഇന്നസെന്റിന് അതറിയാം. ആളത്ര ഇന്നസെന്റല്ലാത്തതിനാൽ, ഇത്തവണയും സ്ഥാനാർഥി നിർണയ ചർച്ച തുടങ്ങും മുമ്പ് 'ഓടുന്ന നായയ്ക്കു ഒരു മുഴം മുമ്പേ' എന്ന കീഴ്‌വഴക്കമനുസരിച്ച് ഒന്നു നീട്ടിയെറിഞ്ഞു പാർട്ടി പറഞ്ഞാൽ മത്സരിക്കാൻ തയാറാണെന്ന്. ഇതേ നിഷ്‌കളങ്കൻ തന്നെയാണ് ഒരു കൊല്ലം മുമ്പ് കണ്ണിൽ കണ്ട മാധ്യമങ്ങളോടൊക്കെ പ്രഖ്യാപിച്ചത്, ഇനിയൊരങ്കത്തിനു ബാല്യമില്ല, ആരോഗ്യ പ്രശ്‌നങ്ങളും മറ്റുമൊക്കെയുണ്ടെന്ന്, അതാണ് നല്ല രാഷ്ട്രീയക്കാരന്റെ ലക്ഷണം. നല്ല വ്യാപാരിയുടെയും 'കാറ്റുള്ളപ്പോൾ തൂറ്റുക' ഇന്നസെന്റ് തൂറ്റി. ചാലക്കുടി ദാ വീണ്ടും വീണു കിട്ടി!
സിനിമാതാരങ്ങളെ മത്സരിപ്പിച്ചാൽ ഒരു ഗുണമുണ്ട്, തെരഞ്ഞെടുപ്പ് ചെലവു മുഴുവനും അവർ വഹിച്ചോളും! നമ്മൾ ബക്കറ്റ് പിരിവിന് ഇറങ്ങേണ്ട! അതേസമയം, പാർട്ടി പറഞ്ഞാൽ എന്നു ദിവസേന ഉരുവിട്ടുനടക്കുന്ന മറ്റു ചിലരുണ്ട്. ങേ ഹേ! കോടിയേരിയും കൂട്ടരും കണ്ട ഭാവമില്ല. ഉദാഹരണത്തിന് കൊച്ചിദേശത്തെ പ്രമുഖ വക്കീലും സാംസ്‌കാരിക നായകനുമൊക്കെയായ സെബാസ്റ്റ്യൻ പോൾ! എന്തു ചെയ്യാം! അത്രേം നല്ല വരെയൊന്നും താങ്ങാനുള്ള കഴിവ് ഇപ്പോൾ പാർട്ടിക്കില്ല. പശ്ചിമ ബംഗാളിൽ കോൺഗ്രസുമായി സീറ്റു ധാരണയുണ്ടാക്കിയതു പോലും, അവരത്ര നല്ലവരല്ല എന്നു നമ്മൾ പണ്ടേ പാടി നടക്കുന്നതിനാലാണ്. ഇക്കാലത്ത് അതാണ് സുഖം!