തിരുവനന്തപുരം- പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ തൊളിക്കോട് ജമാഅത്ത് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിയെ (37) പതിനാല് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. അല്‍ഖാസിമിയും സഹായി പെരുമ്പാവൂര്‍ സ്വദേശിയും ബന്ധുവുമായ ഫാസില്‍ (38) എന്നയാളും ഒളിവില്‍ കഴിഞ്ഞത് വേഷം മാറിയായിരുന്നു.
സംഭവത്തിനു ശേഷം ഇമാം വേഷം മാറി പതിനാറോളം സ്ഥലങ്ങളില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിശാഖപട്ടണം, ഊട്ടി, കോയമ്പത്തൂര്‍ എന്നീ സ്ഥലങ്ങളിലാണ് ഇമാമും ഡ്രൈവറായി സഹായത്തിനെത്തിയ ഫാസിലും താമസിച്ചിരുന്നത്. ഇമാമിന്റെ ശരിയായ വേഷം ഉപേക്ഷിച്ച് തലമുടിയും ദീക്ഷയും വെട്ടി, ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ആരും ശ്രദ്ധിക്കാത്ത തരത്തിലായിരുന്നു ജീവിതം.
ഫെബ്രുവരി രണ്ടിന് സ്കൂള്‍ വിട്ടിറങ്ങിയ കുട്ടിയെ വിതുര പട്ടന്‍കുളിച്ചപാറ വനപ്രദേശത്ത് ഇന്നോവ കാറില്‍ കയറ്റിയാണ് പീഡിപ്പിച്ചത്. സംഭവം പുറത്തായതോടെ ഇമാം നാടുവിടുകയായിരുന്നു. ഇമാമിനെ പോലീസ് പിടികൂടാത്തതില്‍ നാട്ടില്‍ പ്രതിഷേധം ശക്തമായിരുന്നു. ചൈല്‍ഡ് വെല്‍ഫെയറിന്റെ സംരക്ഷണയിലുള്ള കുട്ടിയെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് രക്ഷിതാക്കള്‍ ഹൈക്കോടതിയെ സമീപിച്ചതോടെ കേസില്‍ കോടതി ശക്തമായി ഇടപെട്ടു. ഇതോടെ പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
ഇമാമിന്റെ പുതിയ മൊബൈല്‍ നമ്പര്‍ പിന്തുടര്‍ന്നപ്പോള്‍ ആദ്യം കിട്ടിയ ലൊക്കേഷന്‍ ഊട്ടിയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തുന്ന സ്ഥലത്തു നിന്നും ഇമാം കടന്നു കളഞ്ഞു. പിന്നീട് മധുരയില്‍ ഉണ്ടെന്നറിഞ്ഞ് എത്തിയ പോലീസിന് ആദ്യം പിടികൂടാന്‍ കഴിഞ്ഞില്ല. രണ്ടാമത്തെ പ്രാവശ്യം മധുരയിലെത്തിയപ്പോഴാണ് വാടകക്കെടുത്ത വെള്ള സെലോറിയ കാര്‍ ലോഡ്ജിനു മുന്നില്‍ കിടക്കുന്നത് ശ്രദ്ധയില്‍പെട്ടത്. ഇക്കാര്യം ഷാഡോ പോലീസ് അന്വേഷണ ഉദ്യോഗസ്ഥരെ ധരിപ്പിക്കുകയും റൂറല്‍ ജില്ലാ പോലീസ് മേധാവി ബി. അശോകനും, റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി.അശോകനും ഉള്‍പ്പെട്ട അന്വേഷണ സംഘം എത്തി പ്രതിയെ പിടികൂടുകയുമായിരുന്നു. ഇയാള്‍ കുറ്റം സമ്മതിച്ചതായി എസ്.പി അശോകന്‍ പറഞ്ഞു.
ഇരയുടെ പേര് വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം മറികടന്ന് സോഷ്യല്‍ മീഡിയയില്‍ മൂന്നു സ്ഥലങ്ങളില്‍ ഇരയുടെ പേര് വെളിപ്പെടുത്തുന്ന രീതിയില്‍ യൂ ട്യൂബില്‍ ഓഡിയോ ക്ലിപ് ഇട്ടതിനും ഇമാമിനെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ ഒളിപ്പിച്ചുവെന്ന കുറ്റത്തിനാണ് ഫാസിലിനെതിരെ കേസ്.
സംഭവുമായി ബന്ധപ്പെട്ട് ഇമാമിനെ ഒളിപ്പിച്ചിരുന്ന സഹോദരി ഭര്‍ത്താവ് പെരുമ്പാവൂര്‍ സ്വദേശി അല്‍ അമീന്‍ കോടതി ജാമ്യത്തിലാണ്. റാഫി, ഷഫീക്ക് എന്നിവരുള്‍പ്പെടെ മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മുന്‍ ഇമാമിനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മെഡിക്കല്‍ പരിശോധനക്ക് വിധേയമാക്കി. വൈകിട്ട് നെടുമങ്ങാട് ഫയലിംഗ് കോടതിയില്‍ ഹാജരാക്കി. ഇയാളെ കസ്റ്റഡിയില്‍ ലഭിക്കുന്നതിന് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്.