അവര്‍ വഴിതെറ്റിയവര്‍; കശ്മീരികളെ ആക്രമിച്ചവരെ തള്ളിപ്പറഞ്ഞ് മോഡി

കാണ്‍പൂര്‍- ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ കശ്മീരി സഹോദരങ്ങളെ ആക്രമിച്ചത് വഴിതെറ്റിക്കപ്പെട്ടരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി.  കശ്മീരികളെ ആക്രമിക്കുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാരുകള്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തിന്റെ ഐക്യം സംരക്ഷിക്കേണ്ടത് സുപ്രധാന കാര്യമാണെന്ന് പ്രധാനമന്ത്രി ഉണര്‍ത്തി.
വഴിതെറ്റിക്കപ്പെട്ട ആളുകളാണ് കശ്മീരി കച്ചവടക്കാരെ ആക്രമിച്ചത്. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ഉടന്‍തന്നെ ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തയ്യാറായതായി മോഡി ചൂണ്ടിക്കാട്ടി.  കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്‌നാഥ് സിങും കശ്മീരികള്‍ക്കെതിരായ അക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.
ബുധനാഴ്ചയാണ് ലഖ്‌നൗവില്‍ കാവി വേഷധാരികള്‍ െ്രെഡഫ്രൂട്ട് വില്‍പ്പനക്കാരായ കശ്മീരികളെ ആക്രമിച്ചത്. ഇതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. വീഡിയോ വ്യാപകമായി പ്രചിച്ചതോടെ വിശ്വ ഹിന്ദു ദള്‍ എന്ന സംഘപരിവാര്‍ സംഘടനയുടെ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പുല്‍വാമയിലെ ഭീകരാക്രമണത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കശ്മീരികള്‍ക്ക് നേരെ വ്യാപകമായ ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെയും കശ്മീരികള്‍ക്കെതിരായ ആക്രമണത്തെ പ്രധാനമന്ത്രി അപലപിച്ചിരുന്നു. നമ്മുടെ പോരാട്ടം കശ്മീരിന് വേണ്ടിയാണെന്നും കശ്മീരികള്‍ക്ക് എതിരല്ലെന്നും പ്രധാനമന്ത്രി ഓര്‍മിപ്പിച്ചിരുന്നു.

 

Latest News