Sorry, you need to enable JavaScript to visit this website.

ലോക്‌സഭ: കോണ്‍ഗ്രസിന്റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സോണിയയും രാഹുലും

ന്യുദല്‍ഹി- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പ്രസിദ്ധീകരിച്ചു. ഉത്തര്‍ പ്രദേശിലെ 11 സീറ്റിലും ഗുജറാത്തിലെ നാലു സീറ്റിലും മത്സരിക്കുന്നവരുടെ പേരുകളാണ് പ്രഖ്യാപിച്ചത്.  പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സ്വന്തം തട്ടകമായ അമേത്തിയിലും യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി റായ്ബറേലിയിലും ഇത്തവണയും മത്സരിക്കും. ജനുവരിയില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി നിയമിതയായ പ്രിയങ്കാ ഗാന്ധി റായ്ബറേലിയില്‍ നിന്ന് സോണിയയ്ക്കു പകരം ജനവിധി തേടുമെന്നും സോണിയ തെരഞ്ഞെടുപ്പു മത്സര രംഗത്തു നിന്നും വിരമിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. ആദ്യ പട്ടിക വന്നതോടെ പ്രിയങ്ക ഇവിടെ മത്സരിക്കില്ലെന്നുറപ്പായി.

യുപിയിലെ 80 ലോക്‌സഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന് നേരത്തെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്തി ബിഎസ്പി-എസ്പി സഖ്യം 78 സീറ്റില്‍ മത്സരിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഇത്. ഈ സഖ്യത്തിനാണ് യുപിയില്‍ ജയസാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഈ സഖ്യം അമേത്തിയും റായ്ബറേലിയും മാത്രമാണ് കോണ്‍ഗ്രസിനു വേണ്ടി ഒഴിച്ചിട്ടത്.

കോണ്‍ഗ്രസിന്റെ ആദ്യ ലിസ്റ്റില്‍ ഇടം നേടിയ മറ്റൊരു പ്രമുഖന്‍ മുന്‍ കേന്ദ്രമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് ആണ്. ഫാറൂഖാബാദില്‍ ഖുര്‍ഷിദ് മത്സരിക്കും. 2014-ല്‍ ഖുര്‍ഷിദ് ഇവിടെ പരാജയപ്പെട്ടിരുന്നു.

Latest News