Sorry, you need to enable JavaScript to visit this website.

ഇതിൽ കൂടുതൽ സോൾക്ജയർ ഇനി എന്തു ചെയ്യണം?

ഒലെ ഗണ്ണർ സോൾക്ജയർ... തിരിച്ചുവരവിന്റെ രാജശിൽപി.

മാഞ്ചസ്റ്റർ- മാഞ്ചസ്റ്റർ യുനൈറ്റഡിനു വേണ്ടി ഒലെ ഗണ്ണർ സോൾക്ജയർ ഇതിൽ കൂടുതൽ ഇനി എന്തു ചെയ്യണം? ചോദിക്കുന്നത് മറ്റാരുമല്ല, യുനൈറ്റഡിന്റെ കളിക്കാർ തന്നെ. 
നോർവേകാരനെ ടീമിന്റെ സ്ഥിരം കോച്ചാക്കണമെന്ന് കളിക്കാർ ഒന്നടങ്കം ആവശ്യപ്പെടുന്നു, ആരാധകർ മുറവിളി കൂട്ടുന്നു. ഇനി തീരുമാനമെടുക്കേണ്ടത് ക്ലബ് മാനേജ്‌മെന്റാണ്. അവർക്കും മറിച്ചൊരു ചിന്തയുണ്ടാവാൻ ഇടയില്ല, പ്രത്യേകിച്ചും പാരീസിലെ പാർക് ദെ പ്രിൻസസിൽ നടന്ന ചരിത്ര വിജയത്തിനുശേഷം.
ഓൾഡ് ട്രാഫോർഡിൽ നടന്ന ചാമ്പ്യൻസ് ലീഗ് പ്രി ക്വാർട്ടർ ആദ്യ പാദത്തിൽ നെയ്മാറുടെ പി.എസ്.ജിയോട് 2-0 ന് തോറ്റതോടെ യുനൈറ്റഡിന് സാധ്യത അവസാനിച്ചുവെന്നാണ് ആരാധകർ പോലും കരുതിയിരുന്നത്. 
ബുധനാഴ്ച രാത്രി പാരീസിൽ രണ്ടാം പാദം കളിക്കുമ്പോഴാവട്ടെ പോൾ പോഗ്ബ, അന്തോണി മാർഷ്യൽ, നെമാന്യ മാട്ടിച്, ജെസ്സി ലിംഗാർഡ് പോലുള്ള പ്രമുഖർ സസ്‌പെൻഷനും പരിക്കുമൊക്കെയായി കളത്തിന് പുറത്തായിരുന്നുതാനും. എന്നിട്ടും സോൾക്ജയർ കയ്യിലുള്ള വിഭവം കൊണ്ട് ഇന്ദ്രജാലം കാട്ടി. 3-1ന്റെ അവിശ്വസനീയ ജയം. ഒപ്പം ക്വാർട്ടർ പ്രവേശനവും. ഏതാണ്ട് ഒന്നര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ക്ലബ്ബിന്റെ ചരിത്രത്തിൽ എന്നെന്നും ഓർത്തുവെക്കാവുന്ന വിജയം. 
പേരുകേട്ട കോച്ച് ഹോസെ മോറിഞ്ഞോ പരാജയപ്പെട്ടിടത്തുനിന്നാണ് യുനൈറ്റഡിന്റെ മുൻ താരം കൂടിയായ സോൾക്ജയർ അദ്ഭുത വിജയങ്ങളിലൂടെ ടീമിനെ പഴയ പ്രതാപ കാലത്തിലേക്ക് കൈപിടിച്ചുയർത്തുന്നത്. രണ്ട് മാസം മുമ്പ് 41 കാരൻ താൽക്കാലിക കോച്ചായ ചുമതലയേറ്റതോടെ ടീമിന്റെ തലവര തന്നെ മാറി. അതിനുശേഷം വിവിധ ടൂർണമെന്റുകളിലായി കളിച്ച 17 മത്സങ്ങളിൽ പതിനാലും ജയിച്ചു. ഒരേയൊരു തോൽവി മാത്രം, ചാമ്പ്യൻസ് ലീഗ് പി.എസ്.ജിയോടെ നേരിട്ടത്. ഇക്കാലയളവിൽ കളിച്ച ഒമ്പത് എവേ മത്സരങ്ങളും ജയിച്ചു. 
ഇംഗ്ലീഷ് പ്രിമിയർ ലീഗിൽ എട്ടാം സ്ഥാനവുമായി ദയനീയ പതനത്തിലേക്ക് കൂപ്പുകുത്തുകയായിരുന്നു മോറിഞ്ഞോയുടെ യുനൈറ്റഡ്. കൂനിന്മേൽ കുരു പോലെ കോച്ചും കളിക്കാരും തമ്മിലുള്ള കശപിശ വേറെയും. ആ അവസ്ഥയിൽനിന്നാണ് കളിക്കാരുടെ മുഴുവൻ പിന്തുണയോടെ സോൾക്ജയർ ടീമിലെ ലീഗിൽ നാലാം സ്ഥാനത്തെത്തിച്ചത്. ഇതേ നില തുടർന്നാൽ അടുത്ത വർഷവും യുനൈറ്റഡിന് ചാമ്പ്യൻസ് ലീഗ് കളിക്കാം.
ഇതൊക്കെ കൊണ്ടു തന്നെയാണ് സോൾക്ജയറിനെ സ്ഥിരം കോച്ചാക്കണമെന്ന് യുനൈറ്റഡിന്റെ പഴയ താരങ്ങളും നിലവിലെ താരങ്ങളും ഒരേ സ്വരത്തിൽ ആവശ്യപ്പെടുന്നത്. പ്രതിഭാധനനായ അലക്‌സ് ഫെർഗൂസന്റെ പരിശീലനത്തിൽ യുനൈറ്റഡിനുവേണ്ടി കളിച്ചിട്ടുള്ള സോൾക്ജയർ തന്നെയാണ് അദ്ദേഹത്തിന്റെ ശരിയായ പിൻഗാമിയെന്നും അവർ വിശ്വസിക്കുന്നു. ഇക്കാര്യം തീരുമാനിക്കപ്പെട്ടുകഴിഞ്ഞുവെന്നാണ് ടീമിലെ പ്രമുഖ സ്‌ട്രൈക്കർ റോമിലു ലുകാകു പറയുന്നത്. ചെൽസിയെയും, ടോട്ടനമിനെയും നമ്മൾ അവരുടെ ഗ്രൗണ്ടുകളിൽ തോൽപ്പിച്ചു. എഫ്.എ കപ്പിൽ ആഴ്‌സനലിനെയും. ഇനിയെന്താണ് അദ്ദേഹം ചെയ്യേണ്ടത് - ബെൽജിയം താരം ചോദിക്കുന്നു.
അദ്ദേഹത്തിന് ഇവിടെ തുടരണമെന്നുണ്ട്, കളിക്കാർക്കും അദ്ദേഹത്തെ വേണമെന്നുണ്ട്. മാഞ്ചസ്റ്റർ യുനൈറ്റഡ് എങ്ങനെയാണോ കളിക്കേണ്ടത്, അതേ മികവോടെയാണ് നമ്മളിപ്പോൾ കളിക്കുന്നത് -ലുകാകു തുടർന്നു. 
സോൾക്ജയർ സ്ഥിരം കോച്ച് സ്ഥാനം അർഹിക്കുന്നുവെന്നാണ് യുനൈറ്റഡിന്റെ മുൻ ക്യാപ്റ്റൻ ഗാരി ന്യൂവിൽ പറഞ്ഞത്.

Latest News