Sorry, you need to enable JavaScript to visit this website.

അവസാന അടവായി തീവണ്ടിക്ക് സ്‌റ്റോപ്പ്‌

അഞ്ചു വർഷം പലവിധ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ പറ്റിച്ച പാർലമെന്റംഗങ്ങൾ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കേ ഉണരുകയാണ്. സ്വന്തം മണ്ഡലങ്ങളിൽ പ്രധാന തീവണ്ടികൾക്ക് സ്റ്റോപ് അനുവദിച്ചു കൊടുത്ത് അവസാന പൊടിക്കൈ പയറ്റുകയാണ് പാർട്ടികൾ. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇതു സംബന്ധിച്ച അഞ്ഞൂറോളം ആവശ്യങ്ങളാണ് റെയിൽവേ അംഗീകരിച്ചത്. അഞ്ഞൂറോളം സ്‌റ്റേഷനുകളിൽ തീവണ്ടികൾക്ക് സ്‌റ്റോപ്പ് അനുവദിച്ചു. കഴിഞ്ഞ വർഷം മൊത്തം 154 സ്റ്റോപ്പുകൾ മാത്രം അനുവദിച്ചയിടത്താണ് ഇത്. എൻ.ഡി.എ എം.പിമാരുടെ ആവശ്യമാണ് പ്രധാനമായും റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പരിഗണിക്കുന്നത്. പ്രതിപക്ഷം ഭരിക്കുന്ന പ്രദേശങ്ങളെ പാട്ടിലാക്കാനും റെയിൽവേയെ ഉപയോഗിക്കുന്നുണ്ട്. ആന്ധ്രക്ക് പുതിയ റെയിൽവേ സോൺ അനുവദിച്ചിട്ടുണ്ട്. 2014 ൽ അധികാരത്തിലേറിയ ശേഷം റെയിൽവേ സ്‌റ്റോപ്പുകൾ അനുവദിക്കുന്നതിൽ പിശുക്കു കാണിച്ച ഗവൺമെന്റാണ് ഇത്. 
മെയിലുകൾക്കും എക്‌സ്പ്രസുകൾക്കും സ്റ്റോപ്പനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മന്ത്രിസഭയിലെ സഹപ്രവർത്തകരും എൻ.ഡി.എ എം.പിമാരും പിയൂഷ് ഗോയലിനെ സമീപിക്കുന്നത്. പെരുമാറ്റച്ചട്ടം നടപ്പിലാവും മുമ്പ് സ്റ്റോപ്പുകൾക്ക് അംഗീകാരം നേടിയെടുക്കേണ്ടതുണ്ട്. ആറു മാസത്തേക്ക് പരീക്ഷണത്തിന് എന്നു പറഞ്ഞാണ് സാധാരണ സ്റ്റോപ്പുകൾ അനുവദിക്കാറ്. എന്നാൽ ഒരിക്കൽ സ്റ്റോപ് അനുവദിച്ചാൽ അത് റദ്ദാക്കാറില്ല എന്നതാണ് അവസ്ഥ. 
ദീർഘദൂര ട്രെയിനുകൾക്ക് ഒരു സ്റ്റോപ് അധികം അനുവദിക്കുമ്പോൾ റെയിൽവേക്ക് 12,716 രൂപക്കും 24,506 രൂപക്കുമിടയിൽ നഷ്ടമുണ്ടാവുമെന്നാണ് റെയിൽവേയുടെ കണക്ക്. ഇത് അതാത് സ്റ്റേഷനുകളിൽ തീവണ്ടി നിർത്തുന്നതു വഴി ടിക്കറ്റ് വിൽപനയിലൂടെ തിരിച്ചുപിടിക്കണം. തീവണ്ടിക്ക് അധികം സ്റ്റോപ് അനുവദിക്കുന്നത് മൊത്തത്തിലുള്ള റണ്ണിംഗ് ടൈമിനെ ഗുരുതരമായി ബാധിക്കാനും പാടില്ല. 
സാധാരണ അധിക സ്റ്റോപ്പിനുള്ള ആവശ്യം റെയിൽവേ സ്വാഗതം ചെയ്യാറില്ല. മിക്കപ്പോഴും അത് പണം നഷ്ടപ്പെടുത്തുന്ന പരിപാടിയാണ്. റെയിൽ ശൃംഖലയിൽ മാറ്റങ്ങൾക്ക് കാരണമാവുകയും ചെയ്യും. അനാവശ്യ സ്റ്റോപ്പുകളുടെ പേരിൽ റെയിൽവേക്ക് പ്രതിദിനം ഒരു കോടി രൂപ നഷ്ടമുണ്ടാവുന്നുണ്ടെന്നാണ് 2014 ലെ കണക്ക്. 
ഓരോ പാർലമെന്റ് തെരഞ്ഞെടുപ്പ് കാലത്തും സ്റ്റോപ്പിനുള്ള ആവശ്യം റെയിൽവേ മന്ത്രാലയത്തിൽ കുന്നുകൂടാറുണ്ട്. ഇലക്ഷൻ ആസന്നമാവുന്നതു വരെ ഇത്തരം ആവശ്യങ്ങളെ പിയൂഷ് ഗോയൽ പ്രോത്സാഹിപ്പിക്കാറുണ്ടായിരുന്നില്ല. തീവണ്ടികൾക്ക് സ്പീഡാണ് വേണ്ടതെന്ന നിലപാടിലായിരുന്നു അദ്ദേഹം. സാധാരണ മൂന്ന് ആവശ്യങ്ങളാണ് മന്ത്രിയെ തേടിയെത്താറ്. ഒന്ന്, പുതിയ ട്രയിൻ അനുവദിക്കുക, രണ്ട്, നിലവിലുള്ള ട്രെയിനുകളുടെ സർവീസ് വർധിപ്പിക്കുകയോ അത് കൂടുതൽ സ്ഥലങ്ങളിലേക്ക നീട്ടുകയോ ചെയ്യുക, സ്‌റ്റോപ് അനുവദിക്കുക. ഇതിൽ സ്റ്റോപ്പ് അനുവദിക്കലാണ് കൂടുതൽ എളുപ്പം. 
കൂടുതൽ ട്രാഫിക്കുള്ള റൂട്ടുകളിലാണ് സ്റ്റോപ്പിനുള്ള ആവശ്യക്കാരേറെ എന്നതാണ് പ്രശ്‌നം. സ്റ്റോപ്പനുവദിച്ചു കിട്ടിയവർ അതിന് വലിയ പ്രചാരണം നൽകും. ഹൗറ-രാജധാനി എക്‌സ്പ്രസിന് തന്റെ മണ്ഡലമായ അസൻസോറിൽ സ്‌റ്റോപ്പ് അനുവദിച്ചത് കേന്ദ്ര മന്ത്രി ബാബുൽ സുപ്രിയൊ ആഘോഷിച്ചത് റെയിൽവേ സോൺ കിട്ടിയ പോലെയാണ്. അവസാന ഘട്ടത്തിലെ ധാരാളിത്തമൊഴിച്ചാൽ യു.പി.എയെ അപേക്ഷിച്ച് എൻ.ഡി.എ കൂടുതൽ മിതത്വം പാലിച്ചിരുന്നു. യു.പി.എ സർക്കാർ അവസാന കാലത്ത് അനുവദിച്ചത് തൊള്ളായിരത്തോളം സ്‌റ്റോപ്പുകളായിരുന്നു. രണ്ടാം യു.പി.എയുടെ അഞ്ചു വർഷം 2472 സ്റ്റോപ്പ് അനുവദിച്ചു. എൻ.ഡി.എ നൽകിയത് അതിന്റെ പകുതി മാത്രം. 2014 ൽ റെയിൽവേ 1200 'പരീക്ഷണ സ്റ്റോപ്പുകൾ' നിർത്താൻ ശ്രമിച്ചു. എന്നാൽ പല കാരണങ്ങളാൽ അത് യാഥാർഥ്യമായില്ല. 

 

Latest News