കോൺഗ്രസ് സ്ഥാനാർഥികൾ:  അവസാനവട്ട ചർച്ച നാളെ

തിരുവനന്തപുരം- കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക അവസാനവട്ട ചർച്ചകൾ നാളെ നടക്കും. സ്ഥാനാർത്ഥി പ്രഖ്യാപനം കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ ചൊവ്വാഴ്ച ദൽഹിയിൽ പ്രഖ്യാപിക്കും. 
ഇപ്പോൾ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നീ മൂവർ സംഘത്തെ ചുറ്റപ്പറ്റിയാണ് ചർച്ചകളെല്ലാം നടക്കുന്നത്. കേരളത്തിലെ മുതർന്ന കോൺഗ്രസ് നേതാക്കളുമായും സംഘടനാ ഭാരവാഹികളുമായും ചുമതലപ്പെട്ടവർ ചർച്ചകൾ നടത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയാറാക്കുന്നത്. വിജയ സാധ്യതയാണ് സ്ഥാനാർത്ഥിത്വത്തിനുള്ള മാനദണ്ഡം. എങ്ങനെയും പരമാവധി സീറ്റ് സംസ്ഥാനത്തുനിന്ന് നേടിയെടുക്കാൻ ജാഗ്രതയോടെയുള്ള പരിശോധനകളാണ് നടത്തുന്നത്. കേരളം ഉൾപ്പെടെയുള്ള തെക്കൻ സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് നേതൃത്വം കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്നത്. 
 എൽ.ഡി.എഫ്. സ്ഥാനാർത്ഥികളെ സംബന്ധിച്ച് ഏകദേശ തീരുമാനമായ സാഹചര്യത്തിൽ അതുകൂടി പരിഗണിച്ചാവും കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുക. തെരഞ്ഞെടുപ്പ് സമിതി നാലിന് കൂടിയ ശേഷം തുടർചർച്ചകൾ നടത്തണമെന്ന് തീരുമാനിച്ചെങ്കിലും ചുമതലപ്പെടുത്തിയ നേതാക്കൾ സംസ്ഥാനത്തിന്റെ പല ഭാഗത്തായതിനാൽ ഒന്നിച്ചിരുന്നു കൂടിയാലോചന നടത്താനായിരുന്നില്ല. നാളെ ഹൈക്കമാൻഡിന് അയക്കേണ്ട പട്ടികയുടെ കാര്യത്തിൽ തീരുമാനമാകുമെന്നാണ് കരുതുന്നത്. സ്ഥാനാർത്ഥി പട്ടികയുമായി ദൽഹിക്കു പോകുന്ന നേതാക്കൾ തിങ്കൾ, ചൊവ്വ തീയതികളിൽ കേന്ദ്ര നേതാക്കളുമായി അവസാനവട്ട ചർച്ച നടത്തി പട്ടിക പ്രഖ്യാപിക്കും.
മുതിർന്ന നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കണമോയെന്ന കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയാവും തീരുമാനമെടുക്കുക. ഉമ്മൻ ചാണ്ടിയെ കോട്ടയത്തോ, ഇടുക്കിയിലോ മത്സരിപ്പിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വടകരയിൽ മത്സരിക്കണമെന്നാണ് ആവശ്യം. വി.എം.സുധീരൻ തൃശൂരിലും കെ.സി.വോണുഗോപാൽ ആലപ്പുഴയിലും മത്സരിക്കണമെന്നും ആവശ്യമുണ്ട്. തെരഞ്ഞെടുപ്പ് രംഗത്തിലേക്കില്ലെന്ന് വി.എം.സുധീരൻ പറയുന്നുണ്ടെങ്കിലും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടാൽ അദ്ദേഹം മത്സരരംഗത്തുണ്ടാകുമെന്നു തന്നെയാണ് കരുതുന്നത്. ഉമ്മൻ ചാണ്ടിയും മത്സരംഗത്തുണ്ടാകുന്നത് നല്ലതാണെന്നാണ് വിലയിരുത്തപ്പെടുന്നത്. മത്സരിക്കാനില്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കിലും വരും ദിവസങ്ങളിൽ ഇതിൽ മാറ്റമുണ്ടാകും. കെ.സി.വേണുഗോപാൽ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്തമുള്ളയാളാണെങ്കിലും ആലപ്പുഴ മണ്ഡലം പിടിക്കാൻ കെ.സി തന്നെ മത്സരരംഗത്തുണ്ടാകണമെന്ന് ആവശ്യപ്പെടുന്നവരുണ്ട്. ഈ സാഹചര്യത്തിൽ കെ.സി.വേണുഗോപാൽ മത്സരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
എൽ.ഡി.എഫ് സ്ഥാനാർത്ഥികളായി അനുഭവ സമ്പന്നരായ മുതിർന്ന നേതാക്കളെ രംഗത്തിറക്കിയ സാഹചര്യത്തിൽ യു.ഡി.എഫും മുതിർന്ന നേതാക്കളെ മത്സരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 
നിലവിൽ എം.പിമാരായവർക്ക് സീറ്റ് ലഭിച്ചേക്കും. ഇവരെ മാറ്റുന്നത് പല പ്രശ്‌നങ്ങളും സൃഷ്ടിക്കുമെന്നതിനാൽ തർക്കങ്ങൾക്ക് സാധ്യതയില്ല. എന്നാൽ മോശം പ്രകടനം കാഴ്ചവെച്ചവരുടെയും ശക്തമായ മത്സരം നേരിടേണ്ടിവരുന്നവരുടെയും കാര്യത്തിൽ രാഹുൽ ഗാന്ധിയാവും തീരുമാനമെടുക്കുക.  

Latest News