Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കേരളത്തില്‍ വരാന്‍ പോകുന്നത് കൊടുംചൂടും കൊടും തണുപ്പും

കൊച്ചി- വരാനിരിക്കുന്നത് അതിരൂക്ഷമായ ചൂടും തണുപ്പുമാണെന്ന് പരിസ്ഥിതി വിദഗ്ധന്‍ പ്രൊഫ ഡോ. മാധവ് ഗാഡ്ഗില്‍. പരിസ്ഥിതി സംരക്ഷണത്തില്‍ ജനശാക്തീകരണം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
കളമശ്ശേരി നുവാല്‍സില്‍ നടന്ന പരിസ്ഥിതി സെമിനാറില്‍സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാര വികേന്ദ്രീകരണം പൂര്‍ണമായും നടപ്പിലായ ഒരു സംസ്ഥാനമാണ് കേരളം. എന്നാല്‍ ജനങ്ങള്‍ അവരുടെ അധികാരങ്ങള്‍ അറിയുന്നില്ല അല്ലെങ്കില്‍ അവ നടപ്പാവുന്നില്ല എന്നതാണ് പരിസ്ഥിതി പരിപാലനത്തില്‍ വേണ്ടത്ര ശ്രദ്ധിക്കാതാവുന്നതിനു കാരണമെന്നും ഗാഡ്ഗില്‍ അഭിപ്രായപ്പെട്ടു. ജനശാക്തീകരണം പരിസ്ഥിതി സംരക്ഷണത്തില്‍ പ്രധാനമാണ്. ഇതിനുദാഹരണമാണ് പ്ലാച്ചിമട സമരം. പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന വികസനം വേണ്ട. അതിരൂക്ഷമായ ചൂടും തണുപ്പും ആണ് വരാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ആവശ്യത്തില്‍ കൂടുതല്‍ ഹൈഡല്‍ പ്രോജക്റ്റുകള്‍ ഉണ്ട്. അത് വേണ്ടവിധം കൈകാര്യം ചെയ്യുന്നുമില്ല. ഏതു സര്‍ക്കാരായാലും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധക്കുറവ് ഉണ്ടാവരുത്. റിസര്‍വോയറുകള്‍ സമയാസമയങ്ങളില്‍ തുറന്നുവിടുകയും മറ്റും ചെയ്യുന്ന ശാസ്ത്രീയ സംവിധാനം ഉണ്ടാവണമെന്നും കേരളത്തെ അടുത്തിടെ ആകെ തകര്‍ത്ത പ്രളയത്തെ മുന്‍നിര്‍ത്തി അദ്ദേഹം പറഞ്ഞു.
മറ്റു  സംസ്ഥാനങ്ങളേക്കാള്‍ ഭേദമാണ് പല കാര്യങ്ങളിലും കേരളം. എങ്കിലും പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന കാര്യങ്ങളില്‍ പ്രത്യേക പ്രാധാന്യം ഉണ്ടെന്ന് സര്‍ക്കാരും ജനങ്ങളും മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ കുടുംബശ്രീ സംരംഭം തന്നെ വളരെയേറെ ആകര്‍ഷിച്ചു. കുടംബശ്രീക്കു കീഴില്‍ ഒട്ടേറെ സ്ഥലങ്ങളില്‍ തരിശു ഭൂമിയില്‍ കൃഷി ചെയ്യുന്നതും കണ്ടു. വളരെ നല്ല കാര്യമാണ്. അത്തരം വികസനമാണ് നമുക്ക് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം കൊടുത്താലേ സന്തുലിത വികസനം സാധ്യമാവൂവെന്ന് ചടങ്ങില്‍ സംസാരിച്ച സലിം അലി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ വി എസ് വിജയന്‍ പറഞ്ഞു. ഭക്ഷണ വസ്തുക്കളില്‍ മുഴുവന്‍ വിഷാംശമാണെന്നും മനുഷ്യന്റെ ആരോഗ്യത്തെയാണ് ഇത് ബാധിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അഡ്വ .ഹരീഷ് വാസുദേവനും ചടങ്ങില്‍ പങ്കെടുത്തു. ഡോ. ജേക്കബ് ജോസഫ് മോഡറേറ്റര്‍ ആയിരുന്നു.

 

 

Latest News