കോട്ടയം- പോലീസ് പീഡിപ്പിച്ച് കള്ളക്കേസില്‍ കുടുക്കി. മനംനൊന്ത യുവാവ് ജീവനൊടുക്കി. പോലീസിനെതിരെ വീഡിയോയില്‍ ആരോപണം ഉന്നയിച്ച ശേഷമാണ് പാലായില്‍ യുവാവ് ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്തത് പോലീസിന്റെ മാനസിക പീഡനത്തെ തുടര്‍ന്നെന്നാണ് പരാതി. മാല മോഷണ കേസില്‍ മേലുകാവ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിലിറങ്ങിയ പാലാ കടനാട് സ്വദേശി രാജേഷാണ്(28) രാവിലെ പതിനൊന്നരയോടെ ആത്മഹത്യ ചെയ്തത്. രാജേഷിന്റെ ബന്ധുക്കളാണ് പരാതിയുമായി രംഗത്തെത്തിയത്. മേലുകാവ് എസ്.ഐ തനിക്കെതിരെ കൂടുതല്‍ കള്ളക്കേസുകളില്‍ കുടുക്കുമെന്ന് ആരോപിച്ച് തന്റെ സുഹൃത്തുക്കള്‍ക്ക് വീഡിയോ സന്ദേശം അയച്ച ശേഷമായിരുന്നു രാജേഷിന്റെ ആത്മഹത്യ.
പോലീസ് പീഡനത്തെ തുടര്‍ന്നാണ് രാജേഷിന്റെ ആത്മഹത്യ എന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. മൂലമറ്റം സ്വദേശിനിയായ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിലാണ് രാജേഷ് അറസ്റ്റിലായത്. അറസ്റ്റിലായ ശേഷം രാജേഷിനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി ബന്ധുക്കള്‍ പറയുന്നു. അതേസമയം മോഷണ സംഘത്തെ സഹായിച്ചതിന് രാജേഷിനെതിരെ വ്യക്തമായ തെളിവുകളുണ്ടെന്ന് പോലീസ് പറയുന്നു. മോഷണമുതല്‍ പണയം വെച്ചതും മോഷ്ടാക്കള്‍ക്കായി വാഹനം റെന്റിന് എടുത്ത് നല്‍കിയതും രാജേഷ് ആണ്. പോലീസ് മര്‍ദിച്ചുവെന്ന രാജേഷിന്റെ പരാതിയില്‍ മജിസ്‌ട്രേറ്റിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് രണ്ടാം ഘട്ടം മെഡിക്കല്‍ പരിശോധന നടത്തിയിരുന്നു. മര്‍ദ്ദനം ഏറ്റിട്ടില്ലെന്ന് ഡോക്ടറുടെ റിപ്പോര്‍ട്ടും പോലീസ് തെളിവായി ചൂണ്ടിക്കാട്ടുന്നു.
ബന്ധുക്കളുടെ ആരോപണത്തിനിടെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് എത്തിച്ചപ്പോഴും നാടകീയ സംഭവങ്ങള്‍ അരങ്ങേറി. പോലീസ് പീഡനത്തില്‍ നടപടി ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.സി തോമസിന്റെ നേതൃത്വത്തില്‍ എന്‍.ഡി.എ നേതാക്കള്‍ മെഡിക്കല്‍ കോളേജില്‍ പ്രതിഷേധിച്ചു. രാജേഷിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കോട്ടയം ജില്ലാ പോലീസ് മേധാവിയോട് പി.സി തോമസ് ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ നേതൃത്വത്തിലും പ്രവര്‍ത്തകര്‍ മെഡിക്കല്‍ കോളേജിലെത്തിയിരുന്നു. രാവിലെ 11 മണിയോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഉച്ചയോടെ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ രാജേഷിന്റെ ബന്ധുക്കള്‍ പോലീസിനെതിരെ പരാതി നല്‍കി.






