Sorry, you need to enable JavaScript to visit this website.

പ്രതിദിനം പത്തു ലക്ഷം ബാരൽ പെട്രോളിയം  ഉൽപന്നങ്ങൾ കയറ്റി അയക്കുന്നു -മന്ത്രി

ദമാം - സൗദി അറേബ്യ പ്രതിദിനം പത്തു ലക്ഷത്തോളം ബാരൽ പെട്രോളിയം ഉൽപന്നങ്ങൾ വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നതായി ഊർജ, വ്യവസായ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ് പറഞ്ഞു. സൗദി അറാംകൊ ടോട്ടൽ റിഫൈനിംഗ് ആന്റ് പെട്രോകെമിക്കൽ കമ്പനി (സാറ്റോർപ്) ആസ്ഥാനവും സ്വദാറ കമ്പനി ഫാക്ടറി കോംപ്ലക്‌സും സന്ദർശിച്ച് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ദിവസേന 70 ലക്ഷം ബാരൽ മുതൽ 80 ലക്ഷം ബാരൽ വരെ ക്രൂഡ് ഓയിലും സൗദി അറേബ്യ കയറ്റി അയക്കുന്നുണ്ട്. ദ്രവീകൃത പ്രകൃതി വാതകവും രാജ്യം കയറ്റി അയക്കുന്നുണ്ട്. 
ദേശീയ എണ്ണക്കമ്പനിയായ സൗദി അറാംകോയുടെ ഓഹരികൾ രണ്ടു വർഷത്തിനുള്ളിൽ ഇനീഷ്യൽ പബ്ലിക് ഓഫറിംഗിലൂടെ വിൽപന നടത്തുന്നതിന് ശ്രമം തുടരുകയാണ്. സൗദി അറാംകോക്കു കീഴിലെ മുഴുവൻ റിഫൈനറികളുടെയും കമ്പനികളുടെയും ഓഹരികളും വിൽപന നടത്തും. 
വിദേശ നിക്ഷേപങ്ങൾക്ക് ഏറ്റവും ആകർഷകമായ സാഹചര്യമാണ് സൗദിയിലുള്ളത്. മുഴുവൻ നിക്ഷേപകർക്കും അവസര സമത്വം ഉറപ്പു നൽകുന്നുണ്ട്. 
ആർക്കുമിടയിൽ പ്രത്യേക വിവേചനം കാണിക്കുന്നില്ല. സൗദിയിലെ നിക്ഷേപ സാഹചര്യം ഏറ്റവും മികച്ചതാക്കി ഇത് മാറ്റുന്നു. 
വലിയ തോതിലുള്ള വിപുലീകരണ പദ്ധതികൾ നടപ്പാക്കുന്നതിന് സാറ്റോർപും സ്വദാറ കമ്പനിയും ആലോചിക്കുന്നുണ്ട്. സൗദിയിൽ വ്യവസായ മേഖല വൈകാതെ കൂടുതൽ നിക്ഷേപങ്ങൾക്ക് സാക്ഷ്യം വഹിക്കും. ഇരു കമ്പനികൾക്കും കീഴിലെ വ്യവസായ മേഖലകളിൽ ഉൽപാദനങ്ങൾ വ്യാപിപ്പിക്കുന്നതിന് പ്രോത്സാഹനങ്ങൾ നൽകും. കാറുകളുടെ 60 ശതമാനം ഭാഗങ്ങളും സൗദിയിൽ നിർമിക്കും. ചെമ്പ്, ഇൻസുലേറ്റർ ഫാക്ടറി സ്ഥാപിക്കുന്നതിന് ശ്രമങ്ങൾ തുടരുകയാണ്. ഇലക്ട്രിക് കാർ വ്യവസായ മേഖലയിൽ പ്രവേശിക്കുന്നതിന് ഇതിലൂടെ രാജ്യത്തിന് കഴിയുമെന്നും ഊർജ, വ്യവസായ മന്ത്രി പറഞ്ഞു. 
സൗദി അറാംകോക്ക് 65 ശതമാനവും ഫ്രഞ്ച് കമ്പനിയായ ടോട്ടലിന് 35 ശതമാനവും ഓഹരി പങ്കാളിത്തമുള്ള സാറ്റോർപ് കമ്പനിക്കു കീഴിലെ സാറ്റോർപ് റിഫൈനറി പ്രതിദിനം 4,60,000 ബാരൽ ക്രൂഡ് ഓയിൽ സംസ്‌കരിക്കുന്നു. 
റിഫൈനറി ഉൽപാദനത്തിലെ 55 ശതമാനം ഡീസലും 19 ശതമാനം പെട്രോളും 5 ശതമാനം പെട്രോളിയം കൽക്കരിയും 10 ശതമാനം പെട്രോകെമിക്കൽ ഉൽപന്നങ്ങളും 11 ശതമാനം മറ്റു ഉൽപന്നങ്ങളുമാണ്. 


 

Latest News