ഉമ്മന്‍ ചാണ്ടിയുടെ പേര് ഉമ്മര്‍ ഖാന്‍ എന്നാക്കണം -ബി.ജെ.പി

കൊച്ചി- മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി ജെ പി. ഉമ്മന്‍ ചാണ്ടി പാക്കിസ്ഥാന്റെ മെഗാ ഫോണായി മാറുന്നുവെന്നും പാക് പ്രധാനമന്ത്രിയെ അംഗീകരിക്കാന്‍ എന്ത് പ്രചോദനമാണ് ഉമ്മന്‍ ചാണ്ടിക്ക് ഉണ്ടായതെന്നും ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍ രാധാകൃഷ്ണന്‍ ചോദിച്ചു. രാജ്യദ്രോഹികളുടെ ഭാഷയിലാണ് ഉമ്മന്‍ ചാണ്ടി സംസാരിക്കുന്നത്. അദ്ദേഹത്തിന്റെെ പേര് ഉമ്മ ര്‍ഖാന്‍  എന്ന് മാറ്റണം. ദേശവിരുദ്ധ പ്രസ്താവന നടത്തിയ ഉമ്മന്‍ ചാണ്ടിയെ കയ്യാമം വെച്ച് കല്‍ത്തുറുങ്കില്‍ അടക്കണമെന്നും രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു. ദേശീയതയെ സ്‌നേഹിക്കുന്നവരാണ് കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍. അവരില്‍ ആശയക്കുഴപ്പം ഉണ്ടാക്കാനാണ് ഉമ്മന്‍ ചാണ്ടി ശ്രമിക്കുന്നത്. അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് തയാറാകണം. രാജ്യത്തിനെതിരെ നിലപാട് സ്വീകരിക്കുന്ന ഉമ്മന്‍ ചാണ്ടിക്കെതിരെ നിയമപരമായ നടപടി സ്വീകരിക്കുമെന്നും രാധാകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പോലീസിനെ നിരത്തി ശബരിമലയെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ ചോറ്റാനിക്കര ക്ഷേത്രത്തില്‍ ഗുരുതി പൂജയ്ക്ക് ബഌച്ചിങ് പൗഡര്‍ നല്‍കിയത് ഗൂഢാലോചനയുടെ ഭാഗമാണ്. വിശ്വാസികള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ച ഇടതു സര്‍ക്കാര്‍ തുടരുന്നിടത്തോളം വിശ്വാസി സമൂഹം ആശങ്കയിലാണ്. ചോറ്റാനിക്കര സംഭവത്തില്‍ ആഭ്യന്തര വകുപ്പ് എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്നും ബി ജെ പി നേതാവ് ആവശ്യപ്പെട്ടു.
ഇടതു സര്‍ക്കാരിനോട് കേന്ദ്രം ചിറ്റമ്മ നയം കാണിച്ചിട്ടില്ല. കേരള പിറവിക്ക് ശേഷം ഏറ്റവും അധികം സഹായം നല്‍കിയ സര്‍ക്കാരാണ് കേന്ദ്രം ഭരിക്കുന്നത്. പാവപ്പെട്ടവര്‍ക്ക് ഗുണം ലഭിക്കുന്ന ഒരു കേന്ദ്ര പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നില്ല. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലൂടെ പാവങ്ങള്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കിയത്. ബി ജെ പി സ്ഥാനാര്‍ഥി നിര്‍ണയം ശരിയായ സമയത്ത് പൂര്‍ത്തിയാകുമെന്ന് ചോദ്യത്തിന് മറുപടിയായി രാധാകൃഷ്ണന്‍ പറഞ്ഞു. വെള്ളാപ്പള്ളി സമുന്നതനായ സാമുദായിക നേതാവാണെന്നും അദ്ദേഹത്തിന് എന്തും പറയാമെന്നും എന്നാല്‍ ബി ഡി ജെ എസ്  എന്‍ ഡി എ യുടെ ഘടക കക്ഷി ആണെന്നും ഒന്നിച്ചു പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. വെള്ളാപ്പള്ളിയുടെ മുന്നില്‍ പോയി താണു വണങ്ങി അനുഗ്രഹം തേടിയ പിണറായിയുടെ അവസ്ഥയില്‍ ദുഃഖമുണ്ടെന്നും എ.എ.രാധാകൃഷ്ണന്‍ പറഞ്ഞു.

 

Latest News