Sorry, you need to enable JavaScript to visit this website.

ബൂട്ടിയയുടെ  പാർട്ടിയും മത്സരത്തിന് 

മുൻ ഇന്ത്യൻ ഫുട്‌ബോളർ ബൈചുംഗ് ബൂട്ടിയയുടെ ഹംരൊ സിക്കിം പാർട്ടി ഇലക്ഷൻ പോരാട്ടത്തിനൊരുങ്ങുന്നു. ബൂട്ടിയ കഴിഞ്ഞ തവണ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ തൃണമൂൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് പരാജയപ്പെട്ടിരുന്നു. 
ദേശീയ പാർട്ടികളുമായൊന്നും കൂട്ടുകൂടില്ലെന്നാണ് എച്ച്.എസ്.പി പ്രസിഡന്റ് ബൂട്ടിയ പറയുന്നതെങ്കിലും ബി.ജെ.പിയുമായി പാർട്ടി ചർച്ചയിലാണെന്നാണ് സൂചന. 
സിക്കിമിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സിക്കിമിലെ ഏക ലോക്‌സഭാ സീറ്റിലും 32 നിയമസഭാ സീറ്റിലും സ്ഥാനാർഥികളെ നിർത്താനാണ് ബൂട്ടിയയുടെ പാർട്ടി ആലോചിക്കുന്നത്. ഹംരൊ സിക്കിം, പുതിയ സിക്കിം എന്ന മുദ്രാവാക്യമായിരിക്കും ലോക്‌സഭാ ഇലക്ഷനിൽ എച്ച്.എസ്.പി മുന്നോട്ടു വെക്കുകയെന്ന് ബൂട്ടിയ പറഞ്ഞു. 
സിക്കിം ഡെമോക്രാറ്റിക് ഫ്രന്റാണ് സിക്കിം ഭരിക്കുന്നത്. എസ്.ഡി.എഫിനെതിരെ പ്രാദേശിക പാർട്ടികളുടെ സഖ്യത്തിനും ബൂട്ടിയ ശ്രമിക്കുന്നുണ്ട്. 
ദീർഘകാലായി പവൻ കുമാർ ചാംലിംഗാണ് സിക്കിം ഭരിക്കുന്നത്. ഭിന്നിപ്പിച്ചു ഭരിക്കുകയാണ് ചാംലിംഗെന്ന് ബൂട്ടിയ കുറ്റപ്പെടുത്തി. എച്ച്.എസ്.പി അധികാരത്തിൽ വരികയാണെങ്കിൽ വികസനം മാത്രമായിരിക്കും പാർട്ടിയുടെ ഒരേയൊരു അജണ്ടയെന്ന് ബൂട്ടിയ പ്രഖ്യാപിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള ആരെയും എച്ച്.എസ്.പി സ്ഥാനാർഥിയാക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബൂട്ടിയ മത്സരിച്ചേക്കും. പാർട്ടി ഏൽപിക്കുന്ന ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും താൽക്കാലിക ഇടപാടായല്ല രാഷ്ട്രീയത്തെ കാണുന്നതെന്നും നാൽപത്തിമൂന്നുകാരൻ പ്രഖ്യാപിച്ചു. 
കഴിഞ്ഞ പശ്ചിമ ബംഗാൾ സംസ്ഥാന തെരഞ്ഞെടുപ്പിലും ബൂട്ടിയ മത്സരിച്ചിരുന്നു. തൃണമൂൽ ടിക്കറ്റിൽ സിലിഗുരിയിൽ മത്സരിച്ചപ്പോഴും തോൽവിയായിരുന്നു ഫലം. കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് തൃണമൂലിൽ നിന്ന് രാജിവെച്ച് എച്ച്.എസ്.പി രൂപീകരിച്ചത്.

Latest News