Sorry, you need to enable JavaScript to visit this website.

നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവിന് ഇരട്ട ജീവപര്യന്തവും പിഴയും; കൃത്യം പൈശാചികമെന്ന് കോടതി

മഞ്ചേരി- പതിമൂന്നു ദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചുമൂടിയ മാതാവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഇരട്ട ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം നായാടംപൊയില്‍ പൊട്ടമ്പാറ കോളനിയിലെ വാസുവിന്റെ ഭാര്യ ശാരദ (35) യെയാണ് ജഡ്ജി എ.വി നാരായണന്‍ ശിക്ഷിച്ചത്. ശാരദയുടെ ഭര്‍ത്താവ് നേരത്തെ മരിച്ചിരുന്നു. അവിഹിത ബന്ധത്തിലൂടെ ഗര്‍ഭം ധരിച്ച ശാരദ 2016 മെയ് 30ന് മുക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ പെണ്‍കുഞ്ഞിനു ജന്‍മം നല്‍കി. കുഞ്ഞിനു തൂക്കം കുറവായതിനാല്‍ അമ്മയെയും കുഞ്ഞിനെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ നിന്നു ജൂണ്‍ 11ന് ഡിസ്ചാര്‍ജ് ആയ ശാരദയും കുഞ്ഞും വീട്ടിലെത്തിയപ്പോള്‍ സഹോദരങ്ങള്‍ ശകാരിച്ചിരുന്നു. അപമാനം മൂലം 12ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ശാരദ കുഞ്ഞിനെ നിലത്തെറിഞ്ഞും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയും മൃതദേഹം വീടിനടുത്തുള്ള പറമ്പില്‍ കുഴിച്ചു മൂടുകയുമായിരുന്നു. ചാലിയാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെംബര്‍ അനീഷ് അഗസ്റ്റിനാണ് നിലമ്പൂര്‍ പോലീസില്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയത്. പോലീസെത്തി മാന്തിയെടുത്ത  മൃതദേഹം നിലമ്പൂര്‍ തഹസീല്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തുകയും  സയന്റിഫിക് അസിസ്റ്റന്റ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് നിലമ്പൂര്‍ പോലീസ് ശാരദക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരം കൊലപാതകത്തിനു ജീവപര്യന്തം തടവ് 25000 രൂപ പിഴ, 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിനു ജീവപര്യന്തം തടവ് 25000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്തപക്ഷം ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി.  പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി. വാസു 23 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 25 രേഖകളും രണ്ടു തൊണ്ടി മുതലുകളും ഹാജരാക്കി. മനുഷ്യത്വ രഹിതവും പൈശാചികവുമായ കൊലപാതകമാണ് മാതാവ് ചെയ്തതെന്നതിനാല്‍ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്നു വിധിന്യായത്തില്‍ ജഡ്ജി എ.വി.നാരായണന്‍ നിരീക്ഷിച്ചു.

 

Latest News