റോഡു നിര്‍മാണത്തിന്റെ അവകാശവാദത്തെ ചൊല്ലി തര്‍ക്കം; ബിജെപി എംപിയും എംഎല്‍എയും ഷൂ ഊരി തമ്മിലടിച്ചു-Video

ലഖ്‌നൗ- വികസന പദ്ധതിയെ ചൊല്ലി ഉത്തര്‍ പ്രദേശിലെ ബിജെപി എംപിയും എംഎല്‍എയും തമ്മിലുണ്ടായ തര്‍ക്കം പരിധിവിട്ട് പൊരിഞ്ഞ അടിയിലും തെറിവിളിയിലും കലാശിച്ചു. വികസപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ സന്ത് കബീര്‍ നഗറില്‍ ഔദ്യോഗികമായി വിളിച്ചു ചേര്‍ത്ത ജില്ലാതല യോഗത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും മുന്നില്‍ വച്ച് ബിജെപി ജനപ്രതിനിധികള്‍ തമ്മിലടിച്ചത്. ഒരു പ്രാദേശിക റോഡിന്റെ ശിലാസ്ഥാപന ഫലകത്തില്‍ തന്റെ പേര് എന്തു കൊണ്ട് ചേര്‍ത്തില്ലെന്ന് സന്ത് കബീര്‍ ജില്ലയുടെ ചുമതലയുള്ള ബിജെപി എംപി ശരത് ത്രിപാഠി ചോദിച്ചതോടെയാണ് തര്‍ക്കം തുടങ്ങിയത്. ഈ റോഡ് നിര്‍മാണം തന്റെ തീരുമാന പ്രകാരമായിരുന്നുവെന്ന് ബിജെപി എംഎല്‍എ രാകേഷ് ബാഗെല്‍ മറുപടി നല്‍കിയത് ശരത് ത്രിപാഠിക്ക് ദഹിച്ചില്ല. ഈ റോഡിനെ ചൊല്ലി ഇരുവരും വാഗ്വാദമുണ്ടായി. സകല പരിധിയും വിട്ട് ഇരുവരും പരസ്യമായി കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് പരസ്പരം ആക്ഷേപിച്ചു. ഇനി ഷൂ കൊണ്ടായിരിക്കും മറുപടിയെന്ന് ബാഗെല്‍ പറഞ്ഞോടെ വാഗ്വാദം കയ്യാങ്കളിയായി. ത്രിപാഠി തന്റെ ഷൂ ഊരി ബാഗെലിനെ പൊതിരെ അടിച്ചു. ഇതോടെ സീറ്റില്‍ നിന്നും എഴുന്നേറ്റ് ബാഗല്‍ ഷൂ ഊരി ത്രിപാഠിക്കു നേരെ കുതിച്ചു. ഉടന്‍ പോലീസും ഉദ്യോഗസ്ഥരും ഇടപെട്ട് ഇരുവരേയും തടയുകയായിരുന്നു. സംഭവത്തിനും ശേഷം ബാഗെലിന്റെ അണികള്‍ ത്രിപാഠിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് ഓഫീസിനു മുന്നില്‍ പ്രതിഷേധ പ്രകടവും നടത്തി.

സന്ത് കബീര്‍ നഗര്‍ എംപിയാണ് 47-കാരനായി ശരദ് ത്രിപാഠി. 52-കാരനായ ബാഗെല്‍ മെന്ദാവല്‍ എംഎല്‍എയും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രൂപം കൊടുത്ത ഹിന്ദു യുവവാഹിനി എന്ന തീവ്രഹിന്ദുത്വ സംഘടനയുടെ സജീവ നേതാവു കൂടിയാണ്.
 

Latest News