Sorry, you need to enable JavaScript to visit this website.

കേരളത്തിലെ ആയുർവേദ മരുന്നുകൾക്കും സൗന്ദര്യവർദ്ധക വസ്തുക്കൾക്കും കസാക്കിസ്ഥാനിൽ വിലക്ക് 

കണ്ണൂർ - കേരളത്തിലെ ആയുർവേദ മരുന്നുകൾക്കും സൗന്ദര്യവർദ്ധക വസ്തുക്കൾക്കും കസാക്കിസ്ഥാനിൽ വിലക്കേർപ്പെടുത്തി. വ്യാജ കറുവപ്പട്ടക്കെതിരെ വർഷങ്ങളായി നിയമ പോരാട്ടം നടത്തുന്ന കണ്ണൂർ സ്വദേശി ലിയോണാർഡ് ജോൺ, തെളിവുകളടക്കം നൽകിയ പരാതിയിന്മേലാണ് ഈ നടപടി. 
ലോകത്ത് ഏറ്റവും കൂടുതൽ ആയുർവേദ മരുന്നുകൾ ഇറക്കുമതി ചെയ്യുന്ന വിദേശ രാജ്യങ്ങളിൽ മൂന്നാം സ്ഥാനത്താണ് കസാക്കിസ്ഥാൻ. അരിഷ്ടങ്ങളും ചൂർണങ്ങളും സുഗന്ധ വസ്തുക്കളും മറ്റുമാണ് ഇവർ ഏറ്റവുമധികം കേരളത്തിൽ നിന്നും ഇറക്കുമതി ചെയ്യുന്നത്. ആയുർവേദ മരുന്നുകളും സോപ്പ്, സൗന്ദര്യവർദ്ധക വസ്തുക്കൾ തുടങ്ങിയവ മതിയായ പരിശോധന നടത്തി ഗുണമേന്മ ഉറപ്പാക്കാതെയാണ് കയറ്റി അയക്കുന്നതെന്നതിനാലാണ് വിലക്കേർപ്പെടുത്തിയത്. ഇത് സംബന്ധിച്ച് കസാക്കിസ്ഥാൻ മന്ത്രാലയത്തിലെ സോഷ്യൽ ഹെൽത്ത് കൺസർവേഷൻ കമ്മിറ്റിയുടെ കത്ത് ലിയോമാർഡിനു ലഭിച്ചു. പെർഫ്യൂമറി, കോസ്‌മെറ്റിക് പ്രൊഡക്ഷൻ സംബന്ധിച്ചുള്ള സുരക്ഷ പ്രകാരമുള്ള ടെക്‌നിക്കൽ റഗുലേഷൻ  നിയമമനുസരിച്ച് കർശനമായ ഗുണമേന്മാ പരിശോധനയാണ് കസാക്കിസ്ഥാൻ ആവശ്യപ്പെടുന്നത്. 
കേരളത്തിൽ നിന്നുള്ള ആയുർവേദ മരുന്നുകൾക്കു ലോക നിലവാരമുള്ള ഗുണമേന്മ ഉണ്ടായിരിക്കണമെന്ന് വർഷങ്ങൾക്കു മുമ്പു തന്നെ കസാക്കിസ്ഥാൻ നിഷ്‌കർഷിച്ചിരുന്നു.
 ഇവിടെ നിന്നും കയറ്റുമതി ചെയ്യുന്ന ച്യവന പ്രാശം, പെയിൻ ബാം തുടങ്ങിയവയ്ക്കു ഗുണനിലവാരമില്ലെന്ന് കണ്ടതിനെത്തുടർന്നാണ് ഇപ്പോൾ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചത്. കേരളത്തിലെ ആയുർവേദ മരുന്നുകൾ വൻതോതിൽ കയറ്റി അയക്കാനും ആയുർവേദ ചികിത്സയ്ക്കു വിദേശീയരെ ആകർഷിക്കാനും സർക്കാർ കോടികൾ ചെലവഴിച്ച് വൻ പ്രചാരണങ്ങൾ ഒരുക്കുന്നതിനിടെയാണ് ഈ നടപടി. മരുന്നുകളുടെ ഗുണമേന്മ ഉറപ്പു വരുത്തുന്നതിന് ജി.സി.എം.എസ്, എൽ.സി.എം.എസ് ഉപകരണങ്ങൾ വാങ്ങാൻ ഇനിയും സർക്കാർ തയ്യാറായിട്ടില്ല. 
1500 ഓളം ആയുർവേദ മരുന്നു നിർമ്മാണ കമ്പനികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. പതിനായിരക്കണക്കിനു മരുന്നുകളുമുണ്ട്. ഇവ പരിശോധിക്കാനും സാമ്പിൾ ശേഖരിക്കാനും 6 ഡ്രഗ് ഇൻസ്‌പെക്ടർമാർ മാത്രമാണ് ഉള്ളത്. ആഭ്യന്തര വിപണിയിലെത്തുന്ന മരുന്നുകൾ ഗുണമേന്മ പരിശോധനകളില്ലാതെയാണ് എത്തുന്നത്. ആയുർവേദ ചൂർണത്തിൽ കീടനാശിനിയുടെ അംശം കാണപ്പെട്ടു എന്ന റിപ്പോർട്ട് പുറത്തു വന്നതും ആയുർവേദ ഉൽപന്നങ്ങളെ ഒഴിവാക്കാൻ കാരണമായി. 
ആയുർവേദ ഉൽപന്നങ്ങളിൽ കറുവപ്പട്ടയ്ക്കു പകരമായി കാസിയ ഉപയോഗിക്കുന്നതിനെതിരെ ലിയോണാർഡ് ജോൺ നൽകിയ പരാതി സെൻട്രൽ ഇൻഫർമേഷൻ കമ്മീഷണറുടെ പരിഗണനയിലാണ്.


 

Latest News