Sorry, you need to enable JavaScript to visit this website.

ദമാമില്‍ വിദേശികളെ ലക്ഷ്യമിട്ട് കവര്‍ച്ചാ സംഘങ്ങള്‍; ഇരകളില്‍ കൂടുതലും ഇന്ത്യക്കാര്‍

ദമാം- നഗരത്തിലും പരിസര പ്രദേശങ്ങളിലും വിദേശികള്‍ക്ക് നേരെ കവര്‍ച്ചാ സംഘങ്ങളുടെ അക്രമവും പിടിച്ചുപറിയും തുടര്‍ക്കഥയാകുന്നു. പട്ടാപ്പകല്‍ ജനം തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളില്‍ പോലും അക്രമികള്‍ കത്തിയും മറ്റു മാരകായുധങ്ങളുമായി വിദേശികളെ തിരഞ്ഞു പിടിച്ചു ക്രൂരമായി മര്‍ദിച്ച് പണവും വിലപിടിപ്പുള്ള വസ്തുക്കളും കൈക്കലാക്കി കടന്നുകളയുന്നു. ദമാം അല്‍ റബീയ ഏരിയയില്‍ ഒരു ഫിലിപ്പിനോ യുവാവിനെ ശരീരമാസകലം സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ച് മാരകമായി മുറിവേല്‍പ്പിച്ചു. ഇയാളുടെ പക്കലുണ്ടായിരുന്ന 150 റിയാല്‍ എടുത്താണ് സംഘം രക്ഷപ്പെട്ടത്.
രണ്ടാഴ്ചയായി ദമാം സെന്‍ട്രലിലും പരിസര പ്രദേശങ്ങളിലും രാവിലെ മുതലും  വൈകിട്ട് നാലിനുമിടയില്‍ 15 ഇന്ത്യക്കാര്‍ ആക്രമണത്തിന് ഇരയായി. കഴിഞ്ഞ മാസം 26 നാണ് കണ്ണൂര്‍ സ്വദേശി ഷഫീഖിനെ മൂന്നംഗ കവര്‍ച്ചാ സംഘം കാറില്‍ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 2000 റിയാല്‍ കൊള്ളയടിച്ചത്. രാവിലെ 10 മണിക്ക് നഗരമധ്യെ, സീക്കോ ബില്‍ഡിംഗിന് സമീപമുള്ള കിംഗ് ഫഹദ് ജുമാ മസ്ജിദിന് സമീപമുള്ള ഹോള്‍സെയില്‍ മാര്‍ക്കറ്റിന് മുന്‍വശത്തെ പാര്‍ക്കിംഗിലായിരുന്നു സംഭവം. ജോലിക്ക് പോകുന്നതിനായി വാഹനം തുറന്ന ഉടനെ അക്രമികള്‍ വാഹനത്തില്‍ അതിക്രമിച്ച് കയറുകയായിരുന്നുവെന്ന് ഷഫീഖ് പറഞ്ഞു.
കഴിഞ്ഞ അവധിക്കാലത്ത് ഗുര്‍നാത്ത ഭാഗത്ത് മാത്രം നൂറു കണക്കിന് വീടുകള്‍ കൊള്ളയടിച്ചതായും ദമാമിലും പരിസര പ്രദേശങ്ങളിലും വ്യാപകമായ അക്രമങ്ങളും പിടിച്ചു പറിയും നടന്നതായും നേരത്തെ മലയാളം ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ രാവിലെ ദമാം റാബിയ ഭാഗത്ത് ഒരു പ്രമുഖ മെഡിക്കല്‍ സെന്ററിന് സമീപത്ത് മലപ്പുറം സ്വദേശി കവര്‍ച്ചക്കിരയായി.  
മര്‍ദിച്ച് അവശനാക്കിയ ശേഷം കയ്യിലുള്ള പണവും മൊബൈലും പിടിച്ചെടുത്താണ് അക്രമി സംഘം കടന്നുകളഞ്ഞത്. സമാനമായ അമ്പതോളം അക്രമങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഏതാനും മാസങ്ങളോളം അക്രമ പരമ്പരകള്‍ക്ക് നേരിയ ശമനമുണ്ടായെങ്കിലും രണ്ടാഴ്ചയായി പിടിച്ചു പറിയും അക്രമങ്ങളും വീണ്ടും തുടങ്ങിയതോടെ വിദേശികള്‍ ആശങ്കയിലാണ്. ഒഴിഞ്ഞ സ്ഥലങ്ങളിലൂടെ ഒറ്റപ്പെട്ടു പോകുന്നവരെ വഴിയില്‍ തടഞ്ഞുവെച്ച് മര്‍ദിക്കുകയും പണവും മൊബൈലുകളും കവരുകയും ചെയ്യുകയാണ് അക്രമികളുടെ രീതി.
പകല്‍ സമയം വിദേശികള്‍ താമസിക്കുന്ന സ്ഥലം നിരീക്ഷിച്ച് താമസക്കാര്‍ പുറത്തു പോകുന്ന സമയം വീടുകളില്‍ കയറി കൊള്ളയടിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.
അധികൃതരുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ഒരാഴ്ചക്കകം തന്നെ മുപ്പതോളം കവര്‍ച്ചക്കാരെ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍ നിന്ന് കൊള്ള മുതല്‍ പിടിച്ചെടുത്തിട്ടുമുണ്ട്. പോലീസ് തെളിവെടുപ്പില്‍ അക്രമികളെ തിരിച്ചറിഞ്ഞ ഇന്ത്യക്കാരടക്കമുള്ള ഇരകളില്‍ പലര്‍ക്കും നഷ്ടപ്പെട്ടവ തിരിച്ചു ലഭിച്ചിട്ടുണ്ട്. ആറു മാസം മുമ്പ് മലയാളം ന്യൂസ് വാര്‍ത്തയെ തുടര്‍ന്ന് അക്രമത്തിന് ഇരയായവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അക്രമ പരമ്പര പൂര്‍വാധികം ശക്തിയോടെ ദമാമിലും പരിസര പ്രദേശങ്ങളിലും വര്‍ധിച്ചിട്ടുണ്ട്. ഇരകളില്‍ കൂടുതലും ഇന്ത്യക്കാരായതിനാല്‍ വൈകുന്നേരങ്ങളില്‍ ഒറ്റപ്പെട്ടുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും വിജനമായ സ്ഥലങ്ങളിലൂടെ നടന്നു പോകുന്നത് അപകടം വിളിച്ചുവരുത്തുമെന്നും സാമൂഹ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.  

 

 

Latest News