തിരുവനന്തപുരം- പി. കരുണാകരൻ ഒഴികെയുള്ള സിറ്റിംഗ് എം.പിമാരെ മത്സരിപ്പിക്കാൻ സി.പി.എം സെക്രട്ടറിയേറ്റിൽ ധാരണ. ആലപ്പുഴയിൽ ദേശീയ നേതാവിന്റെ പരിവേഷവുമായി എത്തുന്ന കെ.സി. വേണുഗോപാലിനെതിരെ എ.എം. ആരിഫ് എം.എൽ.എ പാർട്ടിയുടെ സർപ്രൈസ് ചോയ്‌സ് ആയി. കോഴിക്കോട്ട് എ. പ്രദീപ് കുമാർ, കോട്ടയത്ത് സുരേഷ് കുറുപ്പ് എന്നീ എം.എൽ.എമാരെ ഇറക്കാനും സെക്രട്ടറിയേറ്റിൽ ആലോചനയുണ്ട്.
കോട്ടയം സി.പി.എം ഏറ്റെടുത്തേക്കും. സി.പി.ഐ ഒഴികെ ഘടക കക്ഷികൾക്കൊന്നും സീറ്റില്ല. ജനാധിപത്യ കേരള കോൺഗ്രസ്, എൻ.സി.പി, ജനതാദൾ എന്നിവർ സീറ്റിനായി രംഗത്തുണ്ടെങ്കിലും അനുകൂല പ്രതികരണമല്ല സെക്രട്ടറിയേറ്റിൽ. ഈ പാർട്ടികൾ മുന്നണിയിൽ സമ്മർദം ശക്തമാക്കിയേക്കും. സീറ്റ് നിർബന്ധമായും വേണമെന്ന് ജനതാദൾ പ്രതികരിച്ചു കഴിഞ്ഞു.
കരുണാകരന് പകരം കെ.പി. സതീഷ് ചന്ദ്രനെ കാസർകോട്ട് സ്ഥാനാർഥിയാക്കും. കണ്ണൂരിൽ പി.കെ. ശ്രീമതിയും ആറ്റിങ്ങലിൽ ഡോ. എ. സമ്പത്തും പാലക്കാട്ട് എം.ബി. രാജേഷും ആലത്തൂരിൽ പി.കെ. ബിജുവും ഇടുക്കിയിൽ ജോയ്‌സ് ജോർജും വീണ്ടും സ്ഥാനാർഥികളാകും.
സിറ്റിംഗ് എം.പിമാരെ മാറ്റി മത്സരിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും മണ്ഡലങ്ങളിലെല്ലാം ഒന്നിലധികം സ്ഥാനാർഥികളുടെ പേരുകൾ ഉയർന്നതിനാൽ സിറ്റിംഗ് എം.പിമാർക്ക് നറുക്ക് വീഴുകയായിരുന്നു. മറ്റു മണ്ഡലങ്ങളിൽ കൂടുതൽ പേരുകൾ ഉയർന്നതിനാൽ പൂർണമായും ധാരണയിലെത്താൻ സംസ്ഥാന സെക്രട്ടറിയേറ്റിന് സാധിച്ചില്ല.
കൊല്ലത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.എൻ. ബാലഗോപാൽ മത്സരിക്കും. ചാലക്കുടിയിൽ സിറ്റിംഗ് എം.പി ഇന്നസെന്റിനെ മത്സരിപ്പിക്കണമെന്നാണ് ധാരണ. ഇതിൽ മാറ്റമുണ്ടായേക്കാം. വടകരയിൽ പി. സതീദേവി, മുഹമ്മദ് റിയാസ് എന്നിവർ പരിഗണനയിൽ. റിയാസിനാണ് സാധ്യത കൂടുതൽ. കോഴിക്കോട്ട് എ. പ്രദീപ് കുമാർ എം.എൽ.എയും കോട്ടയത്ത് ഡോ. സിന്ധുമോൾ ജേക്കബ് അല്ലെങ്കിൽ സുരേഷ് കുറുപ്പ് എം.എൽ.എ എന്നിവരാണ് പരിഗണനയിൽ. ചാലക്കുടിയിൽ ഇന്നസെന്റ് മത്സരിച്ചില്ലെങ്കിൽ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി. രാജീവ് മത്സരിക്കണമെന്നാണ് സെക്രട്ടറിയേറ്റിലെ ധാരണ. എങ്കിൽ ഇന്നസെന്റിനെ എറണാകുളത്ത് മത്സരിപ്പിച്ചേക്കും. മുൻ എം.എൽ.എ സാജു പോളിനെയും എറണാകുളത്ത് ആലോചിക്കുന്നുണ്ട്.
മലപ്പുറത്തും പൊന്നാനിയിലും പത്തനംതിട്ടയിലും സ്വതന്ത്ര സ്ഥാനാർഥികളെ പരിഗണിക്കണമെന്ന അഭിപ്രായമാണ് സെക്രട്ടറിയേറ്റിൽ ഉണ്ടായത്. ഇന്നസെന്റിനെ പത്തനംതിട്ടയിലും പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. ഇന്നു ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് 16 മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ തീരുമാനിക്കും. കോട്ടയം തിരിച്ചെടുത്ത് പതിനാറു സീറ്റിലും സി.പി.എം മത്സരിക്കണമെന്ന പൊതുവികാരമാണ് സെക്രട്ടറിയേറ്റിൽ ഉണ്ടായത്. ഘടക കക്ഷികളുമായുള്ള ഉഭയകക്ഷി ചർച്ചകൾക്കു ശേഷമായിരിക്കും അന്തിമ തീരുമാനം.
ഇന്ന് സെക്രട്ടറിയേറ്റ് തയാറാക്കുന്ന പട്ടിക നാളെ ലോക്‌സഭാ മണ്ഡലം കമ്മിറ്റികൾ ചർച്ച ചെയ്യും. മറ്റന്നാൾ മുതൽ ചേരുന്ന സംസ്ഥാന സമിതിക്കു ശേഷം കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും. അതേ സമയം, സി.പി.എമ്മുമായുള്ള ഉഭയകക്ഷി ചർച്ചയിൽ കോഴിക്കോട്, വടകര സീറ്റുകളിൽ ഒന്ന് വേണമെന്ന് എൽ.ജെ.ഡി ആവശ്യപ്പെട്ടു. അനുഭാവപൂർവം പരിഗണിക്കാമെന്നാണ് സി.പി.എമ്മിന്റെ നിലപാട്. അന്തിമ തീരുമാനം വെള്ളിയാഴ്ച ചേരുന്ന എൽ.ഡി.എഫ് യോഗത്തിലുണ്ടാകും.






