അതും ഫേക്ക്, മോഡിയ്‌ക്കൊപ്പമുള്ളത്  അഭിനന്ദിന്റെ ഭാര്യയും കുട്ടിയുമല്ല 

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒരു യുവതിക്കും കുഞ്ഞിനുമൊപ്പമുള്ള ഫോട്ടോ കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്റെ ഭാര്യയ്ക്കും മകനുമൊപ്പം പ്രധാനമന്ത്രി എന്ന തലക്കെട്ടോട് കൂടിയ ചിത്രം പതിനായിരത്തിലധികം തവണയാണ് ഫെയ്‌സ് ബുക്ക് വഴി മാത്രം ഷെയര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ പ്രകാരം ചിത്രം വ്യാജമാണെന്നാണ് കണ്ടെത്തല്‍.

വ്യാജവാര്‍ത്തകള്‍ കണ്ടെത്തുന്ന ഓണ്‍ലൈന്‍ പോര്‍ട്ടലായ ബൂം നടത്തിയ അന്വേഷണത്തിലാണ് ഇത് വ്യക്തമായത്. 'ഞാനും എന്റെ മകനും പ്രധാനമന്ത്രിക്കൊപ്പം' എന്ന കീവേര്‍ഡ് ഉപയോഗിച്ച് ഫേസ്ബുക്കില്‍ നടത്തിയ തെരച്ചിലിലാണ് ഫേസ്ബുക്ക് ഉപയോക്താവ് നിധി ഖണ്ടേവാള്‍ ഒരു കുറിപ്പില്‍ നല്‍കിയ അഭിപ്രായം കണ്ടെത്തിയത്. ഇത് അഭിനന്ദന്റെ ഭാര്യയല്ലെന്നും അവരുടെ ഒരു സുഹൃത്താണെന്നും ദയവ് ചെയ്ത് ചിത്രം ഷെയര്‍ ചെയ്യരുതെന്നും നിധി ആവശ്യപ്പെടുന്നു. ഫോട്ടോയെ കുറിച്ചുള്ള കൂടുതല്‍ അന്വേഷണത്തില്‍ ചിത്രത്തിലുള്ളത് ജാന്‍വി ദാസ് ആണെന്ന് ബൂം കണ്ടെത്തി. അവരുമായി ബന്ധപ്പെട്ടപ്പോള്‍ യുവതി തന്റെ പടമാണെന്ന് സ്ഥിരീകരിച്ചതായും ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ നിന്നും പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടതായും ബൂം റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോട്ടോ ഒരിക്കലും ഫേസ്ബുക്കില്‍ പങ്കു വെച്ചിരുന്നില്ലെന്നും അവര്‍ പറയുന്നു. തെരഞ്ഞെടുപ്പ് വിദഗ്ധന്‍ പ്രശാന്ത് കിഷോറിന്റെ ഭാര്യയാണ് ജാന്‍വി ദാസ്.

Latest News