Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പാസ്‌പോര്‍ട്ട് വേണം, വിദേശത്തു പോയി പഠിക്കണം- അഫ്‌സല്‍ ഗുരുവിന്റെ മകന്‍

ശ്രീനഗര്‍- ആധാര്‍ കാര്‍ഡ് ലഭിച്ചുവെന്നും ഇനി പാസ്‌പോര്‍ട്ട് സ്വന്തമാക്കി വിദേശത്തു പോയി പഠിക്കണമെന്നും പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഡിസ്റ്റിംഗ്ഷനോടെ പാസായ അഫ്‌സല്‍ ഗുരുവിന്റെ മകന്‍ ഗാലിബ് ഗുരു. പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിക്കൊന്ന അഫ്‌സല്‍ ഗുരുവിന്റെ മകന്‍ മികച്ച മാര്‍ക്കോടെ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കി സമൂഹത്തിന്റെ എല്ലാ കോണുകളില്‍നിന്ന് അഭിനന്ദനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. 2001 ല്‍ പാര്‍ലമെന്റ് ആക്രമണം നടക്കുമ്പോള്‍ ഗാലിബ് ഗുരുവിന് രണ്ട് വയസ്സ് മാത്രമാണ് പ്രായം. 2013-ലാണ് പിതാവിനെ തൂക്കിലേറ്റിയത്. വിദേശത്തെ പല കോളേജുകളും പഠനത്തിന് ഗ്രാന്‍ഡ് നല്‍കാന്‍ തയാറായിരിക്കെയാണ് ഗാലിബ് ഗുരു പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത്.
ആധാര്‍കാര്‍ഡ് ലഭിച്ചു. ഇനി പാസ്‌പോര്‍ട്ട് ലഭിച്ചാല്‍ എനിക്ക് ഇന്റര്‍നാഷണല്‍ മെഡിക്കല്‍ സ്‌കോളര്‍ഷിപ്പ് കരസ്ഥമാക്കാം- ഗാലിബ് പറഞ്ഞു.
ജമ്മു- കശ്മീര്‍ സ്‌കൂള്‍ ബോര്‍ഡ് നടത്തിയ പന്ത്രണ്ടാം ക്ലാസ്  പരീക്ഷയില്‍ ഗാലിബ് 88 ശതമാനം മാര്‍ക്ക് നേടിയിരുന്നു.  പത്താം ക്ലാസ് പരീക്ഷയില്‍ അഞ്ച് വിഷയങ്ങളില്‍ എ 1 ഗ്രേഡോഡെ 95 ശതമാനമായിരുന്നു മാര്‍ക്ക്. വിദ്യഭ്യാസത്തിലെ മകിച്ച പ്രകടനം സമൂഹ മാധ്യമങ്ങളില്‍ ഗാലിബിനെ താരമാക്കിയിരുന്നു. വിവിധ തുറകളിലുള്ളവര്‍ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടി.
അഫ്‌സല്‍ ഗുരുവിന്റെ മകനെന്ന് ആവര്‍ത്തിക്കേണ്ടതില്ലെന്നും അവനെ മറ്റുള്ളവരെ പോലെ ഇന്ത്യന്‍ പൗരനായി കാണണമെന്നും നിരവധി പേര്‍ സമൂഹ മാധ്യമങ്ങളില്‍ ആവശ്യപ്പെട്ടു. പിതാവിന്റെ നടപടികള്‍ക്ക് ഒരു കുട്ടി എന്തിന് ഇരയാക്കപ്പെടണമെന്നാണ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി ചോദിച്ചത്.
മെയ് അഞ്ചിന് നടക്കുന്ന അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സിനായി തയാറെടുത്തിരിക്കയാണ് ഗാലിബ്. ഇന്ത്യയില്‍ മെഡിക്കല്‍ പഠനത്തിന് സാധിച്ചില്ലെങ്കില്‍ തുര്‍ക്കിയില്‍ ഒരു കോളേജില്‍നിന്ന് സ്‌കോളര്‍ഷിപ്പ് ലഭിക്കുമെന്ന് ഗാലിബ് പറഞ്ഞു. താന്‍ ഒരു ഡോക്ടറായി കാണാനാണ് പിതാവ് ആഗ്രഹിച്ചിരുന്നതെന്നും അത് പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും ഗാലിബ് കൂട്ടിച്ചേര്‍ത്തു.
പിതാവ് മെഡിക്കല്‍ രംഗത്തെ ജോലി തുടര്‍ന്നില്ല. എനിക്കത് പൂര്‍ത്തിയാക്കണം. തനിക്ക് ഇതുവരെ സുരക്ഷാ സേനാംഗങ്ങളില്‍ നിന്ന് യാതൊരു തരത്തിലുമുള്ള പ്രശ്‌നങ്ങളും നേരിടേണ്ടിവന്നിട്ടില്ലെന്നും മറിച്ച് പഠനം മുന്നോട്ടുകൊണ്ടുപോകാനുള്ള പ്രചോദനമാണ് ലഭിച്ചിരുന്നതെന്നും ഗാലിബ് പറഞ്ഞു. അവര്‍ ഒരിക്കല്‍ പോലും വിദ്യാലയങ്ങളില്‍ വെച്ചോ വീട്ടില്‍ വെച്ചോ ശല്യപ്പെടുത്താന്‍ തുനിഞ്ഞില്ലെന്നും ഗാലിബ് വ്യക്തമാക്കി.

 

Latest News