Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പോലീസിൽ ഗൾഫ് സഹകരണത്തിന്റെ  പുതുവഴി 

കേരള പോലീസിന് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന സൈബർ ഡോമിന്റെ പ്രവർത്തനം മനസ്സിലാക്കാനെത്തിയ ദുബായ് പോലീസ് സംഘത്തിന് സൈബർ ഡോം മേധാവിയും എ.ഡി.ജി.പിയുമായ മനോജ് എബ്രഹാം ഐ.പി.എസ് സൈബർ ഡോമിന്റെ പ്രവർത്തനം വിശദീകരിക്കുന്നു. (ഫയൽ ഫോട്ടോ )

കേരളത്തിന്റെ ഗൾഫ് മോഡൽ എല്ലാ 
രംഗത്തും പ്രസിദ്ധമാണ്. കുഴിമന്തിയും ആധുനിക മാർക്കറ്റുകളും അത്യാധുനിക ജീവിത രീതികളും മാത്രമല്ല, നല്ല ഒന്നാന്തരം പോലീസ് സ്റ്റേഷനും ഗൾഫ് മാതൃകയിൽ കേരളത്തിൽ ഉയരാൻ ഇനി അധികനാൾ ആവശ്യമില്ല.

ഗൾഫ് നാടുകളുമായുള്ള കേരളത്തിന്റെ കൊടുക്കൽ വാങ്ങലുകളുടെ ഇടത്തിലേക്ക് പോലീസ് നവീകരണവും കടന്നു വരുന്നു. അടുത്തിടെ ദുബായ് സന്ദർശന ഘട്ടത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലെ ജുമൈറ സ്മാർട്ട് പോലീസ് സ്‌റ്റേഷനും സന്ദർശിച്ചിരുന്നു. ദുബായ് പോലീസിന്റെ പ്രത്യേക ക്ഷണ പ്രകാരമായിരുന്നു ഈ സന്ദർശനം .കേരളം ഭരിക്കുന്നവർ ഗൾഫിലെത്തുമ്പോൾ അവരെ ഇതുവഴിയൊക്കെ കൊണ്ടുപോകാനുള്ള സംവിധാനം എത്രയോ കാലമായി ഈ നാടുകളിലൊക്കെയുണ്ട്. അവസരം ഇപ്പോഴാണ് വേണ്ടത്ര ഫലപ്രദമായി ഉപയോഗിച്ചു തുടങ്ങിയതെന്ന് മാത്രം. കേരളത്തിലും ഇതുപോലൊരു സ്മാർട്ട് പോലീസ് സ്‌റ്റേഷൻ എന്ന ആശയം ജുമൈറ സ്‌റ്റേഷൻ കണ്ടപ്പോഴായിരിക്കാം മുഖ്യമന്ത്രിയുടെ മനസ്സിലുദിച്ചത്. മുഖ്യമന്ത്രി പങ്ക് വെച്ച ആശയം ഗൾഫിലെയും കേരളത്തിലെയും മാധ്യമങ്ങളിൽ അടുത്ത ദിവസം വാർത്തയായിരുന്നു. ( ഫെബ്രുവരി 16). പരാതി നൽകാൻ കടലാസ് ആവശ്യമില്ലാത്ത ഡിജിറ്റൽ സ്‌റ്റേഷനായിരുന്നു മുഖ്യമന്ത്രിയുടെ മനസ്സിൽ. ചിന്താപരമായി അത്രയൊന്നും വളരാത്ത സമൂഹത്തിൽ ഇതൊക്കെ എത്ര മാത്രം പ്രായോഗികമാകുമെന്നതൊക്കെ കണ്ടറിയുക തന്നെ വേണം. ഇടിയൻ പോലീസുകാരും സ്‌റ്റേഷനിൽ സ്വന്തം പാർട്ടിക്കാർക്ക് മാത്രം ഇരിപ്പടമൊരുക്കുന്ന പ്രാകൃതാവസ്ഥയുമൊക്കെയുള്ള പോലീസ് തന്നെയാണ് കേരള സമൂഹത്തിന്റെ മനസ്സിൽ ഇപ്പോഴുമുള്ളതെന്നുറപ്പാണ്. കെ.കരുണാകരൻ പോലീസ് ഭരിച്ചിരുന്ന കാലത്ത് അന്ന് എതിർപക്ഷത്തായിരുന്ന കെ.പി.നൂറുദ്ദീൻ പ്രസംഗിച്ചതോർക്കുന്നു.
'ഇവിടെയൊരു ഭരണമുണ്ടോ എന്ന് ചോദിക്കുന്നവരോട് ഞങ്ങൾക്കൊന്നേ പറയാനുള്ളു. മുമ്പിലും പിന്നിലും പോലീസുമായി മാറെടാ, മാറെടാ എന്നട്ടഹിസിച്ച് ഭരണാധികാരി സഞ്ചരിക്കുന്നതാണ് ഭരണം എന്ന ചില യാളുകളുടെ സങ്കൽപമുണ്ടല്ലോ. അതവർ മാറ്റുക തന്നെ വേണം' കരുണാകരനും നൂറുദ്ദീനും ഭൂമുഖത്ത് നിന്ന് പോയി. പോലീസും കേരളം ഭരിക്കുന്നവരും അന്നും ഇന്നും ഒരുപോലെ തന്നെ. ഇതൊക്കെ മാറണം എന്ന ആഗ്രഹം ആവർത്തിക്കുന്ന മുഖ്യമന്ത്രിയെ പോലുള്ളവരിൽ പ്രതീക്ഷയർപ്പിക്കാൻ മാത്രമേ നമുക്കിപ്പോൾ കഴിയുകയുള്ളൂ. ഇപ്പറഞ്ഞതിന്റെ തുടർച്ചയായിട്ടാകാം കഴിഞ്ഞ ദിവസം ദുബായ് പോലീസ് സംഘം തിരുവനന്തപുരത്തുള്ള പോലീസ് ആസ്ഥാനം സന്ദർശിക്കാനെത്തിയത് - മുഖ്യമന്ത്രിയുടെ സന്ദർശനത്തിന്റെ ഫലപ്രദമായ തുടർനടപടി.
സൈബർ സുരക്ഷാ രംഗത്ത് ലോകത്തിന് തന്നെ മാതൃകയായ കേരള പോലീസിന് കീഴിൽ പ്രവർത്തിക്കുന്ന സൈബർ ഡോമുമായി സഹകരിക്കാനാണ് ദുബായ് പോലീസ് സന്ദർശക ഘട്ടത്തിൽ തീരുമാനിച്ചത്. ലോക രാജ്യങ്ങൾ ഇന്ന് ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന സൈബർ സെക്യൂരിറ്റി, സൈബർ ക്രൈം കുറ്റാന്വേഷണം തുടങ്ങിയവയിൽ സൈബർ ഡോമുമായി സഹകരിക്കാനുള്ള സന്നദ്ധത ദുബായ് പോലീസ് സംവിധാനം സൈബർ ഡോം മേധാവി മനോജ് എബ്രഹാം ഐപിഎസിനെ അറിയിച്ചു കഴിഞ്ഞു. കേരളത്തിലെ സൈബർ ഡോമിന്റെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കാൻ സൈബർ ഡോം ആസ്ഥാനത്ത് എത്തിയ ദുബായ് പോലീസിലെ ബ്രിഗേഡിയർ ഖാലിദ് അൽ റസൂഖിയാണ് സൈബർ ഡോമിന്റെ സഹകരണം തങ്ങൾക്കാവശ്യമുണ്ടെന്ന് കേരള പോലീസിനെ അറിയിച്ചത്. കേരള സർക്കാർ സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കുന്നതാണ് സൈബർ ഡോം. ലോകത്ത് തന്നെ സൈബർ സുരക്ഷാ രംഗത്ത് ഉന്നതിയിൽ നിൽക്കുന്ന സ്ഥാപനമായി ഇത് മാറിക്കഴിഞ്ഞു. ഇതിന്റെ പ്രവർത്തനങ്ങൾ മനസ്സിലാക്കുവാനും ഇത് പോലൊരു കേന്ദ്രം ദുബായ് പോലീസിൽ ആരംഭിക്കുന്നതിനുമായാണ് ഖാലിദ് അൽ റസൂഖിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം സൈബർ ഡോം സന്ദർശിച്ചതെന്നത് കേരളത്തിന് അഭിമാനിക്കാവുന്ന കാര്യമാണ്. സൈബർ ഡോമിന്റെ വിവിധ വിഭാഗങ്ങളുടെ പ്രവർത്തനങ്ങൾ സൈബർ ഡോം മേധാവി മനോജ് എബ്രഹാം ഐ.പി.എസ് ഇവർക്ക് വിവരിച്ചു നൽകി. തുടർന്നാണ് സൈബർ സുരക്ഷ, ആർട്ടിഫഷ്യൽ ഇന്റലിജൻസ്, സൈബർ ക്രൈം സോഫ്റ്റ് വെയർ ഡെവല്പമെന്റ് എന്നിവയിൽ ദുബായ് പോലീസ് കേരളത്തിന്റെ സഹകരണം ആവശ്യപ്പെട്ടതെന്നാണ് കേരള പോലീസ് ഔദ്യോഗികമായി അറിയിച്ചത്. സോഷ്യൽ മീഡിയകളായ ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ് വഴിയുള്ള കുറ്റകൃത്യങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അത് തടയുന്നതിനും ഇതിലൂടെ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുറ്റവാളികളെ കുറിച്ചുള്ള വിവരങ്ങൾ പരസ്പരം കൈമാറാനും ധാരണയായിക്കഴിഞ്ഞു. രാഷ്ട്രീയ കോലാഹലങ്ങൾക്കിടയിൽ വേണ്ടത്ര പരിഗണന കിട്ടാതെ പോകുന്ന ശ്രദ്ധേയ ചലനങ്ങളാണിതൊക്കെ. കേരളത്തിന്റെ ഗൾഫ് മോഡൽ എല്ലാ രംഗത്തും പ്രസിദ്ധമാണ്. കുഴിമന്തിയും ആധുനിക മാർക്കറ്റുകളും അത്യാധുനിക ജീവിത രീതികളും മാത്രമല്ല, നല്ല ഒന്നാന്തരം പോലീസ് സ്റ്റേഷനും ഗൾഫ് മാതൃകയിൽ കേരളത്തിൽ ഉയരാൻ ഇനി അധികനാൾ ആവശ്യമില്ല. 

Latest News