പന്ത്രണ്ടാം ക്ലാസിലെ ടോപ്പര്‍ സമധാനം തേടി സന്ന്യാസിയാകുന്നു


അഹമ്മദാബാദ്-  പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ 99.9 ശതമാനം മാര്‍ക്ക് നേടിയ വിദ്യാര്‍ഥി എല്ലാം ഉപേക്ഷിച്ച് സന്ന്യസിക്കാന്‍ പോകുന്നു. പ്ലസ് ടുവിന് പരമാവധി മാര്‍ക്ക് കരസ്ഥമാക്കി ഉയര്‍ന്ന ജോലി ലഭിക്കാവുന്ന കോഴ്‌സുകള്‍ക്ക് പരക്കം പായുമ്പോഴാണ് ഗുജറാത്തിലെ വിദ്യാര്‍ഥി കൂട്ടുകാരേയും അധ്യാപകരേയും അമ്പരപ്പിച്ചത്. അഹമ്മദാബാദ് സ്വദേശിയും 17 കാരനുമായ വര്‍ഷില്‍ ഷായാണ് ജീവിതിത്തോട് വിരക്തി പ്രഖ്യാപിച്ച് ജൈന സന്ന്യാസിയാകുന്നത്.
നാളെ ജൈന സന്ന്യാസിമാരും സന്ന്യാസിനിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ വര്‍ഷില്‍ ദീക്ഷ  സ്വീകരിക്കുമെന്ന് അമ്മാവന്‍ നയനഭി സുതാരി പറഞ്ഞു. ഗാന്ധിനഗറിലാണ് ചടങ്ങ്.
കഴിഞ്ഞ മാസം 27-ന്  ഗുജറാത്ത് സെക്കണ്ടറി ആന്റ് ഹയര്‍ സെക്കണ്ടറി എജുക്കേഷന്‍ ബോര്‍ഡ് പ്രഖ്യാപിച്ച പ്ലസ് ടു ഫലത്തില്‍ ടോപ്പര്‍മാരില്‍ ഒരാളാണ് വര്‍ഷില്‍.
എല്ലാ കുട്ടികളേയും പോലെ ഉന്നത വിജയം വര്‍ഷിലിനെ ആഹ്ലാദിപ്പിച്ചൊന്നുമില്ല. ജൈന മതം പിന്തുടരുന്ന കുടുംബം പൊതുവെ ഐഹിക കാര്യങ്ങളില്‍ താല്‍പര്യം കാണിക്കാറുമില്ല. അതു കൊണ്ടുതന്നെ വര്‍ഷിലിന്റെ അമ്മാവനാണ് അനന്തിരവന്റെ തീരുമാനങ്ങളെ കുറിച്ച് വാര്‍ത്താലേഖകരോട് പ്രതികരിച്ചത്.
പരീക്ഷാ ഫാലം പ്രതീക്ഷിച്ചതു പോലെ തന്നെയാണ്. പക്ഷെ, സമാധാനം കൈവരിക്കാനും നിലനിര്‍ത്താനും ഈ ലോകത്തെ തിരസ്‌കരിക്കുക മാത്രമാണ് വഴിയെന്നാണ് അവന്‍ ചിന്തിക്കുന്നതെന്ന് അമ്മാവന്‍ പറഞ്ഞു.
മകന്‍ സ്വീകരിച്ച പാതയില്‍ അമ്മ അമിബെന്‍ ഷായും പിതാവ് ജിഗര്‍ഭായിയും സംതൃപ്തരാണ്. ആദായ നികുതി ഉദ്യോഗസ്ഥനാണ് ജിഗര്‍ഭായ്.
വര്‍ഷിലിനേയും മൂത്ത മകള്‍ ജൈനിനിയേയും പൂര്‍ണമായും ലാളിത്യത്തോടെയണ് ഇവര്‍ വളര്‍ത്തിയത്. എല്ലാത്തിനേയും സ്‌നേഹിക്കുക ജൈന മതത്തിലെ ജീവദയ സങ്കല്‍പത്തെ പിന്തുടരുന്നവരാണ് ഈ കുടുംബം. വൈദ്യുതി പോലും ഷായുടെ വീട്ടില്‍ പരിമിതമായേ ഉപയോഗിക്കാറുള്ളൂ. വൈദ്യുതി ഉല്‍പാദിപ്പിക്കുമ്പോള്‍ നിരവധി ജലജീവികള്‍ക്ക് ജീവന്‍ നഷ്ടമാകുന്നുണ്ടെന്ന് ഇവര്‍ വിശ്വസിക്കുന്നു. ജൈന തത്ത്വമായ അഹിംസക്ക് വിരുദ്ധമാണെന്നും പറയുന്നു. ഷായുടെ വീട്ടില്‍ ടെലിവിഷനോ റഫ്രിജറേറ്ററോ ഇല്ല. രാത്രി കുട്ടികള്‍ പഠിക്കുമ്പോള്‍ മാത്രമാണ് വൈദ്യുതി ഉപയോഗിച്ചിരുന്നത്.
പ്ലസ് ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടാനായത് വലിയ അത്ഭുതമായൊന്നും വര്‍ഷിലിനു തോന്നിയില്ല. വിജയത്തിനായുള്ള അവന്റെ മന്ത്രങ്ങള്‍ വേറെയായിരുന്നു.
മനസ്സാന്നിധ്യം നേടിയെടുത്തതാണ് ഉയര്‍ന്ന മാര്‍ക്ക് നേടാന്‍ വര്‍ഷിലിനെ സഹായിച്ചത്. കഴിഞ്ഞ അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുമ്പ് കണ്ടുമുട്ടിയ ഏതാനും ജൈന സന്ന്യാസികളാണ് വര്‍ഷിലിനെ മനസ്സിനെ കേന്ദ്രീകരിക്കാനും അങ്ങനെ ഉയര്‍ന്ന മാര്‍ക്ക് നേടാനും  പ്രാപ്തനാക്കിയത്.  മൂന്ന് വര്‍ഷം മുമ്പ് തന്നെ വര്‍ഷില്‍ ആത്മീയ പാത തെരഞ്ഞെടുത്തിരുന്നു. സൂറത്ത് ആസ്ഥാനമായ മുനി ശ്രീ കല്യാണ്‍ രത്‌ന വിജയ്ജിയെ കണ്ടുമുട്ടിയപ്പോഴായിരുന്നു അതെന്നും സന്ന്യാസം സ്വീകരിക്കാന്‍ സ്‌കൂള്‍ പഠനം പൂര്‍ത്തിയാകാന്‍ കാത്തിരിക്കയായിരുന്നുവെന്നും അമ്മാവന്‍ നയനഭി സുതാരി പറഞ്ഞു.

 

Latest News