Sorry, you need to enable JavaScript to visit this website.

ഇന്ത്യയ്‌ക്കെതിരെ യുഎസിന്റെ വ്യാപാര യുദ്ധം; മുന്‍ഗണനാ പദവി നീക്കുന്നു

വാഷിങ്ടണ്‍- വ്യാപാര രംഗത്ത് ഇന്ത്യയ്ക്കു നല്‍കിവരുന്ന മുന്‍ഗണനാ പദവി നിര്‍ത്തലാക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡൊനാള്‍ഡ് ട്രംപ്. ഇതൊടെ ഇന്ത്യയുമായി പുതിയൊരു വ്യാപാര യുദ്ധത്തിനു വഴിതുറന്നിരിക്കുകയാണ് അമേരിക്ക. 5.6 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയില്‍ നിന്നുള്ള ഉല്‍പന്നങ്ങളുടെ ഇറക്കുമതിക്ക് നല്‍കി വന്നിരുന്ന നികുതി സൗജന്യം ഈ മുന്‍ഗണനാ പദവി (ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സ്- ജി.എസ്.പി) നീക്കം ചെയ്യുന്നതോടെ അവസാനിക്കും. യുഎസ് ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ചുമത്തുന്ന തീരുവ കുറക്കണമെന്ന നിരന്തര ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് ട്രംപിന്റെ ഈ നീക്കം. യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് വലിയ ഇറക്കുമതി തീരുവ ചുമത്തുന്ന ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസ് തീരുവ ഇളവ് നല്‍കേണ്ടതില്ലെന്നാണ് ട്രംപിന്റെ നിലപാട്.

യുഎസും ഇന്ത്യന്‍ സര്‍ക്കാരും തമ്മില്‍ ഏറെ ചര്‍ച്ചകള്‍ നടന്നെങ്കിലും യുഎസിനു നികുതി നല്‍കുമെന്ന് ഇന്ത്യ ഉറപ്പൊന്നും നല്‍കാത്തിനാലാണ് ഈ നടപടിയെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യന്‍ വിപണിയില്‍ ന്യായവും യുക്തിസഹവുമായ പ്രവേശനം യുഎസ് ലഭിക്കുന്നില്ല. ഇത് ഇന്ത്യ ഉറപ്പു നല്‍കുന്നുമില്ല- യുഎസ് ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലെ അംഗങ്ങള്‍ക്ക് അയച്ച കത്തില്‍ പ്രസിഡന്റ് ട്രംപ് വ്യക്തമാക്കുന്നു.

യുഎസിന്റെ ഇളവ് നിര്‍ത്തലാക്കല്‍ നടപടി പ്രാബല്യത്തിലാകാന്‍, ഇതു സംബന്ധിച്ച അറിയിപ്പ് കോണ്‍ഗ്രസിനും ഇന്ത്യയ്ക്കും നല്‍കിയതിനു ശേഷം  ചുരുങ്ങിയത് 60 ദിവസമെങ്കിലും സമയമെടുക്കുമെന്ന് യുഎസ് വ്യാപാര വകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു. 

യുഎസിന്റെ വ്യാപാര പങ്കാളികളില്‍ ഈ മുന്‍ഗണനാ പദവി (ജി.എസ്.പി)യുടെ ഏറ്റവും വിലയ ഗുണഭോക്താവാണ് ഇന്ത്യ. അതുകൊണ്ട് തന്നെ ട്രംപ് അധികാരത്തിലെത്തിയ ശേഷം യുഎസ് ഇന്ത്യയ്‌ക്കെതിരെ സ്വീകരിക്കുന്ന ഏറ്റവും കടുത്ത നടപടിയായിരിക്കുമിതെന്നും വിലയിരുത്തപ്പെടുന്നു.

അതേസമയം ഈ പദവി ഒഴിവാക്കുന്നത് ഇന്ത്യ-യുഎസ് വ്യാപാരങ്ങള്‍ക്ക് വലിയ തടസം സൃഷ്ടിക്കില്ലെന്ന് ദല്‍ഹിയിലെ വാണിജ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ആഗോള കമ്പനികളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഇന്ത്യയുടെ പുതിയ വ്യാപാര നയങ്ങള്‍ ്അമേരിക്കന്‍ കമ്പനികള്‍ക്ക് വലിയ തിരിച്ചടിയായിരുന്നു. പുതിയ ഇ-കൊമേഴ്‌സ് ചട്ടങ്ങള്‍ ആമസോണിനും വാള്‍മാര്‍ട്ട് ഉടമസ്ഥതയിലുല്ല ഫ്‌ളിപ്കാര്‍ട്ടിനും തിരിച്ചടിയായിട്ടുണ്ട്. നേരത്തെ ആഗോള കാര്‍ഡ് പേമെന്റ് കമ്പനികളായി മാസ്റ്റര്‍കാര്‍ഡ്, വീസ എന്നിവരോട് തങ്ങളുടെ ഡാറ്റാബേസ് ഇന്ത്യയിലേക്കു മാറ്റണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. കുടാതെ ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ക്കും സ്മാര്‍ട്‌ഫോണുകള്‍ക്കും ഇന്ത്യ ഉയര്‍ന്ന തീരുവയാണ് ഈടാക്കുന്നത്. 

യുഎസിന്റെ വ്യാപാര കമ്മി നികത്താന്‍ നടപടികളുമായി മുന്നോട്ടു പോകുന്ന ട്രംപ് ഇന്ത്യയുടെ ഉയര്‍ന്ന നികുതി നിരക്കിനെതിരെ പലപ്പോഴും പ്രതികരിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 25 ശതമാനമെങ്കിലും ഇറക്കുമതി തീരുവ ചുമത്തണമെന്ന നിര്‍ദേശവും ട്രംപ് മുന്നോട്ടു വച്ചിരുന്നു. ഇതിനു ന്യായീകരണമായി യുഎസ് മോട്ടോര്‍സൈക്കിളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയിലേക്കു ഇറക്കുമതി ചെയ്യുന്ന ഉദാഹരണവും ട്രംപ് എടുത്തു പറഞ്ഞു. 'യുഎസ് ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍സൈക്കിള്‍ ഇന്ത്യയിലേക്കു കയറ്റുമതി ചെയ്താല്‍ അവര അതിന് 100 ശതമാനം നികുതി ചുമത്തും. എന്നാല്‍ ഇന്ത്യ ഒരു മോട്ടോര്‍സൈക്കിള്‍ യുഎസിലെത്തിച്ചാല്‍ നാം അതിന് നികുതി ഒന്നും ഈടാക്കുന്നില്ല. ഇത് അനുവദിക്കാനാവില്ല,' എന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.
 

Latest News