എ.എ റഹീമിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം 

തിരുവനന്തപുരം: ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം. അധ്യാപികയും മാധ്യമപ്രവര്‍ത്തകയുമായ അമൃത സതീശനെതിരെയാണ് ഫെയ്‌സ്ബുക്കില്‍ ആലപ്പുഴ സ്വദേശി അശ്ലീല കമന്റുകള്‍ പോസ്റ്റ് ചെയ്തത്. അമൃത ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത 2013 ലെ വിവാഹ ഫോട്ടോക്കെതിരെയാണ് അമ്പലപ്പുഴ സ്വദേശി ശ്രീകുമാര്‍ വി.എന്‍ അശ്ലീല സന്ദേശം അയച്ചിരിക്കുന്നത്.
ഇയാള്‍ക്കെതിരെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അമൃത പരാതി നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിനും സോഷ്യല്‍ മീഡിയയില്‍ അസഭ്യവര്‍ഷം നടത്തിയതിനുമെതിരെയാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2018 ഡിസംബറിലാണ് ഫോട്ടോയ്‌ക്കെതിരെ അസഭ്യ കമന്റുകളുയര്‍ന്നത്. വീണ്ടും ഇയാള്‍ അമൃതയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് സന്ദേശം അയക്കുകയും പിന്നീട് അത് പിന്‍വലിക്കുകയും ചെയ്തിരുന്നു. ഫെബ്രുവരി 25 നാണ് ഇവര്‍ പരാതി നല്‍കിയത്.
മുഖ്യമന്ത്രി പിണറായി വിജയനും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും, സിപിഎം സംസ്ഥാന സെക്ടട്ടറി കോടിയേരി ബാലകൃഷ്ണനും ഉള്‍പ്പെടെയുള്ളവര്‍ അടങ്ങിയ ചിത്രത്തിന് താഴെയാണ് പ്രതിയുടെ വിവാദ കമന്റ് പ്രത്യക്ഷപ്പെട്ടത്.പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസാണ് ഇപ്പോള്‍ കേസ് കൈകാര്യം ചെയ്യുന്നത്. എ.സി.പി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Latest News