Sorry, you need to enable JavaScript to visit this website.

ഹാജിമാരെ കണ്ടെത്താനായില്ല; പണം തിരികെ നല്‍കാനാവതെ 22 കമ്പനികള്‍

മക്ക - ഹജ്, ഉംറ മന്ത്രാലയം നിഷ്‌കർഷിച്ചതു പ്രകാരം ആഭ്യന്തര ഹജ് തീർഥാടകർക്ക് മശാഇർ മെട്രോ ടിക്കറ്റ് നിരക്കിലെ വ്യത്യാസം തിരിച്ചുനൽകുന്നതിന് 22 ഹജ് സർവീസ് കമ്പനികൾക്കും സ്ഥാപനങ്ങൾക്കും സാധിച്ചില്ല. ടിക്കറ്റ് നിരക്ക് വ്യത്യാസം തീർഥാടകർക്ക് തിരിച്ചു നൽകുന്നതിന് ഹജ് സർവീസ് കമ്പനികൾക്ക് ഹജ്, ഉംറ മന്ത്രാലയം അനുവദിച്ച സാവകാശം ഇന്നലെ അവസാനിച്ചു. കഴിഞ്ഞ ഹജ് സീസണിൽ ആഭ്യന്തര തീർഥാടകർക്ക് സേവനം നൽകുന്ന മേഖലയിൽ 186 ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളുമാണ് പ്രവർത്തിച്ചിരുന്നത്. ഇതിൽ 22 കമ്പനികൾക്കും സ്ഥാപനങ്ങൾക്കും മുഴുവൻ തീർഥാടകർക്കും ട്രെയിൻ ടിക്കറ്റ് നിരക്ക് വ്യത്യാസം തിരിച്ചു നൽകുന്നതിന് കഴിഞ്ഞിട്ടില്ല. 
ടിക്കറ്റ് നിരക്ക് വ്യത്യാസം തിരിച്ചു നൽകുന്നതിന് സർവീസ് കമ്പനികൾക്ക് അനുവദിച്ച സാവകാശം പത്തു ദിവസം മുമ്പ് അവസാനിച്ചിരുന്നു. ഇതേ തുടർന്ന് പത്തു ദിവസം കൂടി അധിക സമയം അനുവദിക്കണമെന്ന് അപേക്ഷിച്ച് ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതി മന്ത്രാലയത്തിന് അപേക്ഷ സമർപ്പിക്കുകയും ഇത് മന്ത്രാലയം അംഗീകരിക്കുകയുമായിരുന്നു. 
തീർഥാടകരെ കണ്ടെത്തുന്നതിന് സാധിക്കാത്തതിനാൽ തിരിച്ചു നൽകുന്നതിന് കഴിയാത്ത ടിക്കറ്റ് നിരക്ക് വ്യത്യാസം കൈപ്പറ്റുന്നതിന് ഹജ്, ഉംറ മന്ത്രാലയം വിസമ്മതിക്കുകയാണ്. ടിക്കറ്റ് നിരക്ക് വ്യത്യാസം സർവീസ് കമ്പനികൾ തന്നെ കൈവശം വെക്കണമെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്. ഏതെങ്കിലും തീർഥാടകൻ ടിക്കറ്റ് നിരക്ക് വ്യത്യാസം തിരികെ ലഭിച്ചിട്ടില്ലെന്ന പരാതിയുമായി മന്ത്രാലയത്തെ സമീപിച്ചാൽ മന്ത്രാലയം പരാതിക്കാരെ ബന്ധപ്പെട്ട ഹജ് സർവീസ് കമ്പനികളിലേക്ക് അയക്കും. 
കഴിഞ്ഞ വർഷത്തെ ഹജിനിടെ തീർഥാടകരിൽ നിന്ന് ടിക്കറ്റ് നിരക്ക് ഇനത്തിൽ അധികം ഈടാക്കിയ 150 റിയാൽ തീർഥാടകർക്ക് തിരിച്ചു നൽകണമെന്നാണ് മന്ത്രാലയം ആവശ്യപ്പെടുന്നത്. മശാഇർ മെട്രോ ടിക്കറ്റ് നിരക്ക് 250 റിയാലിൽനിന്ന് 400 റിയാലായി ഉയർത്തിയതായി ഹജിനു മുമ്പ് ഹജ്, ഉംറ മന്ത്രാലയത്തെയും ആഭ്യന്തര ഹജ് സർവീസ് കമ്പനികളെയും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇതനുസരിച്ച് ഹജ് പാക്കേജുകളിൽ ട്രെയിൻ ടിക്കറ്റ് നിരക്ക് ആയി 400 റിയാലാണ് ഉൾപ്പെടുത്തിയത്. ഇതുപ്രകാരമുള്ള തുക ഹജ്, ഉംറ മന്ത്രാലയത്തിന്റെ ഇ-ട്രാക്ക് വഴി സർവീസ് കമ്പനികൾ അടക്കുകയും ചെയ്തു. 
ട്രെയിൻ ടിക്കറ്റ് നിരക്ക് ഉയർത്തിയതിനെതിരെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈൽ രാജകുമാരന് ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതി പരാതി നൽകി. തുടർന്ന് ടിക്കറ്റ് നിരക്ക് 250 റിയാലായി കുറക്കുന്നതിന് മക്ക ഗവർണർ നിർദേശിച്ചു. ഹജ്, ഉംറ മന്ത്രാലയത്തിന് 400 റിയാൽ വീതം അടക്കുകയും ആഭ്യന്തര ഹജ് തീർഥാടകരുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്കുള്ള ഇ-ട്രാക്ക് അടക്കുകയും ചെയ്ത ശേഷമാണ് ടിക്കറ്റ് നിരക്ക് കുറക്കുന്നതിനുള്ള തീരുമാനമുണ്ടായത്. ഇതേ തുടർന്ന് ടിക്കറ്റ് നിരക്കിലെ അധിക തുക ഹജ്, ഉംറ മന്ത്രാലയം സർവീസ് കമ്പനികളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. 
അധികമായി ഈടാക്കിയ 150 റിയാൽ തീർഥാടകർക്ക് തിരിച്ചുനൽകണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തു. 90 ശതമാനത്തോളം സർവീസ് കമ്പനികളും സ്ഥാപനങ്ങളും തീർഥാടകർക്ക് അധിക തുക തിരിച്ചു നൽകി. എന്നാൽ പത്തു ശതമാനത്തോളം സ്ഥാപനങ്ങൾക്ക് ഇതിന് സാധിക്കുന്നില്ല. തീർഥാടകരിൽ ചിലർ ഫൈനൽ എക്‌സിറ്റിൽ രാജ്യം വിട്ടതിനാലും മറ്റു ചിലർ മൊബൈൽ ഫോൺ നമ്പറുകൾ മാറ്റിയതിനാലും മറ്റുമാണ് തീർഥാടകരെ കണ്ടെത്തി പണം തിരിച്ചു നൽകുന്നതിന് സർവീസ് കമ്പനികൾക്ക് സാധിക്കാത്തത്. ടിക്കറ്റ് നിരക്കിലെ അധിക തുക മുഴുവൻ തീർഥാടകർക്കും തിരിച്ചുനൽകാതെ ഹജ് സർവീസ് കമ്പനികളും സ്ഥാപനങ്ങളും കെട്ടിവെച്ച ബാങ്ക് ഗ്യാരണ്ടി മടക്കി നൽകില്ലെന്ന് ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 

 

Latest News