Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സൗദിയില്‍ ഓഫര്‍ തട്ടിപ്പ് വര്‍ധിച്ചു; വെബ്‌സൈറ്റ് വഴി പരാതി നല്‍കണം

റിയാദ് - വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച് നടത്തുന്ന തട്ടിപ്പുകൾ തടയുന്നതിന് വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ ശക്തമായ ഇടപെടൽ. ഓഫർ പ്രഖ്യാപിക്കുന്നതിന് സ്വകാര്യ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസുകൾ അനുവദിക്കരുതെന്ന് രാജ്യത്തെ മുഴുവൻ ചേംബർ ഓഫ് കൊമേഴ്‌സുകൾക്കും വാണിജ്യ, നിക്ഷേപ മന്ത്രാലയം നിർദേശം നൽകി. ചേംബർ ഓഫ് കൊമേഴ്‌സുകൾ അനുവദിക്കുന്ന ലൈസൻസുകൾ ദുരുപയോഗിച്ച് ചില കമ്പനികളും സ്ഥാപനങ്ങളും മാനദണ്ഡങ്ങൾക്ക് നിരക്കാത്ത ഉൽപന്നങ്ങളും സേവനങ്ങളും വിപണനം നടത്തുന്നതായി ശ്രദ്ധയിൽ പെട്ട പശ്ചാത്തലത്തിലാണിത്. 
വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിനാണ് ഓഫറുകൾക്ക് ലൈസൻസ് നൽകുന്നതിന് അധികാരമുള്ളത്. വാണിജ്യ വഞ്ചനാ നിയമം ലംഘിക്കപ്പെടുന്നത് തടയുന്നതിന് ഓഫർ അപേക്ഷകൾ പഠിച്ചാണ് മന്ത്രാലയം ലൈസൻസ് അനുവദിക്കുന്നത്. ചില കമ്പനികളും സ്ഥാപനങ്ങളും ഒറിജിനൽ വിലയുടെ 75 ശതമാനം വരെ ഓഫറുകൾ പ്രഖ്യാപിക്കുന്നുണ്ട്. ഗുണമേന്മാ മാനദണ്ഡങ്ങൾക്ക് നിരക്കാത്ത വ്യാജ ഉൽപന്നങ്ങളാകും ഇത്തരം ഓഫറുകളിലൂടെ വിൽക്കപ്പെടുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. 
ഓഫറുകൾ പ്രഖ്യാപിക്കുന്നതിന് ആഗ്രഹിക്കുന്ന സ്ഥാപനങ്ങൾക്ക് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഇപ്പോൾ ഓലൈൻ വഴി ലൈസൻസ് അനുവദിക്കുന്നുണ്ട്. ഈ ലക്ഷ്യത്തോടെ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഓഫറുകളുടെ സത്യാവസ്ഥ ഉറപ്പുവരുത്തുന്നതിനും വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച് തട്ടിപ്പുകളും കൃത്രിമങ്ങളും നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനും വ്യാജ ഓഫറുകൾക്ക് തടയിടുന്നതിനും ശ്രമിച്ചാണ് വാണിജ്യ, നിക്ഷേപ മന്ത്രാലയം ഓഫറുകൾക്ക് ലൈസൻസ് നിർബന്ധമാക്കിയത്. 
വ്യാജ ഓഫറുകളെയും വാണിജ്യ വഞ്ചനകളെയും മറ്റു നിയമ ലംഘനങ്ങളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ വഴിയോ അറിയിക്കണമെന്ന് ഉപയോക്താക്കളോട് മന്ത്രാലയം ആവശ്യപ്പെട്ടു. 

 

Latest News