റിയാദ് - പുതുതായി ആരംഭിക്കുന്ന ചെറുകിട സ്ഥാപനങ്ങൾക്ക് സഹായം നൽകുന്നതിന് 2,200 കോടി റിയാൽ നീക്കിവെച്ചതായി സാമൂഹിക വികസന ബാങ്ക് അറിയിച്ചു.
എഴുപതിനായിരം ചെറുകിട സ്ഥാപനങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്നതിന് ഈ തുക വിനിയോഗിക്കും. സൗദികൾക്ക് ആകർഷകമായ തൊഴിലുകൾ നിർണയിക്കുന്നതിന് പഠനം നടത്തുമെന്ന് സാമൂഹിക വികസന ബാങ്ക് ഡയറക്ടർ ജനറൽ ഇബ്രാഹിം അൽറാശിദ് റിയാദിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ മാനവശേഷി വികസന നിധി സംഘടിപ്പിച്ച ലിഖാആത് ഫോറത്തിൽ പറഞ്ഞു. ചെറുകിട സംരംഭകർക്ക് നാൽപതു ലക്ഷം റിയാൽ വരെ ബാങ്ക് വായ്പ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ വിപണി നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും സൗദിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും സ്വദേശികൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഗവൺമെന്റ് മുൻഗണന നൽകുന്നതായി ഫോറത്തിൽ പങ്കെടുത്ത വിവിധ സർക്കാർ വകുപ്പുകൾ വ്യക്തമാക്കി.
വിഷൻ 2030 പദ്ധതിയിൽ ഉൾപ്പെടുത്തി സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിലൂടെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഊന്നൽ നൽകുന്നതായി ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈൻ പറഞ്ഞു. ചില മേഖലകളും ചില പ്രത്യേക തൊഴിലുകളും സ്വകാര്യവൽക്കരിക്കുന്നതിന് സർക്കാർ വകുപ്പുകളുമായും സ്വകാര്യ മേഖലയുമായും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം കരാറുകൾ ഒപ്പുവെക്കുന്നുണ്ട്. സ്വദേശിവൽക്കരണം നടപ്പാക്കുന്നതിന് സ്വകാര്യ മേഖലയെ മന്ത്രാലയം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
സൗദികൾക്കു മുന്നിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് വിവിധ വകുപ്പുകളുമായി സഹകരിച്ച് പുതിയ പദ്ധതികൾക്കും മന്ത്രാലയം രൂപംനൽകുന്നുണ്ട്. സ്വകാര്യ മേഖലയിലേക്ക് സൗദി യുവാക്കളെ ആകർഷിക്കുന്നതിനും സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് സ്വദേശി ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനും സ്വകാര്യ മേഖലയിൽ തൊഴിൽ സാഹചര്യത്തിന്റെ ആകർഷണീയത ഉയർത്തേണ്ടതും തൊഴിൽ ആരോഗ്യ, സുരക്ഷാ വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കേണ്ടതും പ്രധാനമാണെന്നും ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈൻ പറഞ്ഞു.
കര, സമുദ്ര ഗതാഗത മേഖലകളിലും റെയിൽവെയിലും ലോജിസ്റ്റിക് സേവന മേഖലയിലും സൗദിവൽക്കരണം നടപ്പാക്കുന്നതിന് പൊതുഗതാഗത അതോറിറ്റി ശ്രമിച്ചുവരുന്നതായി അതോറിറ്റി പ്രസിഡന്റ് ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു. ഗതാഗത മേഖല ആയിരക്കണക്കിന് സൗദി യുവതീയുവാക്കൾക്ക് തൊഴിൽ നൽകുന്നതായും ഡോ. റുമൈഹ് അൽറുമൈഹ് പറഞ്ഞു.