കോഴിക്കോട് -ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തെ പ്രതിരോധിക്കാൻ മലബാർ മേഖലയിൽ റവല്യൂഷണറി മാർക്‌സിസ്റ്റ് പാർട്ടിയെ (ആർ. എം.പി.) കൂടെ നിർത്താൻ യു.ഡി.എഫ് ശ്രമം. തെരഞ്ഞെടുപ്പിൽ ആർ.എം.പി സ്വതന്ത്ര നിലപാടാണ് സ്വീകരിക്കുകയെന്നാണറിയുന്നതെങ്കിലും പാർട്ടിയുടെ വോട്ടുകൾ യു.ഡി.എഫിന് അനുകൂലമാക്കാനാണ് കോൺഗ്രസ് നേതൃത്വം ശ്രമങ്ങൾ നടത്തുന്നത്. ആർ.എം.പിയെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ വ്യക്തമാക്കി. എന്നാൽ യു.ഡി.എഫുമായി ധാരണക്കില്ലെന്നാണ് ആർ.എം.പി നിലപാട്.
സി.പി.എമ്മിന്റെ രാഷ്ട്രീയ, സംഘടനാ നിലപാടുകളിൽ വിയോജിച്ച് 2009 ലാണ് ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ ആർ.എം.പി നിലവിൽ വന്നത്. വടകരക്കടുത്ത് ഒഞ്ചിയത്ത് രൂപം കൊണ്ട പാർട്ടി സി.പി.എമ്മിന് ഈ മേഖലയിൽ കടുത്ത രാഷ്ട്രീയ വെല്ലുവിളിയാണ് ഉയർത്തുന്നത്. 2012 ൽ ടി.പി.ചന്ദ്രശേഖനെ കൊലപ്പെടുത്തിയതോടെ സി.പി.എമ്മും ആർ.എം.പിയും തമ്മിലുള്ള ശത്രുത വർധിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ ആർ.എം.പി സ്ഥാനാർഥിയായി ടി.പി.ചന്ദ്രശേഖന്റെ ഭാര്യ കെ.കെ.രമ മൽസരിച്ചെങ്കിലും വിജയിക്കാനായില്ല. എന്നാൽ ഇടതുമുന്നണിക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ ആർ.എം.പിക്ക് കഴിഞ്ഞു.
മാർക്‌സിസ്റ്റ് നിലപാടുകൾ ഉയർത്തിപ്പിടിക്കുന്ന ആർ.എം.പി ഇത്തവണ പാർലമെന്റ് തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് കടുത്ത വെല്ലുവിളിയാകും. വടകരയിൽ ആർ.എം.പി സ്വന്തം സ്ഥാനാർഥിയെ നിർത്തുമോ എന്ന് വ്യക്തമായിട്ടില്ല. മൽസര രംഗത്തില്ലെങ്കിൽ ആർ.എം.പി പ്രവർത്തിക്കുന്നത് എൽ.ഡി.എഫിന് എതിരായിട്ടായിരിക്കും. ഈ സാഹചര്യം മുതലെടുക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. നിലവിൽ ദേശീയ തലത്തിൽ വിവിധ പാർട്ടികളുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ആർ.എം.പി ഇത്തവണ യു.ഡി.എഫുമായി തെരഞ്ഞെടുപ്പു ധാരണക്ക് തയാറാകില്ല. എന്നാൽ പാർട്ടിയുടെ രഹസ്യ പിന്തുണ ഉറപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.
ആർ.എം.പിയെ യു.ഡി.എഫിലേക്ക് ക്ഷണിക്കുന്നതായി കെ.പി.സി.സി പ്രസിഡന്റ് നടത്തിയ പ്രസ്താവനയോടു അനുഭാവ പൂർവമല്ല ആർ.എം.പി നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്. മതേതര, ജനാധിപത്യ നിലപാടുകളുള്ള ആർ.എം.പിക്ക് യോജിച്ച് പ്രവർത്തിക്കാനാകുന്നത് യു.ഡി.എഫുമായാണെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ യു.ഡി.എഫുമായി സഹകരണമുണ്ടാക്കേണ്ടതില്ലെന്ന് പാർട്ടിയുടെ നേരത്തെയുള്ള നിലപാടാണെന്നാണ് ആർ.എം.പി നേതാക്കളുടെ അഭിപ്രായം.
കോഴിക്കോട്, വടകര ലോക്‌സഭാ മണ്ഡലങ്ങളിൽ ആർ.എം.പിക്ക് സ്വാധീനമുണ്ടെന്നാണ് ഇരുമുന്നണികളും കണക്കുകൂട്ടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ കെ.കെ.രമക്ക് 20,504 വോട്ടുകൾ ലഭിച്ചിരുന്നു. മേഖലയിൽ പാർട്ടിക്ക് രാഷ്ട്രീയസ്വാധീനമുണ്ടെന്നതിന്റെ തെളിവാണിത്.
സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുക്കുന്ന പാർട്ടി എന്ന നിലയിലാണ് ആർ. എം.പിയെ കൂടെ നിർത്താൻ യു.ഡി.എഫ് ശ്രമിക്കുന്നത്. വടകരയിൽ ആർ.എം.പി സ്വന്തം സ്ഥാനാർഥിയെ നിർത്തിയാൽ അവിടെ കടുത്ത ത്രികോണ മൽസരത്തിന് അരങ്ങൊരുങ്ങും.