Sorry, you need to enable JavaScript to visit this website.

പത്തനംതിട്ടയിൽ യുഡിഎഫിനൊപ്പം ഇടതുമുന്നണിയും പ്രതീക്ഷയിൽ 

കോട്ടയം -ശബരിമല വിവാദവും പ്രളയക്കെടുതിയും പെയ്തിറങ്ങിയ പത്തനംതിട്ടയിൽ മണ്ഡലം രൂപീകരിച്ചശേഷമുളള മൂന്നാമത്തെ തെരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോൾ യുഡിഎഫിനൊപ്പം ഇടതുമുന്നണിയും പ്രതീക്ഷയിൽ. ശബരിമല വിവാദം തിരിച്ചടിയാകാമെങ്കിലും നിയമസഭാ മണ്ഡലങ്ങളിൽ കഴിഞ്ഞ തവണ ഉണ്ടായ വിജയമാണ് ഇടതിന് പ്രതീക്ഷ വർധിപ്പിക്കുന്നത്. കോട്ടയം പത്തനംതിട്ട ജില്ലകളിലായുളള മണ്ഡലത്തിൽ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും യുഡിഎഫിന് അനായാസ വിജയമായിരുന്നു. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന മണ്ഡലം എന്ന നിലയിൽ ഇക്കുറി രാഷ്ട്രീയത്തൊടൊപ്പം സാമൂദായിക ഘടങ്ങളും തെരഞ്ഞെടുപ്പിൽ സ്വാധീനിച്ചേക്കും. ഇതു കണക്കിലെടുത്താണ് മുന്നണികൾ സ്ഥാനാർഥികളെ തീരുമാനിക്കുക.
മണ്ഡല രൂപീകരണ ശേഷം പത്തനംതിട്ടയ്ക്ക് ഒരേ ഒരു പ്രതിനിധി മാത്രേമേ പാർലമെന്റിൽ ഉണ്ടായിട്ടുള്ളൂ. കാഞ്ഞിരപ്പള്ളിക്കാരായ കോട്ടയം ഡിസിസി മുൻ പ്രസിഡന്റ് ആന്റോ ആന്റണി. 2009 ൽ കെ. അനന്ദഗോപനായിരുന്നു ആന്റോയുടെ എതിരാളി. 2014 ൽ കോൺഗ്രസ് വിട്ട പീലിപ്പോസ് തോമസും. പീലിപ്പോസ് ഇടതു സ്വതന്ത്രനായാണ് മത്സരിച്ചത്. പക്ഷേ രണ്ട് അവസരങ്ങളിലും വിജയം ആന്റോ ആന്റണിക്കായിരുന്നു. ഒരു ലക്ഷത്തിലധികം വോട്ടുകൾക്കാണ് ആദ്യ തെരഞ്ഞെടുപ്പിൽ ആന്റോ ആന്റണി വിജയിച്ചത്. പക്ഷേ കോൺഗ്രസിലെ പടലപിണക്കത്തിൽ പാർട്ടി വിട്ട പീലിപ്പോസ് തോമസ് മത്സരിച്ചപ്പോൾ ആന്റോയുടെ ഭൂരിപക്ഷം കുറഞ്ഞു. ഒരു ലക്ഷത്തിൽ നിന്നും 56,191 വോട്ടായി കുറഞ്ഞു.
ഇക്കുറി സിപിഎം മണ്ഡലം ഘടകകക്ഷികൾക്ക് വിട്ടുകൊടുക്കാനാണ് സാധ്യത. ജനാധിപത്യ കേരള കോൺഗ്രസിന് കൈമാറുമെന്നാണ് സൂചന. അങ്ങനെയങ്കിൽ ഫ്രാൻസിസ് ജോർജായിരിക്കും സ്ഥാനാർഥി. പക്ഷേ കോട്ടയത്തെ കേരള കോൺഗ്രസ് രാഷ്ട്രീയം കൂടി കണക്കിലെടുത്തായിരിക്കും അന്തിമ തീരുമാനം എടുക്കുക. കോട്ടയത്ത് പി.ജെ ജോസഫ് എത്തിയാൽ ഫ്രാൻസിസ് ജോർജിനെ പത്തനംതിട്ട നൽകും. അല്ലെങ്കിൽ കോട്ടയത്ത് ഫ്രാൻസിസ് ജോർജിനെ ഇടാനുളള സാധ്യത അധികമാണ്. നേരത്തെ ഇടുക്കി മണ്ഡലമായിരുന്നപ്പോൾ ഫ്രാൻസിസ് ജോർജ് ലോക്‌സഭാംഗമായിരുന്നു. ഈ പരിചയം പത്തനംതിട്ടയിൽ അനുകൂലമാകുമെന്നാണ് വിലയിരുത്തൽ.
അടൂർ, തിരുവല്ല, റാന്നി, ആറന്മുള, കോന്നി കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ എന്നിവയാണ് പത്തനംതിട്ടയിലെ നിയമസഭാ മണ്ഡലങ്ങൾ. നിയമസഭാ മണ്ഡലങ്ങളിലെ വിജയം കണക്കിലെടുത്താൽ യുഡിഎഫിന് കടുത്ത ആത്മവിശ്വാസത്തിന് വകയില്ല. 
റാന്നിയും ആറന്മുളയും തിരുവല്ലയും. അടൂരും ഇടത് മുന്നണിയുടെ കയ്യിലാണ്. റാന്നിയും ആറന്മുളയും സിപിഎം കൈപ്പിടിയിലും. അടൂരിൽ സിപിഐയും. അതായത് ആകെയുളള ഏഴു മണ്ഡലങ്ങളിൽ പത്തനംതിട്ട ജില്ലയിൽ കോന്നിയിൽ മാത്രമാണ് യുഡിഎഫ്. കോട്ടയം ജില്ലയിൽ കാഞ്ഞിരപ്പള്ളിയും പൂഞ്ഞാറും. 
ഇതിൽ കാഞ്ഞിരപ്പള്ളി കേരള കോൺഗ്രസ് എമ്മിന്റെ സീറ്റാണ്. പൂഞ്ഞാറിൽ ജനപക്ഷത്തിന്റെ പിസി ജോർജും. പിസി ജോർജും ആന്റോ ആന്റണിയുമായി ചില ഭിന്നത നിലവിലുണ്ടായിരുന്നുവെങ്കിലും അത് എല്ലാം പരിഹരിക്കപ്പെട്ടു എന്നാണ് അറിയുന്നത്.
കോൺഗ്രസ് ദേശീയ നേതൃത്വവുമായി ബന്ധമുളള ആന്റോയെ ഇക്കുറിയും മത്സരിപ്പിക്കുമെന്നു തന്നെയാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ നൽകുന്ന സൂചന. ആന്റോയല്ലെങ്കിൽ പ്രയാർ ഗോപാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് ബാബു ജോർജ്. ഇതാണ് സാധ്യതാ ലിസ്റ്റ്.സിപിഎം പരിഗണിക്കുന്നവരിൽ രാജു ഏബ്രഹാം എംഎൽഎയും ഉൾപ്പെടുന്നു. കഴിഞ്ഞ തവണ സിപിഎം പിന്തുണച്ച പീലിപ്പോസ് തോമസിന്റെ പേരും ലിസ്റ്റിലുണ്ട്.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പടെ വന്ന പത്തനംതിട്ടയിൽ ബിജെപി ശക്തമായ പോരാട്ടത്തിനാണ് കളം ഒരുക്കുന്നത്. കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനത്തിനാണ് മുന്തിയ പരിഗണന. കണ്ണന്താനം പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിലെ കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. മുൻ എംഎൽഎയുമാണ്. കണ്ണന്താനം അല്ലെങ്കിൽ എംടി രമേശ്. ബി രാധാകൃഷ്ണമേനോൻ, പന്തളം കൊട്ടാരത്തിലെ ശശികുമാര വർമ ഈ പേരുകളും പരിഗണിക്കുന്നു.ബിജെപിയുടെ സ്ഥാനാർഥി സർവേയുടെ അടിസ്ഥാനത്തിൽ മാത്രമേ അന്തിമ തീരുമാനം എടുക്കൂ. 

Latest News