Sorry, you need to enable JavaScript to visit this website.

രാജസ്ഥാനില്‍ അതിര്‍ത്തി ലംഘിച്ച പാക്കിസ്ഥാന്റെ ആളില്ലാ വിമാനം വ്യോമ സേന വെടിവച്ചിട്ടു

ജയ്പൂര്‍- രാജസ്ഥാനിലെ ഇന്ത്യാ-പാക് രാജ്യാന്തര അതിര്‍ത്തി ലംഘിച്ച് കടന്നുകയറിയ പാക്കിസ്ഥാന്റെ ആളില്ലാ വിമാനം ഇന്ത്യന്‍ വ്യോമ സേന വെടിവച്ചിട്ടു. തിങ്കളാഴച രാവിലെയാണ് ഡ്രോണ്‍ എന്നു സംശയിക്കപ്പെടുന്ന ഈ പറക്കും യന്ത്രം തകര്‍ത്തതെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഇന്ത്യന്‍ വ്യോമ സേനാ പോര്‍ വിമാനങ്ങള്‍ മിസൈലുകള്‍ തൊടുത്തുവിട്ടാണ് പാക് ചാര വിമാനം തകര്‍ത്തത്. ഇന്ത്യന്‍ വ്യോമാതിര്‍ത്തിക്കുള്ളില്‍ രാജസ്ഥാനിലെ ബെക്കാനീറിനു സമീപം രാവിലെ 11.30ഓടെയാണ് വ്യോമ സേനാ റഡാറുകള്‍ ഇതിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഉടന്‍ നാല്‍ വ്യോമസേനാ താവളത്തില്‍ നിന്നും സുഖോയ്് എസ്.യു-30 എംകെഐ പോര്‍വിമാനങ്ങള്‍ ബെക്കാനീറിലേക്കു കുതിക്കുകയായിരുന്നു. 

വ്യോമാക്രമണത്തില്‍ തകര്‍ന്ന് ആളില്ലാ വിമാനം പാക് അതിര്‍ത്തിക്കുള്ളിലെ എ.ഡബ്യു ടോബ മണ്‍കൂന മേഖലയിലാണ് പതിച്ചത്. ഏതാണ്ട് ഈ സമയം തന്നെ ഇന്ത്യ വീണ്ടും രാജസ്ഥാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് പാക്കിസ്ഥാനു നേര്‍ക്ക് വ്യോമാക്രമണം നടത്തിയെന്ന രീതിയില്‍ പാക്കിസ്ഥാനില്‍ ട്വിറ്ററില്‍ മുറവിളി ഉയര്‍ന്നതും ശ്രദ്ധിക്കപ്പെട്ടു. ഇക്കാര്യം ട്വീറ്റ് ചെയ്ത പലരും ഡ്രോണിന്റേതെന്ന് സംശയിക്കപ്പെടുന്ന ലോഹ കഷണങ്ങളുടെ ചിത്രങ്ങളും നല്‍കിയിട്ടുണ്ട്.

എന്നാല്‍ വ്യോമാക്രമണം നടന്നിട്ടില്ലെന്ന് പാക് സൈന്യം പറഞ്ഞു. ട്വിറ്ററില്‍ പ്രചരിച്ച ലോഹ കഷണം ഈ മേഖലയില്‍ പറന്ന പാക് പോര്‍വിമാനങ്ങള്‍ പുറന്തള്ളിയ ഇന്ധന ടാങ്കുകളുടേതാണെന്നും പാക് സേന പറഞ്ഞു.  

Latest News