ഒരുകാലത്ത് കംപ്യൂട്ടർ ആയിരുന്നു ഭ്രമം. നേര് പറഞ്ഞാൽ, വിപരീതഭ്രമം. വെറുപ്പായിരുന്നു അന്നൊക്കെ കംപ്യൂട്ടറിനോട്. കലശലായ പേടി. അതിന്റെ വരവും വളർച്ചയും തടയലായിരുന്നു പുണ്യം. പാവപ്പെട്ടവന്റെ സംസ്കൃതിയെയും ജീവനോപായത്തെയും അത് അപഹരിക്കുകയോ അപകടപ്പെടുത്തുകയോ ചെയ്യും എന്ന് പരക്കെ പ്രചരിപ്പിക്കപ്പെട്ടു.
അറുപതുകളും എഴുപതുകളുമായിരുന്നു കാലഘട്ടം. അന്നത്തെ തലക്കെട്ടുകളും ചുമരെഴുത്തുകളും മുദ്രാവാക്യങ്ങളും ഓർക്കാൻ കഴിയുന്നവർ മനസ്സിനെ ആ കാലഘട്ടത്തിലേക്ക് ഒന്നു വ്യാപരിപ്പിച്ചു നോക്കൂ. ഓരോരോ ഭീമൻ സ്ഥാപനങ്ങളിൽ കംപ്യൂട്ടർ വന്നു തുടങ്ങിയതേയുള്ളു. ലൈഫ് ഇൻഷൂറൻസ് കോർപറേഷൻ, ബാങ്കുകൾ,
റെയിൽവേ എന്നീ സംരംഭങ്ങളിലായിരുന്നു കംപ്യൂട്ടറിന്റെ അരങ്ങേറ്റം.
അന്നത്തെ കംപ്യൂട്ടറിനെ ഇന്നത്തെ ചെറുപ്പക്കാർ പരിഹസിക്കുമായിരിക്കും. ചെറുതോ വലുതോ ആയ ഒരു തരം കണക്കുയന്ത്രം, കാൽക്കുലേറ്റർ എന്നേ അതിനെപ്പറ്റി പറയാനുണ്ടായിരുന്നുള്ളു. അങ്കഗണിതത്തിൽ കസർത്തു കാണിക്കേണ്ടവർക്ക് അതൊരു ഉപകാരമായി എന്നു മാത്രം. രാമാനുജനും ശകുന്തളാദേവിയും അക്കങ്ങൾകൊണ്ട് കാട്ടിക്കൂട്ടുന്ന കോലാഹലവും കുഴഞ്ഞുമറിഞ്ഞ അക്ഷരക്കൂട്ടുകളിൽ അവർ കണ്ടറിയുന്ന പൊരുത്തവും സാധർമ്യവും ഇമ വെട്ടുന്നതിനിടയിൽ നിർദ്ധാരണം ചെയ്യാൻ പോന്നതായിരുന്നു കംപ്യൂൂട്ടർ.
ബാങ്ക് ഗുമസ്തനായിരുന്നപ്പോൾ എനിക്ക് ഉപയോഗിക്കാൻ കിട്ടിയ ആദ്യത്തെ കാൽക്കുലേറ്റർ കൺ കണ്ട കടവുൾ ആയിരുന്നു. നൂറാൾ നൂറുകൊല്ലം കൊണ്ട് കൂട്ടിയും കിഴിച്ചും ഹരിച്ചും പെരുക്കിയുമെടുക്കുന്ന രൂപയുടെ കണക്ക് എന്റെ മേശപ്പുറത്തെ കാൽക്കുലേറ്ററിൽ ഒരു ദിവസം കൊണ്ട് ചെയ്തു തീർക്കാം. പിന്നെ വരാനിരുന്ന കംപ്യൂട്ടറിന്റെ സാധ്യതയും ശക്തിയും സ്വപ്നത്തെക്കാൾ അകലെയായിരുന്നു.
അതിനെതിരെ, മനുഷ്യന്റെ തൊഴിൽ തട്ടിയെടുക്കുന്ന കംപ്യൂൂട്ടറിനെതിരെയായിരുന്നു യൂണിയനുകളുടെ സമരം. 'ഇത്തിരി വട്ടം മാത്രം കാണ്മവർ' ആയ അവരുടെ നേതാക്കന്മാർ തൊണ്ട പൊട്ടുന്ന മുദ്രാവാക്യങ്ങൾ കൊരുത്തെടുത്തു. തൊഴിലാളിയുടെ ജീവനാംശം കവർന്നെടുക്കുന്ന വ്യാവസായിക ഭീഷണിക്കെതിരെയായി റാലിയും കുത്തിയിരിപ്പും പണിമുടക്കും. പുരോഗതി തടയുന്ന ആ പ്രസ്ഥാനം താമസിയാതെ പൊളിഞ്ഞുപോയിരുന്നില്ലെങ്കിൽ, ഇന്ത്യ ഇന്നും ഇരുണ്ട ഭൂഖണ്ഡത്തിലെ ഒരു അപരിഷ്കൃതസമൂഹവുമായി കിടമൽസരത്തിൽ മുഴുകിയേനെ.
എൺപതുകളുടെ തുടക്കത്തിലായിരുന്നു ഡൽഹിയിലെ സി. പി. എം ആസ്ഥാനത്തിന്റെ ബാബ ഖഡക് സിംഗ് മാർഗിലേക്കുള്ള കുടിയേറ്റം. അതുവരെ ബ്രിട്ടിഷുകാരോളം പഴക്കമുള്ള അശോകാ റോഡിലെ ഒരു ഒരുനിലക്കെട്ടിടത്തിൽനിന്ന് വിപ്ലവത്തിന്റെ നായകനൗക വലിയൊരു മാളികയിൽ നങ്കുരമിടുകയായിരുന്നു. ആകർഷകമായ അജോയ് ഭവൻ പിടിച്ചുവെച്ചിട്ടുള്ള സി പി ഐയെക്കാൾ എത്രയോ വലിയ പാർട്ടിയായ സി പി എമ്മിന് ഒരു എമണ്ടൻ ആപ്പീസ് അനർഹമായിരുന്നില്ല. അതു പണിതുയർത്തുമ്പോൾ
ചുക്കാൻ പിടിക്കാനും തീരുമാനം എടുക്കാനും വരട്ടു തത്ത്വവാദികളല്ലാത്ത ചിലർ അണിയറയിൽ ഉണ്ടായിരുന്നു. തൊഴിൽ ഘാതകനെന്ന് ഒരിക്കൽ അപലപിക്കപ്പെട്ടിരുന്ന കംപ്യൂട്ടറുകൾക്ക് പുതിയ എ കെ ജി ഭവനിൽ സ്ഥാനം കൊടുത്തു. രണ്ടു പതിറ്റാണ്ടത്തെ മുദ്രാവാക്യശീലം മറന്നു കളഞ്ഞു. എങ്ങനെ ആ മാനസികമായ മാറ്റം വരുത്തിക്കൂട്ടാൻ പറ്റിയെന്നത് രസകരമായ ആലോചനയായിരിക്കും.
അങ്ങനെയൊരു മാറ്റം വരുത്താൻ സാധ്യമല്ലെന്നു തോന്നുന്ന ഒരു മേഖലയെപ്പറ്റി പരാമർശിക്കട്ടെ. വായ നിറയുന്ന വാക്കുകളിൽ പറഞ്ഞാൽ, ഉൽപന്നങ്ങളുടെ സാർവത്രികമായ സാമൂഹ്യ ഉടമസ്ഥത. സർക്കാർ സർവതിന്റെയും ഉടമസ്ഥനാകുന്ന അവസ്ഥ എന്നർഥം. ഒരു വ്യക്തിക്കോ സ്വകാര്യസ്ഥാപനത്തിനോ തുടങ്ങാനോ അടക്കാനോ
നടത്തിക്കൊണ്ടുപോകാനോ സ്വാതന്ത്ര്യമുള്ള ഒരേർപ്പാടും ഇല്ലാതാക്കുകയാണ് അത്തരം സോഷ്യൽ എൻജിനീയറിംഗിന്റെ ലക്ഷ്യം. ആർക്കും സ്വന്തമായി ഒന്നുമില്ല. എല്ലാവരും സമന്മാർ. എല്ലാവരുടെയും കാര്യം നോക്കാൻ സർക്കാർ. നാടൻ ഹിന്ദിയിൽ പറഞ്ഞാൽ, മായി ബാപ് സർക്കാർ. തന്തയും തള്ളയും സർക്കാർ.
സർക്കാർ കുട്ടികളെ മുലയൂട്ടുമോ ആവോ?
ആ ചിന്താപദ്ധതിയുടെ ഭാഗമായി, സർവാശ്ലേഷകമായ പൊതുമേഖല എന്ന ആശയം തുടങ്ങിയത് സ്വാതന്ത്ര്യ പ്രാപ്തിയോടുകൂടിയാകാം. സ്വാതന്ത്ര്യസമരത്തിന്റെ ഒടൂവിൽ അതിൽ കലർന്ന സോഷ്യലിസ്റ്റ് ചിന്താധാരയും അതിനെ സ്വാധീനിച്ചിരിക്കാം. കോൺഗ്രസിന്റെ ആവടി സമ്മേളനമായപ്പോഴേക്കും സോഷ്യലിസ്റ്റ് സാമൂഹ്യക്രമം അലംഘനീയമായ ഒരു ദിവ്യവ്യവസ്ഥയായി മറിക്കഴിഞ്ഞിരുന്നു. പ്രധാനപ്പെട്ട വ്യവസായങ്ങളെല്ലാം കഴിവതും സാമൂഹ്യനിയന്ത്രണത്തിലുള്ളവയാകണമെന്നായിരുന്നു വ്യവസ്ഥ. നെഹ്റുവിന്റെ പ്രശസ്തമായ പദാവലി ഉദ്ധരിച്ചു പറഞ്ഞാൽ, ധനവ്യവസ്ഥയുടെ അധികാരശൃംഗങ്ങളെല്ലാം പൊതുമേഖലയുടെ വരുതിയിലായിരിക്കണം. സ്വകാര്യമെന്നൊന്നില്ല. സ്വതന്ത്രസംരംഭം പിന്തിരിപ്പനായി വീക്ഷിക്കപ്പെട്ടു.സർക്കാർ നടത്തുന്നതെന്തും അലങ്കോലമാകുമെന്നു ബോധ്യപ്പെടാൻ നേരം ഏറെ വേണ്ടിവന്നില്ല. എന്നാലും പൊതുമേഖല എന്ന ആശയത്തിന്റെ ദിവ്യത്വം പൊലിഞ്ഞുപോയില്ല.
കമ്യൂണിസ്റ്റുകാർക്ക് പൊതുമേഖലയെ തകർക്കാനുള്ള ഒരു പാട് പിന്തിരിപ്പത്തത്തിന്റെ ഗൂഢാലോചനയും അട്ടിമറിയുമാകുന്നു. കോൺഗ്രസുകാർ അത്ര കടുപ്പിച്ചു പറഞ്ഞില്ലെങ്കിലും, പൊതുമേഖലയുടെ വൃത്തപരിധി ചുരുങ്ങുന്നത് അഹിതമായി കരുതുന്നു. മറ്റുള്ളവർ വന്ന പോലെ ചന്തം എന്നും. വാജ്പേയിയുടെ കാലത്ത് കുറേ നഷ്ടം വരുത്തുന്ന സർക്കാർ സംരംഭങ്ങൾ വിറ്റൊഴിക്കാൻ ഇടയായി. അനിവാര്യമായും, അതൊരു മുതലാളിത്ത ഗൂഢാലോചനയായി വ്യാഖ്യാനിക്കപ്പെട്ടു. പക്ഷേ ആ വഴിക്കുള്ള നയരൂപീകരണം സ്പഷ്ടമായും തുടങ്ങിയത് മന്മോഹൻ സിംഗ് ധനമന്ത്രിയായിരിക്കുമ്പോഴായിരുന്നുവെന്നോർക്കണം.
അങ്ങനെ പലതുകൊണ്ടും മൻമോഹൻ സിംഗിനെ ഇഷ്ടമില്ലാതിരുന്ന കമ്യൂണിസ്റ്റ് പാർട്ടിക്ക് സ്വകാര്യമേഖല എന്നും വർജ്യമായിരുന്നു. ഓരോ തരിമ്പും തൊഴിലാളികൾക്കവകാശപ്പെട്ട പൊതുമേഖലയാണ് അവരുടെ ധനമൂല്യസംഹിതയിൽ ആദ്യസ്ഥാനത്ത് നിൽക്കുന്നത്. ലാഭനഷ്ടങ്ങളുടെ കണക്കെടുക്കാതെ എല്ലാം പൊതുമേഖലയെ ഏൽപിച്ചുകൊടുക്കുക. കമ്യൂണിസ്റ്റ് പ്രാഭവമുള്ള ബംഗാളിലും കേരളത്തിലും ടാറ്റയും അദാനിയും വേണ്ട.
കുത്സിതമായ ആ നിലപാടിൽ കേരളത്തിലെ സി പി എം സർക്കാർ ഉറച്ചുനിൽക്കുന്നു, തിരുവനന്തപുരം വിമാനത്താവളം നന്നാക്കാൻ പോകുമ്പോൾ ആ ജോലിക്ക് ഏറ്റവും യോഗ്യൻ അദാനിയാണെന്ന് വിലയിരുത്തപ്പെട്ടു കഴിഞ്ഞു. സമരങ്ങളും മുദ്രാവാക്യങ്ങളും ദേശാഭിമാനി മുഖപ്രസംഗങ്ങളും ആ വസ്തുതയെ മാറ്റിമറിച്ചില്ല. എന്നാലും സമരം മുന്നോട്ടുകൊണ്ടുപോകാനാണ് പരിപാടി. സ്വകാര്യവൽക്കരണം തടയാൻ മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ സഹായം തേടുന്നു. പ്രധാനമന്ത്രിയും അദാനിയും ഗൂഢസഖ്യത്തിലാണെന്ന് സി പി എം സെക്രട്ടറി വാദിക്കുന്നു. സർവത്ര വൈരുധ്യം.
കേരളം പടച്ചുണ്ടാക്കിയിട്ടുള്ള ഒരു കമ്പനിയെ വിമാനത്താവളത്തിന്റെ ചുമതല ഏൽപിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. സഹായകമല്ലാത്ത വിശദാംശങ്ങളിലേക്ക് കടക്കുന്നില്ല. എല്ലാവരും കൂടി ഉത്സാഹിച്ച്, അദാനിയെ അടിച്ചോടിച്ച്, പണി പൊളിച്ചാൽ കേരളം ആഘോഷിക്കുമോ?
പണ്ടൊരിക്കൽ എന്നും നഷ്ടത്തിലോടിയിരുന്ന സർക്കാർ പഞ്ചനക്ഷത്ര ഹോട്ടലായ മാസ്കോട്ട് ലാഭകരമാക്കാൻ താജും സർക്കാരും കൂടി ഒരു പരിപാടിയിട്ടു. പാവപ്പെട്ട തൊഴിലാളിയുടെ പ്രിയപ്പെട്ട ആഡംബര ഹോട്ടൽ ടാറ്റക്ക് വിട്ടു കൊടുക്കുകയോ? പൊതുമേഖലയെ ഒറ്റിക്കൊടുക്കുകയോ? ആ പരിപാടി പൊളിക്കാൻ മുന്നിട്ടുനിന്നത് ഒരു സി പി ഐ നേതാവായിരുന്നു.
പാവം തൊഴിലാളി സ്കോച്ച് വിഴുങ്ങാൻ പോകുന്നത് മാസ്കോട്ടിൽ ആണല്ലോ. ഇപ്പോഴിതാ കേൾക്കുന്നു പഞ്ചനക്ഷത്ര ഹോട്ടൽ മോടി പിടിപ്പിക്കാൻ കൊള്ളാവുന്ന തുക നീക്കിവെച്ചിരിക്കുന്നു. പൊതുമേഖലയല്ലേ, പാവപ്പെട്ടവന്റെ ഊട്ടുപുരയല്ലേ, അവഗണിച്ചുവെന്ന പരാതി വരരുതേ!