ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പടുക്കുമ്പോൾ അതിർത്തിയിലുണ്ടായ സംഘർഷം രാഷ്ട്രീയവിവാദങ്ങൾക്കും തുടക്കമിട്ടിട്ടുണ്ട്. ബി.ജെ.പി വിഷയത്തെ രാഷ്ട്രീയമായി ഉപയോഗിക്കാൻ നോക്കുന്നു എന്ന ആരോപണം ഒരു വശത്ത്. ഇത്തരം സമയത്ത് സർക്കാരിനൊപ്പം നിൽക്കുന്നതിനുപകരം പ്രതിപക്ഷമാണ് രാഷ്ട്രീയമായി ഉപയോഗിക്കുന്നതെന്ന് ബി.ജെ.പി.
സംഘർഷം വർധിക്കുകയാണെങ്കിൽ തെരഞ്ഞെടുപ്പ് മാറ്റി വെക്കാനും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുമുളള സാധ്യതയും ചില രാഷ്ട്രീയ നിരീക്ഷകരെങ്കിലും കാണുന്നു. മറ്റൊരു സാഹചര്യത്തിലാണെങ്കിലും പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സംഭവം മറക്കാറായിട്ടില്ലല്ലോ.
തീർച്ചയായും മറക്കാൻ പാടില്ലാത്ത ഒന്നാണ് അടിയന്തരാവസ്ഥ. ഇനിയൊരു അടിയന്തരാവസ്ഥ വരുകയാണെങ്കിൽ അന്നത്തേക്കാൾ ഭയാനകമായിരിക്കും എന്നതിൽ സംശയമില്ല. അതിനാൽ തന്നെ അടിയന്തരാവസ്ഥയിൽ നടന്ന മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാൻ പാടില്ലാത്തതാണ്. അതേകുറിച്ചറിയാത്ത യുവതലമുറയെ ഓർമ്മിപ്പിക്കേണ്ടതുമാണ്. കാര്യമായ പീഡനങ്ങൾ നടന്നിട്ടില്ല എന്നവകാശപ്പെടുന്ന കേരളത്തിൽ പോലും നടന്ന പോലീസ് ഭീകരതയെ കുറിച്ചറിയാത്തവരാണ് പുതിയ തലമുറയിലെ പലരും. അവിടെയാണ് മാർച്ച് 2 എന്ന ദിവസം പ്രസക്തമാകുന്നത്. രാജൻ എന്ന അടിയന്തരാവസ്ഥയിലെ ഏറ്റവും അറിയപ്പെടുന്ന രക്തസാക്ഷി കൊല്ലപ്പെട്ട ദിനം. എന്നാൽ ഈ ദിനം ഇത്തവണപോലും കേരളത്തിൽ കാര്യമായി ആരും ഓർത്തില്ല എന്നതാണ് സത്യം.
കേരള രൂപീകരണത്തിനുശേഷം ഉണ്ടായ ഏറ്റവും പ്രമാദമായ കേസ് ഏതാണെന്നു ചോദിച്ചാൽ രാജൻ കേസെന്ന മറുപടിയാണ് പറയാൻ കഴിയുക. അടിയന്തരാവസ്ഥകാലത്ത് താരതമ്യേന ശാന്തവും അക്രമരഹിതവുമെന്ന് പ്രകീർത്തിക്കപ്പെട്ടിരുന്ന കേരളത്തിൽ ലോക്കപ്പിൽ വെച്ച് കോഴിക്കോട് റീജിയണൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥിയായിരുന്ന രാജൻ ഭയാനകമായ രീതിയിൽ പീഡിപ്പിക്കപ്പെട്ട് കൊല്ലപ്പെടുകയായിരുന്നു. അടിയന്തരാവസ്ഥക്കുശേഷം നടന്ന തെരഞ്ഞെടുപ്പിൽ പ്രബുദ്ധരല്ല എന്ന് നാം പുച്ഛിക്കുന്ന സംസ്ഥാനങ്ങളെല്ലാം കോൺഗ്രസിനെ തൂത്തെറിഞ്ഞപ്പോൾ കേരളം വീണ്ടും കരുണാകരനെ അധികാരത്തിലെത്തിച്ച സംഭവം ഇന്നും ചർച്ച ചെയ്യപ്പെടുന്നതാണ്. അതേസമയം വളരെ കുറച്ചുപേരുടെ മാത്രം പിന്തുണയോടെ, മകനെന്തു സംഭവിച്ചെന്നറിയാനും കുറ്റവാളികൾ ശിക്ഷിക്കപ്പെടാനും വേണ്ടി രാജന്റെ പിതാവ് ഈച്ചരവാരിയർ നടത്തിയ ഐതിഹാസിക പോരാട്ടം ലോകചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ഒന്നായി മാറി. കരുണാകരന്റെ കസേര തെറിക്കുന്നതടക്കം നിരവധി സംഭവങ്ങൾക്ക് അതു കാരണമായി. എന്നാൽ മകനെന്തു സംഭവിച്ചു എന്നു കൃത്യമായി അറിയാനോ കുറ്റവാളികൾ ശിക്ഷിക്കപ്പെടുന്നതു കാണാനോ അദ്ദേഹത്തിനായില്ല എന്നതും പ്രധാനമാണ്.
ജനാധിപത്യവും മനുഷ്യാവകാശങ്ങളുമെല്ലാം നിഷേധിച്ച അടിയന്തരാവസ്ഥക്കാലത്ത് അതിനെതിരെ ശക്തമായി പ്രതികരിച്ചത് വളരെ കുറച്ചു കൂട്ടരായിരുന്നു. അവരിൽ മുഖ്യം നക്‌സലൈറ്റുകളായിരുന്നു. കേരളത്തിൽ നക്‌സലുകളെ പിടികൂടുക എന്ന ഉദ്ദേശ്യത്തോടെ കക്കയം, ശാസ്തമംഗലം എന്നിവിടങ്ങളിൽ രണ്ട് പോലീസ് ക്യാമ്പുകൾ തുറന്നിരുന്നു. കക്കയം ക്യാമ്പിൽ മലബാർ സ്‌പെഷ്യൽ പോലീസിനെയായിരുന്നു പ്രധാനമായും വിന്യസിച്ചിരുന്നത്. കേരളത്തിലെ പ്രധാന നക്‌സലാക്രമണങ്ങളിൽ പലതും പോലീസ് സ്റ്റേഷനുകൾക്കെതിരായിരുന്നതിനാൽ നക്‌സലൈറ്റുകളെ പോലീസിനു ഭയവും വെറുപ്പുമായിരുന്നു. അക്കാലത്തു നടന്ന കായണ്ണ സ്‌റ്റേഷനാക്രമണം പോലീസിനെയും സർക്കാരിനേയും ഞെട്ടിച്ചിരുന്നു.
കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളേജിൽ അവസാന വർഷ വിദ്യാർത്ഥി ആയിരുന്നു അന്ന് രാജൻ. ഗായകനും കോളേജിലെ ആർട്‌സ് ക്ലബ് സെക്രട്ടറിയുമായിരുന്നു. കായണ്ണ പോലീസ് സ്റ്റേഷനിൽ ഉണ്ടായ നക്‌സലൈറ്റ് ആക്രമണത്തെ തുടർന്ന്, അതിൽ പങ്കാളിയായ ഒരു രാജനെ തിരഞ്ഞുവന്ന പോലീസാണ് ഈ രാജനെ പിടിച്ചുകൊണ്ടുപോയത്. കോളേജിൽ മന്ത്രി വെള്ള ഈച്ചരൻ സന്നിഹിതനായിരുന്ന ഒരു ചടങ്ങിൽ അദ്ദേഹത്തെ അവഹേളിക്കുന്ന ഗാനമവതരിപ്പിച്ചതിനാണ് രാജനെ പോലീസ് കൊണ്ടുപോയത് എന്നും പറയപ്പെടുന്നുണ്ട്. ലങ്കാദഹനം എന്ന ചലച്ചിത്രത്തിലെ 'കനക സിംഹാസനത്തിൽ കയറിയിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ ..' എന്ന് തുടങ്ങിയ ഗാനം രാജൻ ആലപിച്ചത്രെ. രാജന്റെ മുറിയിൽ നക്‌സലൈറ്റ് പ്രവർത്തകൻ മുരളി കണ്ണമ്പിള്ളി വരാറുണ്ടെന്നും അദ്ദേഹത്തെ കുറിച്ചറിയാനായിരുന്നു കൊണ്ടുപോയതെന്നും പറയുന്നവരുണ്ട്. എന്തായാലും രാജൻ സജീവമായ നക്‌സലൈറ്റ് പ്രവർത്തകനായിരുന്നു എന്നു പറയാനാകില്ല.
1976 മാർച്ച് ഒന്നിന് പുലർച്ചെ 6:30 നായിരുന്നു രാജനെ പോലീസ് കസ്റ്റഡിയിലെടുത്ത് കക്കയം പോലീസ് ക്യാമ്പിലേക്ക് കൊണ്ടുപോയത്. കുപ്രസിദ്ധനായിരുന്ന ഡി.ഐ.ജി. ജയറാം പടിക്കലിനായിരുന്നു ക്യാമ്പിന്റെ ചുമതല. രാജനെ ചോദ്യം ചെയ്തത്, സബ് ഇൻസ്‌പെക്ടർ പുലിക്കോടൻ നാരായണൻ അടങ്ങുന്ന സംഘമായിരുന്നു. രാജനോടൊപ്പം കേരളത്തിലെ പ്രമുഖ ഓട്ടോമൊബൈൽ വ്യാപാരസ്ഥാപനമായിരുന്ന പോപ്പുലറിന്റെ പങ്കാളികളിലൊരാളായ പോൾ ചാലിയുടെ മകൻ ജോസഫ് ചാലിയേയും, കസ്റ്റഡിയിലെടുത്തിരുന്നു. പക്ഷെ ജോസഫ് ചാലിയെ രക്ഷപ്പെടുത്താൻ പോൾ ചാലിക്ക് സാധിച്ചു.
സബ് ഇൻസ്‌പെക്ടർ പുലിക്കോടൻ നാരായണന്റെ നേതൃത്വത്തിൽ നടന്ന ക്രൂരമർദ്ദനത്തിലും ഉരുട്ടലിലുമാണ് രാജൻ കൊല്ലപ്പെട്ടതെന്ന് അക്കാലത്ത് ക്യാമ്പിൽ ഇതേ രീതിയിൽ പീഡിപ്പിക്കപ്പെട്ട പലരും വ്യക്തമാക്കിയിട്ടുണ്ട്. പുലിക്കോടനൊപ്പം വേലായുധൻ, ജയരാജൻ, ലോറൻസ് എന്നീ പോലീസുകാരാണ് രാജനെ ഉരുട്ടിയതെന്നും ബീരാൻ എന്ന പോലീസുകാരൻ ശബ്ദം പുറത്തുവരാതിരിക്കാൻ വായ തുണിയുപയോഗിച്ച് അടച്ചുപിടിച്ചിരുന്നുവെന്നും സഹതടവുകാരൻ പറഞ്ഞിട്ടുണ്ട്. മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം പോലീസ് ജീപ്പിലിട്ട് എങ്ങോട്ടോ കൊണ്ടുപോയി. മൃതദേഹം വയർ കീറി പുഴയിലിട്ടുവെന്നും പഞ്ചസാരയിട്ട് പൂർണമായി കത്തിച്ചുവെന്നും പറയപ്പെടുന്നു.
വിവരമറിഞ്ഞ് രാജന്റെ പിതാവ് ഈച്ചരവാരിയർ കക്കയം ക്യാമ്പിലെത്തിയെങ്കിലും രാജനെ കണ്ടെത്താനായില്ല. അദ്ദേഹം സുഹൃത്തും പലവട്ടം തന്റെ വീട്ടിൽ ഒളിവിൽ താമസിക്കുകയും ചെയ്തിട്ടുള്ള മുഖ്യമന്ത്രി അച്യുതമേനോനെ കണ്ടെങ്കിലും ഫലമുണ്ടായില്ല. വളരെ മോശമായിരുന്നു അദ്ദേഹത്തിന്റെ സമീപനമെന്ന് പിന്നീട് ഈച്ചരവാര്യർ ആത്മകഥയിൽ പറയുന്നുണ്ട്.
അടിയന്തരാവസ്ഥക്ക് ശേഷം ഈച്ചരവാരിയർ നിയമയുദ്ധം ആരംഭിച്ചു. 1977 മാർച്ച് 25 ന് ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകി. മാർച്ച് 25 നു തിരഞ്ഞെടുപ്പിൽ വിജയിച്ച കരുണാകരൻ മുഖ്യമന്ത്രിയായി. മാർച്ച് 31 ന് രാജനെ പിടിച്ചിട്ടില്ലെന്നും പോലീസ് ക്യാമ്പിന്റെ കഥ വ്യാജമാണെന്നും കേസിൽ പ്രതിയായ 12 പേർ, ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി. കോഴിക്കോട് പോലീസ് സൂപ്രണ്ട് ആയിരുന്ന ലക്ഷ്മണ, ഡി.ഐ.ജി. ജയറാം പടിക്കൽ, ആഭ്യന്തര മന്ത്രി കെ. കരുണാകരൻ, എസ്.ഐ. പുലിക്കോടൻ നാരായണൻ തുടങ്ങിയവരൊക്കെ എതിർ കക്ഷികളായിരുന്നു. ഏപ്രിൽ 13 നു വാദങ്ങളിൽ നിന്ന് രാജനെ പോലീസ് കസ്റ്റഡിയിലെടുത്തു എന്നു മനസ്സിലാക്കിയ കോടതി കോടതിയിൽ ഹാജരാക്കാൻ ഇടക്കാല ഉത്തരവ് നൽകുന്നു. ഏപ്രിൽ 19 നു രാജനെ കോടതിയിൽ ഹാജരാക്കാനാകില്ല എന്നും ശ്രമങ്ങൾ തുടരുന്നു എന്നും സർക്കാർ കോടതിയിലറിയിച്ചു. ഏപ്രിൽ 25നു കോടതിയിൽ വ്യാജസത്യവാങ്മൂലം നൽകുകയും നിയമസഭയെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്‌തെന്ന കാരണത്താൽ കരുണാകരൻ രാജി വെച്ചു. മെയ് 22ന് കക്കയം ക്യാമ്പിൽ നടന്ന മർദ്ദനത്തിനിടയിൽ രാജൻ കൊല്ലപ്പെട്ടെന്ന് കരുണാകരൻ കോടതിയിൽ പുതുക്കിയ സത്യവാങ്മൂലം സമർപ്പിച്ചു. ജൂൺ 13ന് കരുണാകരനും മറ്റുള്ളവരും കുറ്റക്കാരാണെന്നും അവർക്കെതിരെ ഈച്ചരവാരിയർക്ക് ക്രിമിനൽ നടപടി സ്വീകരിക്കാവുന്നതാണെന്നും ഹൈക്കോടതി വിധിച്ചു. നവംബർ 16 നു കോടതി വ്യവഹാരങ്ങൾക്കൊടുവിൽ രാജൻ കൊല്ലപ്പെട്ടെങ്കിലും, കുറ്റക്കാരെ കണ്ടെത്താനായില്ലെന്നും, കരുണാകരൻ അധികാരം ദുർവിനിയോഗം ചെയ്‌തെന്ന് കണ്ടെത്താനായില്ലെന്നുമുള്ള കാരണത്താൽ സുപ്രീം കോടതി കേസ് തള്ളുകയായിരുന്നു.
മകനെന്തു സംഭവിച്ചു എന്നറിയാൻ ഈച്ചരവാരിയർ നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ ചരിത്രം ആത്മകഥാ രൂപത്തിൽ അദ്ദേഹം തന്നെ രചിച്ചത് ഏറെ ചർച്ചചെയ്യപ്പെട്ടു 2004ലെ മികച്ച ആത്മകഥയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ഈ പുസ്തകത്തിനായിരുന്നു.
അടിയന്തരാവസ്ഥ കഴിഞ്ഞ ശേഷം രാജ്യം കടന്നുപോകുന്ന ഇത്തരം നിർണായകഘട്ടങ്ങളിൽ കടന്നുപോന്ന പാതകൾ ഓർമയുണ്ടാകേണ്ടത് വരുംകാല ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള ഊർജമായിരിക്കും.