Sorry, you need to enable JavaScript to visit this website.

ദമാം തർഹീലിലെ വിദേശികളെ മക്കയിലേക്ക് മാറ്റുന്നു

മേജർ. ജന. മുഹമ്മദ് അൽഅസ്മരി

കട ബാധ്യതക്കാർക്ക് ഇനി പ്രത്യേകം സെല്ലുകൾ

ദമാം- കിഴക്കൻ പ്രവിശ്യയിലെ നാടുകടത്തൽ കേന്ദ്രത്തിലെ മുഴുവൻ വിദേശികളെയും ഉടൻ മക്കയിലെ ശുമൈസി ജയിലിലേക്ക് മാറ്റാൻ പദ്ധതി. സൗദി ജയിൽ അതോറിറ്റി മേധാവി മേജർ ജനറൽ മുഹമ്മദ് അൽഅസ്മരി അറിയിച്ചതാണ് ഇക്കാര്യം. കിഴക്കൻ പ്രവിശ്യയിലെ സൗദി തടവുകാരെ ദമാം, അൽകോബാർ ജയിലുകളിലേക്ക് മാറ്റാനും തീരുമാനിച്ചു. കൂടാതെ, സാമ്പത്തിക ബാധ്യത കാരണം തടവിൽ കഴിയുന്നവരെ 'ബിസിനസ് സെന്റേഴ്‌സ്' എന്ന പേരിൽ പ്രത്യേകം സെല്ലുകളിലേക്ക് മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. വൻ സാമ്പത്തിക ബാധ്യത കാരണം തടവിൽ കഴിയുന്ന വ്യവസായികളെ ഇതര കുറ്റവാളികളിൽനിന്ന് വേർതിരിക്കും. ഇവരുടെ സെല്ലുകളിൽ ടെലിഫോൺ, മൊബൈൽ, ഇന്റർനെറ്റ് മുതലായവ ഉപയോഗിക്കാൻ സൗകര്യങ്ങൾ ഏർപ്പെടുത്തും. തടവുകാർക്ക് തങ്ങളുടെ വ്യാപാരം നിയന്ത്രിക്കുന്നതിനും നടത്തുന്നതിനും സൗകര്യം നൽകുന്നതിന്റെ ഭാഗമായാണ് തീരുമാനം. ഇവരുടെ ബാധ്യത വീട്ടുന്നതിന് ഫുർജത് പദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് സൗദി ജയിൽ മേധാവി പറഞ്ഞു. ഇതിന് പുറമെ, തടവുകാരുടെ ക്ഷേമം മുൻനിർത്തി, അവരുടെ ആവശ്യങ്ങളും പരാതികളും ജയിൽ അധികൃതരെ അറിയിക്കുന്നതിനും നിരവധി പദ്ധതികൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 
നിലവിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ജയിലുകൾ രണ്ട് വർഷത്തിനകം അടച്ചുപൂട്ടുമെന്നും മേജർ ജനറൽ മുഹമ്മദ് അൽഅസ്മരി അറിയിച്ചു. ഈ കെട്ടിടങ്ങളെല്ലാം ഗവൺമെന്റ് ഏറ്റെടുക്കാനും നീക്കമുണ്ട്. 
നാല് പ്രവിശ്യകളിൽ വീഡിയോ കോൺഫറൻസ് വഴി വിചാരണ നടത്തുന്നതിനുള്ള കേന്ദ്രങ്ങൾ സ്ഥാപിച്ചതായി അദ്ദേഹം സൂചിപ്പിച്ചു. ഇവ വൈകാതെ നീതിന്യായ മന്ത്രാലയവുമായി ബന്ധിപ്പിക്കും. പബ്ലിക് പ്രോസിക്യൂഷൻ, ഗവർണറേറ്റുകൾ, നീതിന്യായ മന്ത്രാലയം തുടങ്ങിയ ബന്ധപ്പെട്ട ഗവൺമെന്റ് വകുപ്പുകളുമായി സൗദി ജയിലുകളെ ബന്ധിപ്പിക്കുന്നതിന് യൂസർ പ്രോഗ്രാമും വികസിപ്പിച്ചിട്ടുണ്ട്.  
വൈകാതെ, തടവുകാർക്കായി നിരവധി ഫാക്ടറികൾ തുറക്കുമെന്നും ജയിൽ മേധാവി വ്യക്തമാക്കി. റിയാദിൽ 72 ഉം അസീറിൽ 10 ഉം ഫാക്ടറികൾ വൈകാതെ പ്രവർത്തനം ആരംഭിക്കും. മദീന പ്രവിശ്യയിൽ വിദേശ നിക്ഷേപത്തോടെ, ഹജ്, ഉംറ തീർഥാടകർക്കാവശ്യമായ വസ്തുക്കൾ നിർമിക്കുന്നതിന് ഫാക്ടറി സജ്ജമായിട്ടുണ്ട്. ആദ്യമായി ജയിലുകളിൽ നിർമിക്കുന്ന ഇഹ്‌റാം തുണി വൈകാതെ വിപണിയിലെത്തുമെന്നും മേജർ ജനറൽ അൽഅസ്മരി വ്യക്തമാക്കി. 
തടവുകാർക്ക് തൊഴിൽ പരിശീലനവും വിദ്യാഭ്യാസവും നൽകുന്നതിനായി ജയിൽ അതോറിറ്റി ഇതിനോടകം തൊഴിൽ സാമൂഹിക വികസന മന്ത്രാലയം, ഹജ്, ഉംറ കാര്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി ചേർന്ന് 28 ധാരണാപത്രങ്ങൾ ഒപ്പിട്ടുവെന്നും മേജർ ജനറൽ മുഹമ്മദ് അൽഅസ്മരി വ്യക്തമാക്കി. 


 

Latest News