Sorry, you need to enable JavaScript to visit this website.

അപേക്ഷകര്‍ കുറഞ്ഞു: ജിദ്ദ സ്‌കൂള്‍ കെ.ജി വിഭാഗത്തില്‍ അപേക്ഷിച്ചവര്‍ക്കെല്ലാം പ്രവേശനം

ജിദ്ദ- ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ 2019-2020 അധ്യയന വര്‍ഷം കെ.ജി വിഭാഗം പ്രവേശനത്തിന് അപേക്ഷ നല്‍കിയവരില്‍ യോഗ്യരായ മുഴുവന്‍ പേര്‍ക്കും പ്രവേശനം ലഭിക്കാന്‍ സാധ്യത. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അപേക്ഷകരുടെ എണ്ണത്തില്‍ കുറവുണ്ടായതാണ് കാരണം.

പതിവുപോലെ നറുക്കെടുപ്പിലൂടെയാണ് രാവിലെയും  ഉച്ചക്കുശേഷവുമുള്ള ബാച്ചുകളിലേക്ക് കുട്ടികളെ തെരഞ്ഞെടുത്തതെങ്കിലും അപേക്ഷകരായ എല്ലാവര്‍ക്കും ഇക്കുറി നറുക്കു വീണു. മുന്‍ വര്‍ഷങ്ങളില്‍ നറുക്കെടുപ്പില്‍ ഭാഗ്യം തുണക്കാതെ നൂറുകണക്കിനു പേര്‍ക്ക് നിരാശരായി മടങ്ങേണ്ടി വന്നിരുന്നു.


മോഡിയെ കുറിച്ചുള്ള സിനിമയ്ക്കു വേണ്ടി ട്രെയ്ന്‍ ബോഗി തീയിട്ടു നശിപ്പിച്ചു 

ബഹുഭാര്യത്വം അനീതിയെന്ന് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം


എല്‍.കെ.ജി വിഭാഗത്തിലേക്ക് 932 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതില്‍ 500 പേരെ രാവിലെത്തെയും 250 പേരെ ഉച്ചക്കുശേഷവുമുള്ള ബാച്ചുകളിലേക്ക് നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. അവശേഷിക്കുന്നവില്‍ 100 പേരെ രാവിെലത്തെയും 82 പേരെ ഉച്ചക്കു ശേഷവുമുള്ള ബാച്ചുകളിലേക്ക് വെയിറ്റിംഗ് ലിസ്റ്റിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവേശനം ഉറപ്പായ 750 പേരില്‍ എല്ലാവരും എത്താന്‍ ഇടയില്ലാത്തതിനാല്‍ വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും  പ്രവേശനം ലഭിക്കുമെന്നതിനാല്‍ ഇക്കുറി അപേക്ഷ നല്‍കിയവരില്‍ പുറത്താകാനുള്ള സാധ്യത വിരളമാണ്. പ്രവേശനം സാധ്യമായവരില്‍ 60 ശതമാനം പുതിയ അപേക്ഷകരും 40 ശതമാനം സ്‌കൂളില്‍ പഠിക്കുന്ന കുട്ടികളുടെ സഹോദരങ്ങളുമാണ്.
യു.കെ.ജിക്ക് അപേക്ഷിച്ചിരുന്നവരില്‍ എല്ലാവരേയും വെയിറ്റിംഗ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെത്തെയും ഉച്ചക്കു ശേഷവുമുള്ള ബാച്ചുകളിലേക്കായി 225 ഓളം പേരെയാണ് തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ഇവര്‍ക്ക് ഒഴിവു വരുന്ന മുറക്കായിരിക്കും പ്രവേശനം ലഭിക്കുക. മെയ് 30 വരെയാണ് വെയിറ്റിംഗ് ലിസ്റ്റ് കാലാവധി.
മറ്റു ക്ലാസുകളിലേക്ക് അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ഈ മാസം അവസാന വാരം പ്രവേശന പരീക്ഷ നടത്തും. ഇതിലെ യോഗ്യതയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം നല്‍കുക. നടപ്പ് അധ്യയന വര്‍ഷം പൂര്‍ത്തിയാകുന്നതോടെ നിരവധി കുട്ടികള്‍ നാട്ടിലേക്ക് പോകാന്‍ സാധ്യതയുള്ളതിനാല്‍ ഈ വര്‍ഷം എല്ലാ ക്ലാസുകളിലേക്കും വളരെ നേരത്തെതന്നെ അപേക്ഷ ക്ഷണിച്ചിരുന്നു. പോകാന്‍ സാധ്യതയുള്ളവരുടെ എണ്ണം മുന്‍കൂട്ടി തിട്ടപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രക്ഷിതാക്കള്‍ക്ക് കുട്ടികള്‍ പഠനം തുടരുന്നുണ്ടോ, ഇല്ലയോ എന്ന് രേഖപ്പെടുത്താന്‍ ആവശ്യപ്പെട്ട് സ്‌കൂള്‍ അധികൃതര്‍ കഴിഞ്ഞ മാസം നോട്ടീസ് നല്‍കിയിരുന്നു. നാട്ടിലേക്ക് മടങ്ങേണ്ടി വരുമോ ഇല്ലയോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നതിനാല്‍ ഇതിനു പല രക്ഷിതാക്കളും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. എന്തായാലും ഒട്ടേറെ പേര്‍ പോകാന്‍ സാധ്യതയുള്ളതുകൂടി കണക്കിലെടുത്താണ് എല്ലാ ക്ലാസുകളിലേക്കും ഈ വര്‍ഷം വളരെ നേരത്തെതന്നെ അപേക്ഷ ക്ഷണിച്ചത്. നാട്ടിലേക്ക് പോകാന്‍ ഉദ്ദേശിക്കാത്ത സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്ന കുട്ടികളാണ് അധികപേരും ഒന്നു മുതല്‍ 11 വരെ ക്ലാസുകളിലേക്ക് പ്രവേശനം തേടിയിട്ടുള്ളത്. ഇവരില്‍ ബഹുഭൂരിഭാഗത്തിനും ഇന്ത്യന്‍ സ്‌കൂളില്‍ പ്രവേശനം സാധ്യമാകുമെന്നതിനാല്‍ ഇത് സ്വകാര്യ സ്‌കൂളുകളെ പ്രതികൂലമായി ബാധിക്കും. കുട്ടികളുടെ ക്ഷാമം മൂലം കഴിഞ്ഞ അധ്യയന വര്‍ഷം മലയാളി മാനേജ്‌മെന്റിനു കീഴിലെ രണ്ട് സ്വകാര്യ സ്‌കൂളുകള്‍ പൂട്ടിയിരുന്നു.
നറുക്കെടുപ്പിന് പുതിയ മാനേജിംഗ് കമ്മിറ്റി അംഗങ്ങളും കോണ്‍സുലേറ്റ് പ്രതിനിധിയും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് നജീബ് ഖൈസും മേല്‍നോട്ടം വഹിച്ചു. മാനേജിംഗ് കമ്മിറ്റി ചുമതലയേറ്റതിന്റെ പിറ്റേ ദിവസമായിരുന്നു നറുക്കെടുപ്പ്. കെ.ജി സെക്ഷനിലേക്കുള്ള പ്രവേശന നടപടികള്‍ ആരംഭിച്ചതായും രണ്ടാഴ്ചക്കകം ഇതു പൂര്‍ത്തിയാക്കുമെന്നും പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് പറഞ്ഞു.

 

 

 

 

Latest News