Sorry, you need to enable JavaScript to visit this website.

ബഹുഭാര്യത്വം അനീതിയെന്ന് അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം

കെയ്‌റോ- ബഹുഭാര്യത്വം സ്ത്രീകളോടുള്ള അനീതിയാണും ഇതിനു വേണ്ടി വാദിക്കുന്നവര്‍ ഖുര്‍ആന്‍ പൂര്‍ണാര്‍ത്ഥത്തില്‍ ഗ്രഹിക്കണമെന്നും ഈജിപ്തിലെ പരമോന്നത പണ്ഡിതനായ അല്‍ അസ്ഹര്‍ ഗ്രാന്‍ഡ് ഇമാം ശൈഖ് അഹ്മദ് അല്‍ തയിബ് പറഞ്ഞു. ഒരു ഭാര്യ എന്നതാണ് ചട്ടം. ബഹുഭാര്യത്വം നിയന്ത്രിത അപവാദമാണ്. ഇസ്ലാമില്‍ ഇതു നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഇതില്‍ ന്യായവും ആവശ്യമാണ്. ന്യായമില്ലെങ്കില്‍ ഒന്നിലേറെ ഭാര്യമാര്‍ ഉണ്ടായിരിക്കുക എന്നത് വിലക്കപ്പെട്ടതാണ്- അദ്ദേഹം പറഞ്ഞു. 

ഖുര്‍ആനും പ്രവാചക ചര്യയും മനസ്സിലാക്കാത്തതു കാരണമാണ് ബഹുഭാര്യത്വം ആചരിക്കപ്പെടുന്നത്. ഇത് പലപ്പോഴും സ്ത്രീകളോടും കുട്ടികളോടുമള്ള അനീതിയാണ്- അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യപ്പെടുന്നതില്‍ വലിയ മാറ്റം വേണമെന്നും ശൈഖ് ആവശ്യപ്പെട്ടു. സമൂഹത്തിന്റെ പകുതിയോളം വരും സ്ത്രീകള്‍. ഇവരെ ശ്രദ്ധിച്ചില്ലെങ്കില്‍ ഒറ്റക്കാലില്‍ നടക്കുന്നതു പോലെയാണ്- അദ്ദേഹം പറഞ്ഞു.

ഈജിപ്തിലെ ദേശീയ ടിവിയില്‍ നടത്തിയ പ്രഭാഷണത്തിലാണ് ഗ്രാന്‍ഡ് ഇമാമിന്റെ പ്രസ്താവന. ഇതു സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി. ഗ്രാന്‍ഡ് ഇമാമിന്റെ പ്രസ്താവന ഈജിപ്തിലെ ദേശീയ വനിതാ കൗണ്‍സില്‍ സ്വാഗതം ചെയ്തു.
 

Latest News