റിയാദ്- രാജ്യസുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവെന്ന കാരണത്താൽ 21 ദിവസത്തിനിടെ 50 പേർ സൗദിയിൽ അറസ്റ്റിലായി. എട്ട് രാജ്യങ്ങളിലെ പൗരന്മാരാണ് ദേശീയ സുരക്ഷാ ഏജൻസിയുടെ പിടിയിലായത്. ഇവരിൽ ബഹുഭൂരിപക്ഷവും സ്വദേശികളാണ്. 30 സൗദി പൗരന്മാരാണ് വിധ്വംസക പ്രവർത്തനങ്ങളുടെ പേരിൽ വിചാരണ കാത്തുകഴിയുന്നത്. ആറ് ഫലസ്തീനികളും യെമൻ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ നാല് വീതം പൗരന്മാരും മൂന്ന് ജോർദാനികളും പിടിയിലായവരിൽ ഉൾപ്പെടും. ഫിലിപ്പൈൻസ്, സിറിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിലെ പൗരത്വമുള്ള ഓരോരുത്തരുമാണ് അറസ്റ്റിലായത്.
ഇതോടെ ദേശദ്രോഹ കേസുകളിൽ അറസ്റ്റിലായ ആകെ പ്രതികളുടെ എണ്ണം 5412 ആയി. ഇവരിൽ 4360 പേരും സ്വദേശികളാണ്. വിദേശ തടവുകാരിൽ യെമൻ (366), സിറിയ (246), ഈജിപ്ത് (79), പാക്കിസ്ഥാൻ (72) എന്നീ രാജ്യങ്ങളിലെ പ്രതികളാണ് മുൻപന്തിയിൽ. 36 സുഡാനികളും 25 വീതം ജോർദാനികളും ഫലസ്തീനികളും ദേശീയ സുരക്ഷാ ഏജൻസി അറസ്റ്റിലായ പട്ടികയിലുണ്ട്.