അമിത് ഷാ നിര്‍ത്തിപ്പൊരിച്ചിട്ടും കേരളത്തിലെ ബി.ജെ.പി പോരില്‍തന്നെ

കോട്ടയം- തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും കടുത്ത ഗ്രൂപ്പിസത്തില്‍ ഉലഞ്ഞ്് ബി.ജെ.പി. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ കേരള ഘടകത്തെ ബാധിച്ച  ഈ പ്രശ്‌നത്തില്‍ ദേശീയ നേതൃത്വം അസ്വസ്ഥമാണ്. ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ നടത്തുന്ന പല യോഗങ്ങളിലും നേതാക്കളെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുന്നതിന് പ്രധാന കാരണവും ഈ പ്രശ്‌നമാണ്. പാര്‍ട്ടിക്ക് കേരളത്തില്‍ കാര്യമായ നേട്ടം കൈവരിക്കുന്നതിന് വിഘാതമാകുന്നതും ഗ്രൂപ്പിസമാണെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തവണ പാലക്കാട് എത്തിയപ്പോഴും ദേശീയ അധ്യക്ഷന്‍ ബി.ജെ.പി നേതാക്കളെ നിര്‍ത്തി പൊരിച്ചു. ഓരോ മണ്ഡലത്തിലും എത്ര വോട്ടു കിട്ടും, എത്ര വോട്ട് വര്‍ധിക്കും എന്നീ ചോദ്യങ്ങള്‍ ആവര്‍ത്തിച്ചതോടെ പലരും വെള്ളം കുടിച്ചു. സ്ഥാനാര്‍ഥിമോഹികളെ എഴുന്നേല്‍പ്പിച്ച് നിര്‍ത്തിയ ശേഷമായിരുന്നു അമിത് ഷായുടെ പതിവ് ശൈലിയിലുളള പരിഹാസമെന്നാണ് റിപ്പോര്‍ട്ട്്. ശബരിമല സമരം പാര്‍ട്ടിക്ക്് നേട്ടമായെങ്കിലും ഒരു ഘട്ടത്തില്‍ അതിന്റെ മേല്‍ക്കോയ്മ നഷ്ടപ്പെടുത്തി എന്നു തന്നെയാണ് ഒരു വിഭാഗത്തിന്റെ വിശ്വാസം. സെക്രട്ടറിയേറ്റ് നടയിലേക്ക് സമരം മാറ്റിയതും പിന്നീട് അത് വഴിപാടാക്കിയതും ചില രഹസ്യചരടുവലികളുടെ ഭാഗമാണെന്ന്് ഒരു വിഭാഗം കരുതുന്നു. പാര്‍ട്ടിക്ക് കേരളത്തിലുളള സാധ്യത മുഴുവന്‍ നീക്കുപോക്കു രാഷ്ട്രീയത്തിന്റെ ഭാഗമായി ചില നേതാക്കള്‍ തകര്‍ക്കുന്നുവെന്ന ചിന്ത പല പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ഉണ്ട്്. ഇത്് കത്തുകളിലൂടെ ദേശീയ നേതൃത്വത്തെ  ധരിപ്പിച്ചിട്ടുണ്ട്്.
ബി.ജെ.പിയുടെ രണ്ട് മുന്‍ സംസ്ഥാന പ്രസിഡന്റുമാരുടെ നേതൃത്വത്തിലുളള ഗ്രൂപ്പാണ് ദേശീയ നേതൃത്വത്തിന് ഏറെ നാളായി തലവേദനയായിരിക്കുന്നത്്. ഇവരെ രണ്ടു പേരെയും കേരളത്തില്‍നിന്നും പാര്‍ട്ടി ചുമതല നല്‍കി മാറ്റിയിട്ടും കാര്യങ്ങള്‍ പഴയപടിയാണ്. ഇരുവരുടെയും പോര്‍വിളിയില്‍ സഹികെട്ടപ്പോഴാണ്
കുമ്മനം രാജശേഖരനെ സംസ്ഥാന അധ്യക്ഷപദത്തിലേക്ക്് കൊണ്ടുവന്നത്്. നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്നിട്ടും കാര്യമായ നേട്ടം കൈവന്നില്ല. ഒരു മുന്‍ സംസ്ഥാന പ്രസിഡന്റിന്റെ ഗ്രൂപ്പ് കുമ്മനത്തോട് ആഭിമുഖ്യം പ്രകടിപ്പിച്ചു. ഇതോടെയാണ് സംസ്ഥാന പ്രസിഡന്റായി പി.എസ് ശ്രീധരന്‍പിളളയെ നിയമിച്ചത്്. നായര്‍ സമുദായ സംഘടനകളുമായി അടുത്ത ബന്ധമുളള പിളളയെ നിയോഗിച്ചത്് ബിജെപിയുടെ കേരള രാഷ്ട്രീയം പുതിയ തലത്തിലേക്ക് വളര്‍ത്താനായിരുന്നു. ശബരിമല സമരവും മുന്നോക്ക സംവരണവും എന്‍എസ്എസിനെ പാര്‍ട്ടിയോട് അടുപ്പിച്ചെങ്കിലും ബിഡിജെഎസും എസ്എന്‍ഡിപി യോഗവും അകന്നു. ഇതിന് പിന്നിലും ബിജെപിയിലെ എതിര്‍ വിഭാഗമാണെന്നാണ് ആരോപണം.

ശബരിമല സമരം പാര്‍ട്ടിയിലെ ഓരോ നേതാക്കളും സ്വന്തം പ്രതിച്ഛായ വര്‍ധനവിന് ഉപയോഗിച്ചതാണ് പ്രശ്‌നങ്ങള്‍ വഷളാക്കിയതെന്ന അഭിപ്രായവും ഉണ്ട്്. പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തില്‍ മനംമടുത്ത് ഒരു വിഭാഗം ശിവസേനയിലേക്ക് കൂടുമാറാന്‍ തീരുമാനിച്ചതായും സൂചനയുണ്ട്്. ബിജെപിയിലെ നേതൃതല ഭിന്നത തീര്‍ക്കാന്‍ അടിയന്തര നടപടിക്കായി ആര്‍എസ്എസ് രംഗത്ത് വന്നതായി സൂചനയുണ്ട്്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് ദേശീയ നേതൃത്വം ഫീല്‍ഡ് സര്‍വേ വരെ നടത്തുന്നത് നേതാക്കളിലെ പോര് മനസിലാക്കിയാണെന്ന് പറയപ്പെടുന്നു.

 

Latest News