കരിപ്പൂര്‍-ദുബായ് സര്‍വീസ്: എമിറേറ്റ്‌സ് സംഘം എത്തുന്നു

കൊണ്ടോട്ടി- കരിപ്പൂരില്‍നിന്ന് ദുബായിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നതിനുളള സുരക്ഷ വിലയിരുത്തലുകള്‍ക്കായി എമിറേറ്റ്‌സ് വിമാന കമ്പനി സംഘം തിങ്കളാഴ്ച എത്തുന്നു . റണ്‍വേ നവീകരണത്തിനായി 2015ല്‍ നിര്‍ത്തിയ സര്‍വീസുകളാണ് എമിറേറ്റ്‌സ് പുനരാരംഭിക്കുന്നത്.
 സാങ്കേതിക വിഭാഗത്തിലെ ഉദ്യോഗസ്ഥരാണ് എത്തുന്നത്. കരിപ്പൂര്‍-ദുബായ് സെക്ടറില്‍ കോഡ് ഇ വിഭാഗത്തിലെ ബി 777-300 ഇ.ആര്‍, ബി 777-200 എല്‍.ആര്‍, എ 330 എന്നിവയില്‍ ഏതെങ്കിലും ഉപയോഗിച്ചായിരിക്കും സര്‍വീസ് നടത്തുക. വിമാനങ്ങളുടെ സാങ്കേതിക വിശദാംശങ്ങള്‍ വിമാന കമ്പനി അതോറിറ്റിക്ക് നേരത്തെ കൈമാറിയിട്ടുണ്ട്. വിമാനത്താവള ഡയറക്ടര്‍, വ്യോമ ഗതാഗതം (എ.ടി.സി), എ.ടി.സി. സേഫ്റ്റി ഓഫീസര്‍, കമ്മ്യൂണിക്കേഷന്‍ ആന്‍റ് നാവിഗേഷന്‍, എന്‍ജിനീയറിങ്, ഗ്രൗണ്ട് ഹാന്‍ഡ്‌ലിംഗ് തുടങ്ങി കരിപ്പൂരിലെ വിവിധ വകുപ്പുകളും എമിറേറ്റ്‌സും സംയുക്തമായാണ് റിപ്പോര്‍ട്ട് വിലയിരുത്തുക. അതോറിറ്റിയും വിമാന കമ്പനിയും സംയുക്തമായി തയാറാക്കിയ സുരക്ഷ വിലയിരുത്തല്‍, വിമാനകമ്പനി നടത്തിയ സുരക്ഷ വിലയിരുത്തല്‍, നടത്തിപ്പ് ക്രമം, ഫ്‌ളൈറ്റ് പ്ലാന്‍ ഡാറ്റ, സര്‍വീസ് ആരംഭിക്കുന്നതിനായി വിമാനകമ്പനി നല്‍കിയ അപേക്ഷ തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് അന്തിമ അനുമതിക്കായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി.ജി.സി.എ) കൈമാറുക.

 

Latest News