പഠനവൈകല്യമുള്ള കുട്ടികളുടെ ചെലവില്‍ രാഹുലിനേയും സോണിയയേയും ട്രോളി മോഡിയുടെ തമാശ; വിവാദമായി

ന്യുദല്‍ഹി- പഠനവൈകല്യമുള്ള കുട്ടികളെ സഹായിക്കുന്ന സംവിധാനത്തെ കുറിച്ച് ഒരു വിദ്യാര്‍ത്ഥിനി സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടയില്‍കയറി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും അമ്മ സോണിയാ ഗാന്ധിയേയും വ്യംഗ്യേന പരിഹസിച്ചത് സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനത്തിനിടയാക്കി. ശനിയാഴ്ച രാത്രി നടന്ന സ്മാര്‍ട് ഇന്ത്യാ ഹാക്കത്തണ്‍ 2019 എന്ന പരിപാടിയുടെ ഭാഗമായുള്ള വിഡിയോ കോണ്‍ഫറന്‍സിലൂടെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയാണ് തീര്‍ത്തും അനവസരത്തില്‍ മോഡി തമാശ പൊട്ടിച്ചത്. 

വായിക്കാനും എഴുതാനും അക്ഷരങ്ങള്‍ തിരിച്ചറിയാനും പ്രയാസം നേരിടുന്ന പഠന വൈകല്യമായ ഡിസ്‌ലെക്‌സിയ ഉള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്നതിന് കണ്ടെത്തിയ പുതിയ ആശയം ഡെറാഡൂണില്‍ നിന്നുള്ള ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനി മോഡിയുമായി പങ്കുവയ്ക്കുകയായിരുന്നു. 'താരെ സമീന്‍ പര്‍ എന്ന സിനിമയില്‍ കണ്ടപോലെ പഠനത്തിലും എഴുത്തിലും വളരെ മന്ദഗതിയിലായ എന്നാല്‍ നല്ല ബുദ്ധിശക്തിയും സര്‍ഗാത്മകതയുമുള്ള ഡിസ്‌ലെക്‌സിയ ഉള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാന്‍ ഞങ്ങളുടെ പക്കല്‍ ഒരു ആശയമുണ്ട്'  എന്ന് വിദ്യാര്‍ത്ഥിനി പറഞ്ഞപ്പോഴാണ് മോഡി ഇടപെട്ടത്.

'ഈ സംവിധാനം 40-50 വയസ്സ് പ്രായമുള്ള കുട്ടികള്‍ക്കും ഉപകരിക്കുമോ?' എന്നായിരുന്നു മോഡിയുടെ ചോദ്യം. ഇതോടെ വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം ചിരിച്ചു. അതെ, ഇതുപകരിക്കുമെന്ന് മറുപടി നല്‍കിയെങ്കിലും മോഡി നിര്‍ത്തിയില്ല. 'അങ്ങനെയാണെങ്കില്‍ ഇത് ഇത്തരം കുട്ടികളുടെ അമ്മമാരെ സന്തോഷിപ്പിക്കും'- മോഡി ഇതു കൂടി പറഞ്ഞതോടെ സദസ്സില്‍ വീണ്ടും ചിരിപൊട്ടി.

രാഷ്ട്രീയ എതിരാളികളെ വിദ്യാര്‍ത്ഥികളുടെ മുന്നില്‍ വച്ചു മോഡിയുടെ വ്യംഗേന പരിസഹസിച്ച് പലര്‍ക്കും ദഹിച്ചില്ല. സംഭാഷണത്തിന്റെ വിഡിയോ സഹിതം പലരും പ്രതിഷേധം ട്വിറ്ററിലും മറ്റും പങ്കുവെച്ചു. പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ഇതു ഭിന്നശേഷിക്കാരായ കുട്ടികളെ മൊത്തം അവഹേളിച്ചതിനു തുല്യമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. തന്റെ പദവിക്ക് യോജിക്കാത്ത രൂപത്തിലുള്ള മോഡിയുടെ തമാശയ്‌ക്കെതിരെ സിപിഎം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി അടക്കമുള്ളവരും പ്രതികരിച്ചു. നേരത്തെ കുട്ടികളെ നഷ്ടപ്പെട്ടവര്‍ ഒരു വര്‍ഷം കഴിഞ്ഞാല്‍ അതു മറക്കുമെന്ന് പറഞ്ഞ് മക്കളെ നഷ്ടപ്പെട്ട രക്ഷിതാക്കളേയും അവഹേളിച്ചിരുന്നു.

Latest News